ചൂടുകാലത്ത് ശര്‍ക്കര ഉപയോഗിക്കണം; അറിഞ്ഞിരിക്കാം ഗുണങ്ങള്‍

representative image|photo:canva
representative image|photo:canva

പഞ്ചസാര ഒഴിവാക്കുന്നതിന്റെ ഭാഗമായി പലരും ശര്‍ക്കര ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ പ്രകൃതിദത്ത മധുരത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്, അതിനെക്കുറിച്ച് പലര്‍ക്കും ധാരണയില്ല എന്നതാണ് സത്യം. ഇരുമ്പ്, പൊട്ടാസ്യം,കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയവ ശര്‍ക്കരയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

വേനല്‍ക്കാലത്ത് ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് മുംബൈയിലെ സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ ഡോ.വേദിക പ്രേമാനി പറയുന്നു. ശര്‍ക്കരയില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, സോഡിയം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കും.

കൂടാതെ ശരീരത്തെ തണുപ്പിക്കാനും നിര്‍ജ്ജലീകരണം തടയുന്നതിനും ഇവ ഉപകരിക്കും. ശരീര താപനില നിയന്ത്രിക്കാനും ചൂടുള്ള കാലാവസ്ഥയില്‍ ശരീരം തണുക്കാനും ശര്‍ക്കര കഴിക്കുന്നത് നല്ലതാണെന്നും ഡോ.വേദിക പറയുന്നുണ്ട്.

ഇരുമ്പ്, ഫോളേറ്റ് എന്നിവയുടെ നല്ലൊരു സ്രോതസുകൂടിയാണ് ശര്‍ക്കര. ഇത് കഴിക്കുന്നത് ഇരുമ്പിന്റെ കുറവിനെ പരിഹരിക്കാനും വിളര്‍ച്ചയെ തടയാനും ഗുണം ചെയ്യും.രോഗ പ്രതിരോധശേഷി കൂട്ടാനും ഇതില്‍ അടങ്ങിയിരിക്കുന്ന  ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ശര്‍ക്കര ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റിനെ ബാലന്‍സു ചെയ്യുന്നതോടൊപ്പം  മെറ്റാബോളിസത്തിന്റെ നിരക്ക് കൂട്ടുന്നു. അങ്ങനെ ശരീരഭാരം കുറയ്ക്കാനും ഉപകരിക്കും.എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശര്‍ക്കര കഴിക്കുന്നത് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഇത് ഗുണം ചെയ്യും

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: why you must add jaggery to your diet this season