പ്രഭാതഭക്ഷണത്തിലെ ഈ തെറ്റുകള്‍ പ്രമേഹം കൂട്ടും ; ഡയറ്റില്‍ ശ്രദ്ധിക്കാം

പ്രഭാതഭക്ഷണമെന്ന പേരില്‍ എന്തെങ്കിലും കഴിച്ചാല്‍ പോരാ, ആരോഗ്യപ്രദമായ ഭക്ഷണം തന്നെ കഴിച്ചിരിക്കണം. പ്രഭാത ഭക്ഷണത്തില്‍ വരുത്തുന്ന തെറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. പ്രമേഹമുള്ളവരില്‍ പ്രഭാത ഭക്ഷണം കൃത്യമല്ലെങ്കില്‍ വലിയ ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങള്‍ ഒക്കെയാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പ്രഭാത ഭക്ഷണത്തില്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം
ഒരു ദിവസം തുടങ്ങുമ്പോള്‍ ശരീരത്തിന് ശരിയായി ഊര്‍ജം പ്രദാനം ചെയ്യുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. പ്രഭാതഭക്ഷണം മുടക്കിയാല്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയുമേറും. കൂടാതെ പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. രാവിലത്തെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ വിശപ്പ് കൂടും.
ഇത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനുമുള്ള സാധ്യതയും വര്‍ധിപ്പിക്കും. അമിത വണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും ഇത്തരത്തില്‍ കൂടും. അതിനാല്‍ പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ പാടില്ല.രാവിലെ അമിതമായി ഭക്ഷണം കഴിക്കുന്നതും ഷുഗര്‍ നില കൂടാന്‍ കാരണമാകും. അതിനാല്‍ മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുക.
രാവിലെയുള്ള തിരക്കുകളില്‍ എളുപ്പമുള്ള ഭക്ഷണം തിരഞ്ഞെടുക്കാന്‍ നമ്മളില്‍ പലരും ശ്രമിക്കും. അങ്ങനെ പഞ്ചസാര ധാരാളമുള്ള സിറിയലുകള്‍, ചോക്ലേറ്റ്, ഫ്രൈഡ് ബ്രഡ്, ടീകേക്ക്്, പേസ്റ്റ്‌റി തുടങ്ങിയവ ഭക്ഷണങ്ങളും മറ്റ് ജങ്ക് ഫുഡുകളും നാം പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകും.
രാവിലെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ചിലര്‍ ഒഴിവാക്കാറുണ്ട്. അതും പ്രമേഹ സാധ്യതയെ കൂട്ടുന്ന സംഗതിയാണ്. അതിനാല്‍ രാവിലെ ഫൈബര്‍ അടങ്ങിയ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഫ്‌ലാക്‌സ് സീഡ് തുടങ്ങിയവ കഴിക്കാന്‍ ശ്രദ്ധിക്കാം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും പ്രാതലിനായി തിരഞ്ഞെടുക്കണം. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ചിലപ്പോള്‍ പ്രമേഹ സാധ്യതയെ കൂട്ടാം. അതിനാല്‍ രാവിലെ മുട്ട പോലുള്ള പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Diabetes Diet Mistakes To Avoid At Breakfast