കഥകൾക്കും കവിതകൾക്കും നാടകങ്ങൾക്കും ജീവൻ നൽകിയ ചായക്കടക്കാരൻ, ഇവിടെയുണ്ട് ആ കലാകാരൻ

കടലാശ്ശേരി: ഗ്രാമീണഗാനങ്ങളുടെ പിറവിക്ക് ബീജമായ സൗഹൃദസംഭാഷണങ്ങൾക്ക് മുല്ലനേഴിക്കൊപ്പം ഒത്തുചേരാറുള്ളത് മണലിപ്പുഴയോരത്താണെന്ന് സംഗീതസംവിധായകൻ വിദ്യാധരൻ ഈയിടെ പറഞ്ഞിരുന്നു. ഗ്രാമഭംഗി തുടിക്കുന്ന മണലിപ്പുഴയോരത്തുനിന്നുള്ള മറ്റൊരു പ്രതിഭയാണ് ബാബു അങ്ങാടിപ്പറമ്പിൽ. ഓടൻചിറ റെഗുലേറ്ററിനു സമീപമുള്ള ഓലകൊണ്ട് മറച്ച കൊച്ചു ചായക്കടയിൽ ശ്രദ്ധേയമായ കഥകൾക്കും കവിതകൾക്കും നാടകങ്ങൾക്കും ജീവൻ നൽകിയ ചായക്കടക്കാരൻ.
നല്ലൊരു നടനും സംവിധായകനും എഴുത്തുകാരനുമാണ് ബാബു അങ്ങാടിപ്പറമ്പിൽ. വായനയിൽനിന്നുള്ള അറിവും സംവിധായകൻ പ്രിയനന്ദനൻ ഉൾപ്പെടെയുള്ളവരുടെ കൂടെ പ്രവർത്തിച്ച അനുഭവസമ്പത്തുമായി ബാബു കലാസാഹിത്യരംഗത്ത് വല്ലച്ചിറയുടെ നിറസാന്നിധ്യമാണ്. വല്ലച്ചിറ ഓണാഘോഷഗ്രാമോത്സവത്തിൽ നാടകരചന ഉൾപ്പെടെ സാഹിത്യരചനയിലും അഭിനയത്തിലും പലതവണ വിജയിയായി. ജോസ് ചിറമൽ സംവിധാനം ചെയ്ത മുദ്രാരാക്ഷസത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായിരുന്നു ബാബു.
ഓണാഘോഷമത്സരത്തിൽ 20-ഓളം നാടകങ്ങൾ രചിച്ചു. ‘താഴ്വരയിലെ രാത്രി ‘,മുൻഷി പ്രേംചന്ദിന്റെ 'കഫാൻ' എന്ന പ്രശസ്ത ചെറുകഥ അടിസ്ഥാനമാക്കിയുള്ള ‘ മരിച്ചവർ മരിച്ചവരെ അടക്കം ചെയ്യട്ടെ’ തുടങ്ങിയ നാടകങ്ങൾ അവതരിപ്പിച്ചു.
അമ്പതോളം നാടകങ്ങളിൽ അഭിനയിച്ചു. മുദാരാക്ഷസത്തിലെ ശകടദാസൻ, സച്ചിദാനന്ദന്റെ ‘ഗാന്ധി’ എന്ന നാടകത്തിലെ വയസ്സൻ, ചെമ്പകരാമനിലെ രാജാവ്, പ്രിയനന്ദനന്റെ ‘സമയ’ത്തിലെ വൃദ്ധൻ, ശിഥിലഗോപുരത്തിലെ വേലക്കാരൻ, അരക്കില്ലം നാടകത്തിലെ പോലീസുകാരൻ എന്നിവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബാബു രചിച്ച് രഘുനാഥ് കടലാശ്ശേരി സംഗീതം നൽകിയ ‘സഫലമീ പ്രണയം’, ‘പൂവിന്റെ നൊമ്പരം’, ‘പറയാതിരുന്നത്’ എന്നീ ആൽബങ്ങളും ശ്രദ്ധേയമാണ്.
അങ്ങാടിപ്പറമ്പിൽ കുമാരന്റെയും ദേവകിയുടെയും മകനാണ് ബാബു. ‘‘എനിക്ക് ഒരുപാട് പുസ്തകങ്ങൾ തന്നതും എന്നെ രാഷ്ട്രീയബോധ്യത്തിലേക്ക് നയിച്ചതും ബാബുവാണ്’’-സംവിധായകൻ പ്രിയനന്ദനൻ പറയുന്നു.
Content Highlights: Discover Babu Angadipparambil, a multifaceted talent from Vallachira, Kerala.