ചമ്മന്തി പോലൊരു മെക്‌സിക്കന്‍ വിഭവം; ഇനി കടകളില്‍ ഈ പഴം കണ്ടാൽ എടുക്കാന്‍ മടിക്കണ്ട !

ഗ്വക്കമോളീ| ഫോട്ടോ:Guacamole
ഗ്വക്കമോളീ| ഫോട്ടോ:Guacamole

വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ സ്ഥിരമായി കണ്ണിൽപ്പെടുന്ന പഴങ്ങൾക്കു പുറമേ കൗതുകം തോന്നിക്കുന്ന മറ്റ് പഴങ്ങളുമുണ്ടാകും. അങ്ങനെ മലയാളികളുടെ ഇടയിലേക്ക് വന്നവയാണ് ഡ്രാഗൺ ഫ്രൂട്ടും അവക്കാഡോയും എല്ലാം. സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർമാർക്കറ്റുകളിലും മാത്രം ആദ്യം പ്രത്യക്ഷപ്പെട്ടിരുന്ന ഈ പഴങ്ങൾ പതിയെ കൃഷിയിടങ്ങളിലേക്ക് വരെ എത്തിപ്പെട്ടു.

ശ്രീലങ്ക വഴി കേരളത്തിലേക്ക് ഇരുപതാം നൂറ്റാണ്ടിൽ തന്നെ അവക്കാഡോ എത്തിയിരുന്നെങ്കിലും വിപണിയിൽ സുലഭമായി കണ്ടുതുടങ്ങിയത് കഴിഞ്ഞ കുറച്ച് വർഷങ്ങളായാണ്. ഷേക്കും ജ്യൂസും അല്ലാതെ അവക്കാഡോ പ്രധാന കഥാപാത്രമായെത്തുന്ന മറ്റൊരു റെസിപ്പിയുണ്ട്. ഗ്വാക്കമോളി! പറഞ്ഞുവരുമ്പോൾ, അവക്കാഡോ ചമ്മന്തി. മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ നിന്നെത്തിയ അവക്കാഡോ പോലെത്തന്നെ ഈ വിഭവവും മെക്സിക്കൻ സ്വദേശിയാണ്.

പേര് കേട്ടാൽ വലിയ സംഭവമാണെങ്കിലും മറ്റു ചേരുവകൾ അറിഞ്ഞാൽ അസ്സൽ ചമ്മന്തി തന്നെ എന്ന് തോന്നിപ്പോകും. രുചികരമായ ഗ്വാക്കമോളി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകള്‍

  • പഴുത്ത അവക്കാഡോ- 2 എണ്ണം
  • സവാള- 2 എണ്ണം
  • തക്കാളി- ഒന്ന്
  • നാരങ്ങ നീര്
  • മല്ലി ഇല
  • കുരുമുളക് പൊടി
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

സവാളയും തക്കാളിയും ചെറുതായി അരിഞ്ഞ് മാറ്റി വെക്കാം. പഴുത്ത അവക്കാഡോ സ്‌കൂപ്പ് ചെയ്ത് ഒരു പാത്രത്തിൽ വെക്കുക. ചെറുതായി അരിഞ്ഞ മല്ലിയിലയും ഉള്ളിയും ചേര്‍ത്ത്
നന്നായി ഇളക്കുന്നത് ഗ്വക്കമോളിയുടെ സ്വാദ് കൂട്ടും. ഇത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് അവക്കാഡോയും ഉപ്പും ചെർത്ത് ഇളക്കാം. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ക്കാം. ഇതിലേക്ക് പകുതി അരിഞ്ഞ നാരങ്ങാ നീര് പിഴിഞ്ഞൊഴിക്കാം. 

രുചിച്ച് നോക്കി ഉപ്പ് ആവശ്യമെങ്കില്‍ വീണ്ടും ചേര്‍ക്കാം. ഇതിലേക്ക് കുരുമുളക് പൊടി വിതറി വിളമ്പാം.

ഇനി സൂപ്പര്‍മാര്‍ക്കറ്റില്‍ വെണ്ണപ്പഴം കാണുമ്പോള്‍ ബാസ്‌കറ്റിൽ എടുത്തിട്ടോളൂ!
 

Content Highlights: Learn how to make authentic Mexican guacamole with this easy recipe using ripe avocados