ഈസ്റ്റര്‍ സ്‌പെഷ്യലായി ബീഫ് തേങ്ങാകൊത്ത് ചേര്‍ത്തു ഉലര്‍ത്തിയത് ഉണ്ടാക്കാം

ബീഫ് പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ് തേങ്ങാകൊത്ത് ചേര്‍ത്ത് ഉലര്‍ത്തിയത്. കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. അപ്പത്തിനൊപ്പവും പൊറോട്ടയ്‌ക്കൊപ്പവുമെല്ലാം കിടിലന്‍ കോമ്പിനേഷനാണ്. ഈസ്റ്റര്‍ വിരുന്നൊരുക്കാന്‍ ഈ വിഭവവും തയ്യാറാക്കിനോക്കാം.
ചേരുവകള്‍
- ബീഫ് (ചെറിയ കഷ്ണങ്ങളാക്കിയത്)-500 ഗ്രാം
- മുളകുപൊടി -ഒരു ടേബിള്‍സ്പൂണ്‍
- മല്ലിപൊടി -രണ്ട് ടേബിള്‍സ്പൂണ്‍
- ഗരം മസാല -അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
- ഇഞ്ചി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
- ചെറിയ ഉള്ളി -നാല് എണ്ണം
- വെളിച്ചെണ്ണ - ആവശ്യത്തിന്
- കറിവേപ്പില -രണ്ട് തണ്ട്
- തേങ്ങ കൊത്ത് (വറുത്തത്) -കാല്‍ കപ്പ്
- ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കേണ്ട രീതി
ആദ്യം കഴുകി വൃത്തിയാക്കിയ ബീഫില്‍ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല, ഇഞ്ചി, തേങ്ങ കൊത്ത്, ഉപ്പ് എന്നിവ ചേര്‍ത്തു വേവിക്കുക. കുക്കറില്‍ വെള്ളം ഒഴിക്കാതെ വേണം വേവിക്കാന്‍. ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ടു മൂപ്പിച്ചെടുക്കണം. ഇതിലേയ്ക്ക് കുരുമുളകുപൊടിയും വെന്ത ഇറച്ചിയും ചേര്‍ത്തുകൊടുക്കാം. തുടര്‍ന്ന് വെള്ളം വറ്റിച്ച് നന്നായി വരട്ടി എടുക്കാം.
Content Highlights: Kerala style Beef Ularthiyathu with Thenga Kothu