അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവർക്കും മധുരംകുറഞ്ഞ പഴങ്ങൾ വേണ്ടവർക്കും കഴിക്കാം; പോഷകമാണ് മുസംബി

#ഡോ. പ്രിയ ദേവദത്ത്
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

വ്യതസ്തമായ രുചിയും സുഗന്ധവുമാണ് മുസംബിയുടെത്. ഓറഞ്ചുമായി താരതമ്യം ചെയ്യുമ്പോൾ മുസംബിക്ക് കലോറിയും അമ്ലസ്വഭാവവും കുറവാണ്. അസിഡിറ്റി പ്രശ്‌നങ്ങൾ ഉള്ളവർക്കും മധുരം കുറഞ്ഞ പഴങ്ങൾ വേണ്ടവർക്കും മുസംബിയാണ് ഒന്നുകൂടി അനുയോജ്യം.

തൊലിയിലും കാമ്പിലും കൂടിയ തോതിൽ അടങ്ങിയിരിക്കുന്ന ലിമോണിനും ഒപ്പമുള്ള സബിനിൻ, മിർസിൻ തുടങ്ങിയ ഘടകങ്ങളുമാണ് മുസംബിക്ക് സുഗന്ധവും രുചിയും പകരുന്നത്.

'മിഷ്ട നിംബു ഫല' എന്നാണ് മുസംബിയുടെ സംസ്‌കൃതപേര്. മധുരമുള്ളത്, രുചികരം എന്നൊക്കെയാണ് മിഷ്ട എന്ന പദത്തിനർഥം, ഭാവപ്രകാശ നിഘണ്ടുവിൽ ആമ്രാദി ഫലവർഗത്തിലാണ് മുസംബിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. ബല്യം(strength). ബൃംഹണം (nourish) എന്നീ ഗുണങ്ങൾക്കൊപ്പം ദഹനപ്രശ്‌നങ്ങൾ പ്രത്യേകിച്ച് ഭക്ഷ്യവിഷബാധ (ഗര രോഗം), മെലിച്ചിൽ, അരുചി, അമിതദാഹം, ഛർദി, ഇവയുള്ളവർക്ക് മുസംബി വിശേഷമാണ്.

പച്ചനിറമുള്ള മുസംബിപ്പഴങ്ങൾ പഴുക്കുമ്പോൾ തിളക്കമുള്ള മഞ്ഞനിറമാകും. ഇളം മഞ്ഞ, വെള്ള നിറങ്ങളിലാണ് പൾപ്പ് ഉണ്ടാകുക.

തമിഴ്നാട്, മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമബംഗാൾ. അസം തുടങ്ങിയ ഇടങ്ങളിൽ മുസംബി വ്യാപകമായി കൃഷി ചെയ്യുന്നു. കേരളത്തിൽ ചിറ്റാറും പാലക്കാടും മുസംബി കൃഷി ചെയ്യുന്നുണ്ട്.

മഹാരാഷ്ട്രയിലെ കറ്റോളിൽ കൃഷിചെയ്തുന്ന കറ്റോൾ ഗോൾഡ് മുസംബിയാണ് ഇന്ത്യയിലെ മികച്ച മുസംബിയിനങ്ങളിൽ ഒന്ന്. രുചിയ്ക്കും മധുരത്തിനുമൊപ്പം ജ്യൂസും ധാരാളമുള്ള ഇനമാണിത്. കർണാടകയിലെ കൂർഗ് മുസംബി വലുപ്പത്തിലും രുചിയിലും മുന്നിലാണ്.

വർഷംമുഴുവൻ കിട്ടുന്ന പുസ അഭിനവ്, മയമുള്ള തൊലിയും മണവുമുള്ള ഇന്ത്യൻ മാൾട്ട, മുഴുവൻ പഴുത്തില്ലെങ്കിലും മധുരമുള്ള വിയറ്റ്നാം മാൾട്ട, റെഡ്മാൾട്ട മുസംബി, പുസ ശരദ്, പുസ അരുൺ, എന്നിങ്ങനെ നിരവധി മുസംബിയിനങ്ങൾ ഇന്ത്യയിൽ കൃഷിചെയ്യുന്നുണ്ട്. ആന്ധ്രയിലും തമിഴ്നാട്ടിലും സാത്തുക്കുടി എന്നയിനമാണ് ഏറ്റവുംകുടുതൽ കൃഷി ചെയ്യുന്നത്.

ആരോഗ്യ ഗുണങ്ങൾ 
ബാഷ്പശില തൈലങ്ങളും ഫ്‌ളവനോയ്ഡുകളും മുസംബിയുടെ തൊലിയിലും കാമ്പിലും സമൃദ്ധമാണ്. നാരുകൾക്കൊപ്പം വിറ്റമിൻ എ, വിറ്റമിൻ സി, ഫോലേറ്റ്, ബി 6, തയാമിൻ, നിയാസിൻ, കോപ്പർ, സിങ്ക്, ഇരുമ്പ്, കാൽസ്യം, റൈബോഫ്‌ലാവിൻ, പൊട്ടാസ്യം, ഫോസ്ഫറസ്, ഫോളിക് ആസിഡ്, ആൽക്കാലോയ്ഡ്‌സ്, സപ്പോണിൻസ് തുടങ്ങി ആരോഗ്യം പകരുന്ന നിരവധി പോഷകങ്ങൾ മുസംബിയിലുണ്ട്.

ഉമിനീർഗ്രന്ഥിയെ ഉത്തേജിപ്പിക്കുമെന്ന ഗുണവും മുസംബിക്കുണ്ട്. വിശപ്പുണ്ടാക്കും. ഇതിലെ ഡയറ്ററി ഫൈബറുകൾ എൻസൈമുകൾ ഇവ ദഹനം സുഗമമാക്കും. അസിഡിറ്റി, വയർ വീർപ്പ് ഇവ കുറയ്ക്കും. കാഴ്ചയ്ക്കും പ്രതിരോധശേഷിക്കും ഗുണംചെയ്യും.

അമ്ലത കുറവായതിനാൽ GERD(Gastroesophageal Reflux Disease) ഉള്ളവർക്കും മുസംബിയുടെ മിതമായ തോതിലുള്ള ഉപയോഗം ഗുണംചെയ്യും. മുസംബിയിൽ വിറ്റമിൻ സി ധാരാളം ഉള്ളതിനാൽ പനിയും ജലദോഷവും ഉള്ളപ്പോൾ ഔഷധങ്ങൾക്കൊപ്പം ഭക്ഷണത്തിൽപ്പെടുത്താം. വിരശല്യം, ഓക്കാനം. ചെവിരോഗങ്ങൾ, തൊണ്ട വേദന ഇവയുള്ളപ്പോൾ ഔഷധങ്ങൾക്കൊപ്പം മുസംബി മിതമായി നിത്യ ഭക്ഷണത്തിൽപ്പെടുത്താം.

മുസംബിയിൽ പൊട്ടാസ്യം ധാരാളമുണ്ട്. മരുന്നുകൾക്കൊപ്പം മധുരംചേർക്കാതെ പാനീയമാക്കി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

മുസംബിയിലെ വിറ്റമിൻ സിയും ആന്റിഓക്‌സിഡന്റുകളും ചർമസൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തും. കൊളാജൻ ഉത്പാദനത്തെയും സഹായിക്കും.

മൂത്രച്ചുടിച്ചിലിന് ഔഷധങ്ങൾക്കൊപ്പം മുസംബിയുടെ തനിനീര് 100 മില്ലിലിറ്റർ സമം വെള്ളവുംചേർത്ത് ചൂടാക്കി കുടിക്കുന്നത് വേഗം ആശ്വാസമേകും.

മുസംബിയിൽ അടങ്ങിയ പൊട്ടാസ്യം വൃക്കകളുടെയും മൂത്രാശയത്തിന്റെയും ആരോഗ്യം സംരക്ഷിക്കും.

വായിലുണ്ടാകുന്ന കുരുക്കൾക്ക് മുസംബി നീര് ചൂടുവെള്ളം ചേർത്ത് കവിൾക്കൊള്ളാം. മുസംബിയിലെ പൊട്ടാസ്യം, മഗ്നീഷ്യം, മംഗനീസ് തുടങ്ങിയവയും മറ്റ് ലവണങ്ങളും ശരീരത്തിലെ ഇലക്ട്രോലൈറ്റ് തുലനത്തിന് സഹായകമാണ്.

ഗ്ലൈസിമിക് ഇൻഡക്‌സ് കുറവായതിനാൽ മുസംബി പ്രമേഹരോഗിക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മിതമായ തോതിൽ പ്രധാന ഭക്ഷണത്തോടൊപ്പമല്ലാതെ കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഗുണംചെയ്യും.

100 മില്ലിലിറ്റർ മുസംബി ജ്യൂസ് ഒരുനുള്ള് ഉപ്പും ചേർത്ത് കഴിക്കുന്നത് ശോധന ക്രമമാക്കും. മുസംബിയിലെ കാൽസ്യവും, പൊട്ടാസ്യവും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഒപ്പം ഇതിലെ വിറ്റമിൻസിയും ഫോളിക് ആസിഡും അസ്ഥികളുടെയും സന്ധികളുടെയും ആരോഗ്യം ഉറപ്പാക്കുന്നു.

സന്ധികളിലെ നീര് കുറയ്ക്കാൻ ഔഷധങ്ങൾക്കൊപ്പം മുസംബിനീരും ആവണക്കെണ്ണയും ചേർത്ത് പുരട്ടാം. നിരവധി സ്‌കിൻ കെയർ ഉത്പന്നങ്ങൾ, പെർഫ്യൂംസ് ഇവയിൽ മുസംബിയുടെ തൊലി ഘടകമാണ്.

വിദേശ സാലഡുകളിൽ വിശിഷ്ടഗന്ധത്തിനായി മുസംബി ചേർക്കാറുണ്ട്. ജ്യൂസ് കാൻഡി, ജാം, അച്ചാർ, കേക്ക്, സർബത്ത്, പുഡിങ് ഇവയിലെല്ലാം മധുരത്തിനും മണത്തിനുമായി മുസംബിയെ ധാരാളമായി ഉപയോഗിക്കുന്നു. സീഫുഡും മാംസഭക്ഷണവും കൂടുതൽ മൃദുവും രുചികരവുമാകാൻ മുസംബി ചേർത്ത് പാകപ്പെടുത്താം. 

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)

 

Content Highlights: Discover the amazing health benefits of Mosambi. Low acidity, great for digestion, immunity, skin, and more. A delicious and healthy fruit for everyone.