കുട്ടികളിലെ പ്രോട്ടീന്‍ കുറവ് അപകടം വിളിച്ചുവരുത്തും; ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

മുതിര്‍ന്നവരുടേയും കുട്ടികളുടേയുമെല്ലാം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് പ്രോട്ടീന്‍. പ്രോട്ടീന്റെ കുറവ് കുട്ടികളില്‍ ക്ഷീണം, ശ്രദ്ധയില്ലായ്മ, വളര്‍ച്ചാ കുറവ്, എല്ലുകളിലേയും സന്ധികളിലേയും വേദന, മുറിവുകള്‍ ഉണങ്ങാതിരിക്കല്‍ തുടങ്ങി ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. 

പേശികള്‍, ചര്‍മം, നഖം, മുടി, അവയവങ്ങള്‍ എന്നിവയിലെ കോശങ്ങളെ പുനരുജീവിപ്പിക്കുന്നതിന് പ്രോട്ടീന്‍ സഹായിക്കുന്നുണ്ട്. ശരീരത്തില്‍ എന്‍സൈമുകളും ഹോര്‍മോണുകളും ഉത്പാദിപ്പിക്കുന്നതിലും പ്രോട്ടീന്‍ പ്രധാന പങ്ക് വഹിക്കുന്നു. രോഗപ്രതിരോധ വ്യവസ്ഥയെ പിന്തുണയ്ക്കുന്ന പ്രോട്ടീന്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭ്യമാക്കാന്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്താം... 

പ്രോട്ടീന്‍ അടങ്ങിയ സ്‌നാക്‌സ്
പ്രോട്ടീന്‍ അടങ്ങിയ ലഘുഭക്ഷണം കഴിക്കുന്നത് താല്‍ക്കാലിക വിശപ്പടക്കലിനും ശരീരത്തിന് ഗുണം ചെയ്യുന്നതിനും സഹായിക്കുന്നു. പ്രോട്ടീന്‍ ബാറുകള്‍, പ്രോട്ടീന്‍ പൗഡറിട്ട സ്മൂത്തികള്‍ എന്നിവയെല്ലാം തയ്യാറാക്കി കുട്ടികള്‍ത്ത് നല്‍കാവുന്നതാണ്. 

ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താം 
സമൃദ്ധമായി പ്രോട്ടീന്‍ അടങ്ങിയ ഉത്പന്നമാണ് മുട്ട. മാത്രമല്ല, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ B12, എന്നിവയും മുട്ടയിലടങ്ങിയിട്ടുണ്ട്. മുട്ട കേക്കുകളിലോ മറ്റോ ബേക്ക് ചെയ്‌തോ ഓംലെറ്റ് ആയോ പുഴുങ്ങിയോ കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. 

പാലുത്പന്നങ്ങള്‍
പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും നല്ലതാണ്. ചീസ്, യോഗട്ട് എന്നിവയിലും പ്രോട്ടീന്‍ അടങ്ങിയട്ടുണ്ട്. 

നട്‌സുകളും വിത്തുകളും
നട്‌സുകളും വിത്തുകളും പോഷകഘടകങ്ങളുടെ കലവറയാണ്. ബദാം, ചിയാ സീഡ്, കശുവണ്ടി പരിപ്പ് തുടങ്ങി എല്ലാം നട്‌സുകളും സീഡുകളും ഭക്ഷണത്തിലുള്‍പ്പെടുത്താം. ആപ്പിള്‍ കഷ്ണങ്ങളോ നട്ട് ബട്ടറോ എല്ലാം ചേര്‍ത്ത് ഇവ കുട്ടികള്‍ക്ക് നല്‍കാം. 

പ്രോട്ടീന്‍ അടങ്ങിയ അപ്പങ്ങള്‍/പലഹാരങ്ങള്‍
ചപ്പാത്തിയിലോ അപ്പങ്ങളിലോ മറ്റോ പനീര്‍, പരിപ്പ്, സോയ ഇലകള്‍, തുടങ്ങിയവയെല്ലാം ചേര്‍ത്ത് പ്രോട്ടീന്‍ സമ്പന്നമായ പലഹാരം തയ്യാറാക്കി കുട്ടികള്‍ക്ക് നല്‍കാം. തൈരും ചേര്‍ക്കാം. 

ഇവകൂടാതെ ചിക്കന്‍, സാല്‍മണ്‍, പയര്‍, കടല തുടങ്ങിയവയും കുട്ടികള്‍ക്ക് പാകംചെയ്ത് നല്‍കാവുന്നതാണ്. 

Content Highlights: Protein for children: Benefits & Food Sources