ഉറക്കക്കുറവാണോ നിങ്ങളെയലട്ടുന്ന പ്രശ്‌നം; രാത്രി ഭക്ഷണത്തില്‍ ഇവ ശ്രദ്ധിക്കാം

representative image|photo:canva
representative image|photo:canva

കൃത്യമായ ഉറക്കമില്ലാത്തത് നമ്മളില്‍ പലരേയും അലട്ടുന്ന വലിയ പ്രശ്‌നമാണ്. ജീവിതശൈലിയും ഭക്ഷണശീലങ്ങളുമെല്ലാം ഇതിനെ സ്വാധീനിക്കാറുണ്ട്. ശരിയായ രീതിയിലുള്ള ഉറക്കം കിട്ടാത്തതുകൊണ്ടാണ് നമ്മളില്‍ പലരും രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുക, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നത്. 

നല്ല ഉറക്കം കിട്ടാതിരിക്കുന്നത് മാനസികാരോഗ്യത്തേയും ബാധിക്കും. നല്ല ഉറക്കം ഉറപ്പുവരുത്താന്‍ നമ്മുടെ ഭക്ഷണത്തിലും ശ്രദ്ധ വെക്കേണ്ടതുണ്ട്. ഉറക്കത്തെ തടസപ്പെടുത്തുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

നല്ല എരിവും പുളിയുമൊക്കെയുള്ള ഭക്ഷണങ്ങള്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് കഴിക്കരുത്. അഥവാ കഴിക്കേണ്ടി വന്നാല്‍ ഉറക്കത്തിന് നാലു മണിക്കൂര്‍ മുന്‍പെങ്കിലും ആയിരിക്കണമെന്ന് മാത്രം. കാരണം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്റെ താപനില കൂട്ടുകയും, അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യും. ഇത് ഉറക്കത്തെ പ്രശ്‌നത്തിലാക്കും.  

അമിതമായ അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം രാത്രിയില്‍ കഴിക്കുന്നത് നല്ലതല്ല. അതിനാല്‍ ജങ്ക് ഫുഡ് രാത്രിയില്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഇതിലെ ഉയര്‍ന്ന കൊഴുപ്പ് മറ്റു ഘടകങ്ങളും ഉറക്കത്തെ തടസപ്പെടുത്തും.

പ്രോട്ടീനുള്ള ഭക്ഷണം രാത്രി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ദഹിക്കാന്‍ സമയമെടുക്കുന്നതിനാല്‍ അത് ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിന് നാലു മണിക്കൂര്‍ മുന്‍പെങ്കിലും കഴിക്കുന്നതാണ് നല്ലത്.വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളും രാത്രി കഴിക്കരുത്. ഇവ ദഹിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഇവ ഉറക്കത്തെ തടസപ്പെടുത്തും. 

ഐസ്‌ക്രീം കഴിക്കുന്നതും  പലര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഈ ശീലം രാത്രിയില്‍ ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇതിലെ ഉയര്‍ന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ തടസപ്പെടുത്തുന്ന ഘടകങ്ങളാണ്.ചോക്ലേറ്റ് കഴിക്കുന്നത് നല്ലതല്ല. കാരണം ഇവയിലുള്ള 'ടൈറോസിന്‍' എന്ന ഘടകം ഉറക്കത്തെ തടസപ്പെടുത്തുന്ന സംഗതിയാണ്.

കൂടിയ അളവില്‍ കഫീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും രാത്രിയില്‍ കഴിക്കുന്നത് ഒഴിവാക്കണം. കോഫി, ചായ, സോഡ,എനര്‍ജി ഡ്രിങ്ക് തുടങ്ങിയ ഇതിലുള്‍പ്പെടും. ഇവയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഉറക്കത്തെ തടസപ്പെടുത്തും. അതിനാല്‍ രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഇതെല്ലാം ഒഴിവാക്കുന്നത് ഗുണം ചെയ്യും. 

(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.)

Content Highlights: Sleep,Caffeine-rich food,Spicy food,fatty food,High-protein food,Citrus fruits