ജൂണിലെ മൂന്നാമത്തെ വ്യാഴം: സ്പെയിൻ കാരുടെ 'ടപസ് ഡേ' അഥവാ 'ടച്ചിങ്സ്' ദിനം

ജൂൺ മാസത്തിലെ മൂന്നാമത്തെ വ്യാഴാഴ്ച ലോക 'ടപസ്' ദിനമാണ്. ലോക ശ്രദ്ധ നേടിയ സ്പാനിഷ് ഭക്ഷണ രീതിയാണ് ടപസ്. മദ്യത്തോടൊപ്പം വിളമ്പുന്ന സ്വാദിഷ്ടമായ ചെറുകടികളാണ് ഇവ. അതായത് മദ്യപരുടെ ഭാഷയിൽ പറഞ്ഞാൽ 'ടച്ചിങ്സ്'. സ്പാനിഷ് ബാറുകളിൽ നിന്നാണ് ഈ ടച്ചിങ്സിന്റെ ഉത്ഭവമെന്നാണ് പറയപ്പെടുന്നത്.
സാധാരണ നമ്മുടെ നാട്ടിൽ മദ്യത്തോടൊപ്പം കഴിക്കുന്ന ടച്ചിങ്സായ മിക്സചർ, കടല, അച്ചാർ, ചിപ്സ് മുതലായ ഭക്ഷണസാധനങ്ങൾ പോലയല്ല സ്പെയിൻ കാരുടെ ടപസ്. പ്രത്യേക ഭക്ഷ്യ വസ്തുക്കളും പാചക രീതിയും ടപസിനെ വ്യത്യസ്തമാക്കുന്നു. ലോകപ്രശസ്തമായതോടെ പ്രത്യേക ടപസ് ബാറുകളും ടപസ് ടൂറിസവും സ്പെയിനിൽ സാധാരണമായി. വിനോദ സഞ്ചാരികളെ ഇത്തരം ബാറുകളിലേക്ക് ആകർഷിക്കാനും സ്പാനിഷ് സംസ്കാരത്തിന്റെ ഭാഗമായി അവതരിപ്പിക്കാനും സർക്കാരും ശ്രദ്ധിക്കുന്നു. മദ്യം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ തന്നെ സൗജന്യമായി ടപസും നല്‍കുന്ന ബാറുകളുമുണ്ട് . വേണമെങ്കില്‍ മാത്രം മെനുവില്‍ നിന്ന് തിരഞ്ഞെടുക്കാനാകുവുന്ന ബാറുകളും സ്‌പെയിനിലുണ്ട്. പ്രശസ്തമായതോടെ ലോകമെങ്ങും ടപസിന് ആരാധകരും ഉണ്ടായി. ഇതോടെ മദ്യമില്ലാതെ ടപസ് മാത്രം ലഭ്യമാകുന്ന റസ്റ്റോറന്റുകളും ഇന്ന് വ്യാപകമാണ്.
സ്‌പെയിനിൽ ടപസിന്റെ ഉത്ഭവത്തിന് പിന്നിലെ കഥകൾ നിരവധിയാണ്.
അടപ്പ്, മൂടി എന്നൊക്കെ അര്‍ഥം വരുന്ന ടപ എന്ന സ്പാനിഷ് വാക്കില്‍ നിന്നാണ് ടപസ് എന്ന വാക്ക് വന്നിട്ടുള്ളത്. മദ്യം വിളമ്പുമ്പോള്‍ പ്രാണികളോ പൊടിയോ വീഴാതെയിരിക്കാന്‍ ബ്രഡിന്റെ കഷ്ണം കൊണ്ടോ ചീസ് കൊണ്ടോ പണ്ട് ഗ്‌ളാസ് അടച്ചിരുന്നു. ഇത് മദ്യത്തോടൊപ്പം കഴിക്കുകയും ചെയ്യും. ഇതിൽ നിന്നാണ് ടപസിന്റെ ഉത്ഭവമെന്നാണ് ഒരു കഥ.
അല്‍ഫോണ്‍സോ പതിമൂന്നാമൻ രാജാവ് രോഗബാധിതനായപ്പോള്‍ രോഗശമനത്തിനുവേണ്ടി വൈന്‍ ധാരാളമായി കുടിക്കേണ്ടി വന്നു. വൈനിന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാനായി ലഘു ഭക്ഷണവും അതിനോടൊപ്പം കഴിച്ചു. ഇത് വിജയം കണ്ടതോടെ ജനങ്ങളെല്ലാം മദ്യത്തിനൊപ്പം ലഘു ഭക്ഷണവും കഴിക്കണമെന്ന് രാജാവ് കൽപ്പിച്ചുവെന്നതും ടപസിന് പിന്നിൽ പരക്കുന്ന കഥകളിലൊന്നാണ്.
2016-ല്‍ സ്‌പെയിനിലെ ടൂറിസം ഏജന്‌സിയായ ടുറേസ്പാനയാണ് എല്ലാ വർഷവും ജൂണിലെ മൂന്നാമത്തെ വ്യാഴാഴ്ച ലോക ടപസ് ദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചത്.
Content Highlights: world tapas day- spanish way of having food before drinks