അംബാനിയുടെ മകന്റെ വിവാഹ സത്കാരത്തില്‍ സ്ഥാനംപിടിച്ച കേരളത്തില്‍ നിന്നുള്ള യോഗര്‍ട്ട്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിനു മുന്നോടിയായി മാര്‍ച്ച് ആദ്യവാരം നടന്ന വിരുന്നുകള്‍ ആഗോള ശ്രദ്ധ നേടിയതാണ്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയുമൊക്കെ ഉടമകളായ മെറ്റയുടെ സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബെര്‍ഗും മുതല്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് സെലിബ്രിറ്റികളുമൊക്കെ നിറഞ്ഞ സത്കാരത്തില്‍ വിതരണം ചെയ്ത യോഗര്‍ട്ട് കേരളത്തിലെ ഒരു കമ്പനി ഉത്പാദിപ്പിച്ചതാണ്.
തൃശ്ശൂര്‍ ഒരുമനയൂര്‍ സ്വദേശി നഹാസ് ബഷീര്‍ എന്ന യുവ സംരംഭകന്റെ ഉടമസ്ഥതയില്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ക്രെംബെറി' (cremberie.com) എന്ന ഡെയറി സ്റ്റാര്‍ട്ടപ്പിന്റെ യോഗര്‍ട്ടാണ് അനന്ത് അംബാനിയുടെ വിവാഹ സത്കാരത്തിന് വിതരണം ചെയ്തത്. 90 ഗ്രാം വീതമുള്ള 10,000 പാക്കറ്റുകളാണ് വിമാനമാര്‍ഗം കൊണ്ടുപോയത്.
എട്ടുവര്‍ഷം മുന്‍പാണ് ഖത്തറിലെ ജോലി ഉപേക്ഷിച്ച് നഹാസ് ബഷീര്‍ നാട്ടിലെത്തിയത്. സംരംഭകക്കുപ്പായമായിരുന്നു സ്വപ്നം. യോഗര്‍ട്ട് എന്ന ഒരിനം കട്ടത്തൈരിന് നാട്ടില്‍ വലിയ സാധ്യതയുണ്ടാകുമെന്ന് നഹാസിന് തീര്‍ച്ചയായിരുന്നു. മൂന്നു വര്‍ഷമെടുത്തു ആദ്യ ഉത്പന്നം വികസിപ്പിക്കാനും അതെക്കുറിച്ച് പഠിക്കാനും. 2019-ല്‍ സംരംഭത്തിന് തുടക്കമിട്ടെങ്കിലും 2020-ല്‍ കോവിഡ് മഹാമാരിക്ക് തൊട്ടുമുന്‍പാണ് ഉത്പന്നം അവതരിപ്പിച്ചത്. സൗജന്യ സാംപിളുകള്‍ വിതരണം ചെയ്ത് ഉത്പന്നത്തെക്കുറിച്ച് വിശ്വാസം നേടിയെടുക്കാന്‍ നഹാസ് ആ സമയം ചെലവഴിച്ചു.
പ്ലെയിന്‍ യോഗര്‍ട്ടാണ് ആദ്യം അവതരിപ്പിച്ചതെങ്കിലും ഇന്ന് ഫ്രൂട്ട് ബേസ്ഡ് യോഗര്‍ട്ടുകളാണ് ക്രെംബെറിയുടെ ശക്തി. 'ട്രാവന്‍കൂര്‍ ട്രെഡീഷന്‍' എന്ന പേരില്‍ സംഭാരത്തിന്റെ രുചിയിലുള്ള യോഗര്‍ട്ട് അവതരിപ്പിച്ചതും വിപണിയില്‍ ശ്രദ്ധ നേടി. ലസ്സി, തൈര് എന്നിവയാണ് മറ്റ് ഉത്പന്നങ്ങള്‍.
ഇന്ന് കേരളത്തിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ ക്രെംബെറി ഉത്പന്നങ്ങള്‍ ലഭ്യമാണ്. ബെംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ ഏതാനും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉത്പന്നങ്ങള്‍ ഇപ്പോള്‍ ഇടംപിടിച്ചിട്ടുണ്ട്. പല പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബ്രേക്ക് ഫാസ്റ്റ് ബുഫെയില്‍ ക്രെംബെറിയുണ്ട്. ലുലു ഫ്‌ളൈറ്റ് കിച്ചന്‍, കാസിനോ എയര്‍ കാറ്ററേഴ്സ് (സി.എ.എഫ്.എസ്.) എന്നിവ വഴി ഏതാനും വിമാനങ്ങളിലും ക്രെംബെറി ഇടംപിടിച്ചു. വാര്‍ഷിക വിറ്റുവരവ് എട്ടുകോടി രൂപയിലെത്തി നില്‍ക്കുകയാണ്.
തൃശ്ശൂര്‍ ഒരുമനയൂര്‍ മൂന്നാംകല്ല് പണിക്കവീട്ടില്‍ കുറുപ്പത്ത് പരേതനായ പി.കെ. ബഷീറിന്റെയും ഷൈന ബഷീറിന്റെയും മകനാണ് നഹാസ്. നഹാലാണ് സഹോദരന്‍.വിദേശങ്ങളില്‍ ലഭിക്കുന്ന കൂടുതല്‍ ഡെയറി ഉത്പന്നങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയും ഒപ്പം ദക്ഷിണേന്ത്യ മുഴുവന്‍ വിപണിസാന്നിധ്യമുള്ള കമ്പനിയാക്കി ക്രെംബെറിയെ വളര്‍ത്തുകയുമാണ് നഹാസിന്റെ സ്വപ്നം.
Content Highlights: cremberie yogurt from kerala featured in ambanis sons wedding reception