കടുത്ത ചൂടില്‍ തളരാതിരിക്കാന്‍ ; ജ്യൂസ് വിശേഷങ്ങളിങ്ങനെ

representative image|photo:canva
representative image|photo:canva

പാലക്കാട്: 'എവിടെ പോണ്...ഇങ്ങട് വെരീ...ത്തിരി വെള്ളം കുടിച്ചിട്ട് പൂകാ...' 40 ഡിഗ്രി എത്തിയ പാലക്കാടന്‍ചൂടില്‍, റോഡിനിരുവശത്തുനിന്നും നമ്മളെ ഇങ്ങനെ മാടി വിളിക്കുന്ന ചിലരുണ്ട്. ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കടകളും ആളുകളും. വെറൈറ്റി കളറില്‍, വെറൈറ്റി രുചിയില്‍. പിന്നെ വിലയൊന്നും നോക്കാണ്ടെ കേറി കുടിക്കന്നെ...കടുത്ത ചൂടില്‍ ഓഫാവാതിരിക്കാന്‍ തത്കാലം ചായയോടും കാപ്പിയോടും വിട. വഴിയോരത്തും കൂള്‍ബാറുകളിലും അരങ്ങുവാഴുന്ന കുറച്ച് പാനീയങ്ങളുടെ കൂള്‍കൂളായ വിശേഷങ്ങളിതാ.

ക്ലാസിക്കാണ്, കളര്‍ഫുള്ളും

പച്ച, മഞ്ഞ, നീല, ചുവപ്പ് നിറങ്ങളില്‍ കമഴ്ത്തി വെച്ചിരിക്കുന്ന സര്‍ബത്ത് കുപ്പികളിലും ചില്ലി സോഡ, മസാല സോഡ, മോര് സോഡ എന്നീ ആര്‍ഭാടങ്ങളിലും വീണുപോകാത്തവര്‍ കുറവാണ്. സിറപ്പ്, കസ്‌കസ്, മുളക്, ടൂട്ടി ഫ്രൂട്ടി, നാരങ്ങ, കടല തുടങ്ങി ചേര്‍ക്കുന്ന ചേരുവകള്‍ക്കുമുണ്ട് വ്യത്യസ്തത. കുലുക്കിസര്‍ബത്ത് തന്നെ കൂട്ടത്തില്‍ കേമന്‍. വന്നുവന്ന് കുടംകലക്കി സര്‍ബത്തുവരെയുണ്ട് ലിസ്റ്റില്‍. മില്‍ക്ക് സര്‍ബത്ത്, പാഷന്‍ഫ്രൂട്ട് സര്‍ബത്ത്, ഓറഞ്ച് സര്‍ബത്ത് അങ്ങനെ വൈവിധ്യങ്ങളേറെയാണ്. കോള്‍ഡ് ബൂസ്റ്റിനും ആവശ്യക്കാരേറെയുണ്ട്.

ഇവരുടെ തട്ട് താണുതന്നെയിരിക്കും

വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ക്കും പുതിയ പരീക്ഷണങ്ങള്‍ക്കുമിടയില്‍ മുങ്ങിപ്പോകാത്ത താരങ്ങളാണ് നാരങ്ങാവെള്ളവും കരിമ്പ് ജ്യൂസും ഇളനീരും. കൂട്ടത്തില്‍ വേറൊരുതാരം കൂടിയുണ്ട് -തണ്ണിമത്തന്‍. സംഭാരവും ലസ്സിയും കൂടിച്ചേര്‍ന്നാല്‍ പട്ടിക പൂര്‍ത്തിയായി. വഴിയോരവിപണി കീഴടക്കിയ ഇവനല്‍കുന്ന ഉന്മേഷം ചില്ലറയൊന്നുമല്ല. എന്തൊക്കെ പുതുമകള്‍വന്നാലും സാധാരണക്കാര്‍ ഇന്നും ആശ്രയിക്കുന്നത് ഇത്തരം പാരമ്പര്യ പാനീയങ്ങളെത്തന്നെയാണ്.

ഈ മുന്തിരിക്കെന്താ ഇത്ര സ്വാദ്

ഒരു ചായകുടിക്കാനായി ഊട്ടിവരെ പോകുന്നവരുടെ കഥകേട്ട് 'വട്ടാണല്ലേ' എന്നു പറഞ്ഞവരില്‍ പാലക്കാട്ടുകാരുമുണ്ട്. ഇതേ പാലക്കാട്ടുകാരാണ് ഒരു മുന്തിരി ജ്യൂസ് കുടിക്കാനായി യാത്രചെയ്ത് സിന്ധു കൂള്‍ബാറില്‍ എത്തുന്നത്. എന്തിനാണെന്ന് ചോദിച്ചാല്‍ ഇവിടത്തെ മുന്തിരിജ്യൂസ് അല്പം സ്‌പെഷ്യലാണ്. മുന്തിരി ബോളുകള്‍പോലെ ജ്യൂസിലങ്ങനെ കിടക്കുന്നത് കൊതിപ്പിക്കുന്ന കാഴ്ചയാണ്. ഇനി ഇതിന്റെ രുചിക്കൂട്ടറിയാനാണ് ശ്രമമെങ്കില്‍ അത് സീക്രട്ടാണെന്നാണ് കൂള്‍ബാര്‍ നടത്തുന്ന സിന്ധു പറയുന്നത്.

ചേട്ടാ.. എത്രയായി?

പഴവര്‍ഗങ്ങളുടെ വിലകൂടിയാല്‍ ജ്യൂസിനും വില കൂടും... വില കുറഞ്ഞാല്‍ ജ്യൂസിനും കുറയും. ഓരോദിവസത്തെയും പഴങ്ങളുടെ വിലയും ജ്യൂസിന്റെ വിലയും എഴുതി ഒട്ടിച്ചുവെച്ചാണ് റോയല്‍ കൂള്‍ബാറിലെ പാനീയങ്ങളുടെ വില്പന. വിലയെത്രയായി എന്നൊരു ചോദ്യം വേണ്ട... കൈയിലുള്ള കാശിന് എന്ത് കുടിക്കാം എന്നു മാത്രം നോക്കിയാല്‍ മതി.

പെട്ടെന്ന് വിറ്റുതീരും

'കുടുംബശ്രീ സംരംഭമാണ് ഇളനീര്‍ ജ്യൂസ് വില്പന. നവംബര്‍പകുതിമുതല്‍ കച്ചവടം തുടങ്ങി. വെള്ളത്തിനും ജ്യൂസിനും ഷെയ്ക്കിനും എല്ലാം ആവശ്യക്കാരുണ്ട്. രാവിലെ 10 മുതല്‍ അഞ്ചുവരെയുള്ള സമയത്ത് തൊട്ടടുത്ത് ഇളനീര്‍ക്കടകള്‍ ഉണ്ടായിട്ടുപോലും തിരക്കുണ്ടാവാറുണ്ട്.'

- ഉഷ, പുതുപ്പരിയാരം

കേട്ടറിഞ്ഞ് വരും

ജ്യൂസുകളൊക്കെയുണ്ടെങ്കിലും സര്‍ബത്തും കോള്‍ഡ്ബൂസ്റ്റും കഴിക്കാനാണ് ഇവിടെ തിരക്ക്.

കേട്ടറിഞ്ഞ് വരുന്നവരാണ് പലരും. മില്‍ക്ക് സര്‍ബത്ത്, നന്നാറി സര്‍ബത്ത്, കുലുക്കി സര്‍ബത്ത് ഇതാണ് എല്ലാവരുടെയും ഫേവറേറ്റ്.

-കമാല്‍, ബെസ്റ്റ് കൂള്‍ബാര്‍, മണപ്പുള്ളിക്കാവ്

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

കാണുന്നതെന്തും വാങ്ങിക്കുടിക്കുന്നവര്‍ ഇത്തിരി ശ്രദ്ധിക്കുന്നത് നല്ലതാണ്. വൃത്തിഹീനമായ വെള്ളമോ പഴങ്ങളോ ഉപയോഗിച്ച് ജ്യൂസ് തയ്യാറാക്കുന്നതും രാസവസ്തുക്കളടങ്ങിയ ഐസ്, കൃത്രിമ നിറങ്ങള്‍ മുതലായവ ഉപയോഗിക്കുന്നതും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. മഞ്ഞപ്പിത്തം, വയറിളക്കം, കോളറ മുതലായവയ്ക്ക് ഇത് കാരണമാവാം. കരള്‍-വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാം.

''ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കൂള്‍ബാറുകളിലും വഴിയോര ജ്യൂസ് കടകളിലും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കര്‍ശന പരിശോധനയുണ്ടാകും. പഴകിയ പഴങ്ങള്‍, പഴകിയ പാല്‍, നിറത്തിന് നിരോധിതവിഭാഗത്തില്‍പ്പെട്ട മാരക രാസവസ്തുക്കള്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് കര്‍ശനമായി തടയും. ഗുണനിലവാരമില്ലാത്ത വെള്ളം ഉപയോഗിക്കുകയോ ഓടകള്‍ക്കുമുകളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയാലും വന്‍തുക പിഴയീടാക്കുകയും നടപടി സ്വീകരിക്കയും ചെയ്യും'' - ഭക്ഷ്യ സുരക്ഷാവിഭാഗം ജില്ലാ നോഡല്‍ ഓഫീസര്‍.

പച്ചമുന്തിരി ജ്യൂസ് ഉണ്ടാക്കിയാലോ

• പച്ചനിറമുള്ള മുന്തിരി -അരക്കിലോ

• ചെറുനാരങ്ങ നീര് -ഒരു ടീസ്പൂണ്‍

• പുതിനയില- 5/6

• പച്ചമുളക് -അരക്കഷ്ണം

• പഞ്ചസാര ആവശ്യത്തിന്

ചേരുവകളെല്ലാം മിക്‌സിയിലിട്ട് അരച്ചെടുക്കണം. ഇത് ഐസ്‌ക്യൂബിട്ട ഗ്ലാസിലേക്ക് ഒഴിച്ചെടുക്കാം. എരിവും പുളിയും മധുരവുമുള്ള കിടിലന്‍ പച്ചമുന്തിരി ജ്യൂസ് റെഡി.

Content Highlights: juices for summer season