ഡിസംബർ തണുപ്പിൽ ചായ കുടി കൂടിയോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

തണുപ്പ് കൂടുമ്പോൾ ചൂട് നിലനിർത്താൻ ചായയും കാപ്പിയും കൂടുതൽ കുടിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഈ ശീലം ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നതാണ് എയിംസ് റായ്പൂരിലെ ഓർത്തോപീഡിക്, സ്പോർട്സ് ഇഞ്ചുറി സർജനായ ഡോ. ദുഷ്യന്ത് ചൗഹാൻ. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കഫീൻ ഉപഭോഗം, തണുത്ത കാലാവസ്ഥയുമായി ചേരുമ്പോൾ സന്ധികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും മിതത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ചൂടുള്ള പാനീയങ്ങളും അസ്ഥികളുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം അദ്ദേഹം വിവരിക്കുന്നുണ്ട്.
കാർട്ടിലേജിലുണ്ടാകുന്ന വരൾച്ചയും വേദനയും
തണുപ്പുകാലത്ത് ചായയുടെയോ കാപ്പിയുടെയോ അളവ് വർദ്ധിപ്പിക്കുമ്പോൾ, കാൽമുട്ടുകൾക്കുള്ളിലെ തരുണാസ്ഥി (കാർട്ടിലേജ്) കൂടുതൽ ക്ഷതമേൽക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. അസ്ഥികൾക്കിടയിലുള്ള പാളിയായ തരുണാസ്ഥി വരണ്ടുപോകാൻ ഇത് കാരണമാകും. ഇത് സന്ധികളുടെ ദൃഢത വർദ്ധിപ്പിക്കുകയും അസ്ഥികൾ തമ്മിൽ ഉരസുമ്പോൾ കൂടുതൽ വേദന ഉണ്ടാക്കുകയും ചെയ്യും.
തണുപ്പുകാലത്ത് നിർജ്ജലീകരണം സാധാരണമാണെന്ന് കരുതി പലപ്പോഴും ഇത് ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. ചായയും കാപ്പിയും ആശ്വാസം നൽകുമെങ്കിലും ലൂബ്രിക്കേഷനും സന്ധികളുടെ പ്രവർത്തനങ്ങൾക്കും ശരീരത്തിന് ആവശ്യമായ ദ്രവങ്ങൾക്ക് ഇവ പകരമാവില്ല. അതുകൊണ്ടുതന്നെ ചായ ആസ്വദിക്കുന്നതിനൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറയുന്നു.
നിർജ്ജലീകരണം തരുണാസ്ഥിയെ ബാധിക്കുന്നത് എങ്ങനെ?
കാർട്ടിലേജിന്റെ വലിയൊരു ഭാഗം വെള്ളമാണ്. ഇവയുടെ പ്രവർത്തനത്തിന് ജലാംശം അത്യാവശ്യമാണ്. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ തരുണാസ്ഥിയിൽ ജലാംശം നഷ്ടപ്പെടുന്നു. ഇത് സന്ധികളെ സംരക്ഷിക്കാനുള്ള അവയുടെ പ്രവർത്തനക്ഷമത കുറയ്ക്കുന്നു.
കഫീൻ തരുണാസ്ഥിയെ നേരിട്ട് ബാധിക്കുന്നില്ല. തണുപ്പുകാലത്ത് ആളുകൾ വെള്ളത്തിന് പകരം ചായയോ കാപ്പിയോ ഉപയോഗിക്കുമ്പോൾ മൊത്തത്തിലുള്ള ജലാംശം കുറയുന്നതാണ് അപകടം. സന്ധിയിൽ കഫീൻ നേരിട്ട് പ്രവർത്തിക്കുന്നതിനേക്കാൾ, സ്ഥിരമായ ചെറിയ തോതിലുള്ള നിർജ്ജലീകരണം കാർട്ടിലേജിന്റെ ലൂബ്രിക്കേഷനെയും പോഷകങ്ങളുടെ വ്യാപനത്തെയും ബാധിക്കുകയാണ് ചെയ്യുന്നത്.
പ്രതിവിധി
ദിവസം നിരവധി കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നവരാണെങ്കിൽ ശരീരഭാരം അനുസരിച്ച് ദിവസേന 2 മുതൽ 2.5 ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കാം. കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുമ്പോൾ ഒരു ഗ്ലാസ് വെള്ളവും കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.
തണുപ്പുകാലത്തെ സന്ധി സംരക്ഷണത്തിന്റെ ഒരു ഭാഗം മാത്രമാണ് ജലാംശം നിലനിർത്തുന്നത്. വ്യായാമം, സന്ധികൾക്ക് ചുറ്റുമുള്ള പേശീബലം നിലനിർത്തൽ, ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കൽ എന്നിവയും മെച്ചപ്പെട്ട ആരോഗ്യത്തിന് അനിവാര്യമാണ്.
Content Highlights: Discover how excessive winter tea/coffee can impact joint health & cartilage.