വയര്‍ കുറയ്ക്കാനുള്ള എളുപ്പവഴി; ഈ ജ്യൂസുകള്‍ പതിവാക്കാം

മാറിയ ജീവിതശൈലിയും വ്യായാമക്കുറവും നമുക്ക് നല്‍കിയത് പൊണ്ണത്തടിയും അനുബന്ധരോഗങ്ങളുമാണ്. വയറിനടിയിലെ കൊഴുപ്പാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരു പോലെയാണ് ഇത് ബാധിക്കുന്നത്.
ആഹാരക്രമത്തിലെ മാറ്റം, വ്യായാമക്കുറവ്, പാരിസ്ഥിതിക ഘടകങ്ങള്‍, ജനിതകപരമായ ഘടകങ്ങള്‍ തുടങ്ങിയവയാണ് ഇതിന് പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. പോഷകങ്ങള്‍ കുറഞ്ഞ ആഹാരക്രമം ശീലമാക്കുന്നതാണ് വയറിനടിയില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ ഇടയാക്കുന്നത്. ഈ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഏതാനും ജ്യൂസുകള്‍ പരിചയപ്പെടാം.
പോഷകങ്ങളുടെയും ആന്റിഓക്സിഡന്റുകളുടെയും മികച്ച സ്രോതസ്സാണ് കാരറ്റ്. ഒരു ദിവസം ഒരാള്‍ക്ക് ആവശ്യമായ പോഷകങ്ങളെല്ലാം കാരറ്റില്‍ അടങ്ങിയിരിക്കുന്നു. കലോറി കുറഞ്ഞ ഈ പച്ചക്കറി ധാരാളം നാരുകളാലും ദഹനത്തിന് സഹായിക്കുന്ന മറ്റ് ഘടകങ്ങളാലും സമ്പന്നമാണ്. ഇത് വയറിനടയിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
ദഹനസംബന്ധിയായ പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാരമാണ് കാബേജ്. വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കുന്നതിനും ദഹനക്കുറവ് പരിഹരിക്കുന്നതിനും കാബേജ് ജ്യൂസ് മികച്ച മാര്‍ഗമാണ്. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതിനും കാബേജ് ജ്യൂസ് മികച്ച മാര്‍ഗമാണ്. കാബേജില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. ഇത് മൂലം വിശപ്പ് ഏറെ നേരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു.
പോഷകങ്ങളുടെ പവര്‍ ഹൗസ് ആണ് ബീറ്റ്റൂട്ട്. കാരറ്റിനെപ്പോലെ കലോറി വളരെക്കുറഞ്ഞ ബീറ്റ്റൂട്ടില്‍ ആന്റിഓക്സിഡന്റും പോഷകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ, ധാരാളം ധാതുക്കളും നാരുകളും അടങ്ങിയിരിക്കുന്ന ഇത് ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്. മറ്റു പച്ചക്കറികള്‍ക്കൊപ്പം ചേര്‍ത്തും ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്.
ശരീരഭാരം നിയന്ത്രിക്കുന്നതിന് സാധാരണ ഉപയോഗിച്ച് വരുന്ന പച്ചക്കറിയാണ് ചുരയ്ക്ക. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ചുരയ്ക്ക ഏറെ നേരം വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. അതിനാല്‍, ഇടവേളകളില്‍ മറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കാനുള്ള പ്രവണത കുറയ്ക്കുന്നു. കലോറി കുറഞ്ഞ പച്ചക്കറിയായതിനാല്‍ പതിവായി ചുരയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ആശങ്കപ്പെടേണ്ടതില്ല.
(ശ്രദ്ധിക്കുക: ആഹാരക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക)
Content Highlights: vegetable juices that may help burn belly fat, healthy food, healthy diet, food