ശരീരം നിറയെ സ്വര്‍ണം, ഇന്‍ഡോറിലെ 'ഗോള്‍ഡ്മാന്‍ കുല്‍ഫി വാല' വൈറലാണ്

ഇന്ത്യയിലെ തെരുവ് ഭക്ഷണം വൈവിധ്യമേറിയതാണ്. പാസ്ത ദോശ, ഐസ്‌ക്രീം വട പാവ് എന്നിങ്ങനെ ചില വിഭവങ്ങള്‍ ഫ്യൂഷന്‍ രീതിയില്‍ നമുക്കു മുന്നിലെത്തിക്കുന്ന കച്ചവടക്കാരും ധാരാളമുണ്ട്. ഈ അടുത്തിടെ വൈറലായ ഫ്‌ളൈയിങ് ദോശപോലെ വൈറലാകുന്ന ഭക്ഷണവും വില്‍പനക്കാരും ഏറെയുണ്ട്. ഇന്‍ഡോറിലെ ഒരു കുല്‍ഫി- ഫലൂദ വില്‍പ്പനക്കാരനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ മനസ്സ് കീഴടക്കുന്നത്.
ഭക്ഷണത്തിനൊപ്പം സ്വര്‍ണാഭരണങ്ങള്‍ക്കും പ്രസിദ്ധമാണ് ഇന്‍ഡോര്‍. അതിനാലാണ് കൈകളില്‍ നിറയെ സ്വര്‍ണാഭരണങ്ങളണിഞ്ഞ് ഇയാള്‍ കുല്‍ഫി ഫലൂദ വില്‍പ നടത്തുന്നത്. ഫുഡ് ബ്ലോഗര്‍ അമര്‍ സിരോഹിയാണ് ഈ ആഭരണങ്ങളണിഞ്ഞ കച്ചവടക്കാരനെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. കൈമുട്ടു വരെ നീളുന്ന പലതരത്തിലുള്ള വളകളും ചെയിനുകളും, വിരലുകളിലെല്ലാം മോതിരങ്ങള്‍, കഴുത്തില്‍ നിറയെ മാലകള്‍... ഇങ്ങനെ ഒരു കല്യാണപ്പെണ്ണിന്റെ മട്ടിലാണ് ഇദ്ദേഹം കടയില്‍ നില്‍ക്കുന്നത്.
ഇന്‍ഡോറിലെ പ്രശസ്തമായ കുല്‍ഫി-ഫലൂദ വില്‍പ്പക്കാരില്‍ ഒരാളാണ് ഈ 'ഗോള്‍ഡ്മാന്‍ കുല്‍ഫി വാല'. ശരിയായ പേര് നേമ കുല്‍ഫി വാല. ഇത്രയധികം സ്വര്‍ണമണിഞ്ഞതിനാലാണ് നേമയ്ക് ഈ പേര് വന്നത്. 45 വര്‍ഷത്തിലധികമായി നേമ ഇവിടെ കുല്‍ഫിക്കട നടത്തുന്നു. കേസര്‍, ബദാം, മാമ്പഴം, സീതാഫാല്‍, കാജു ഇങ്ങനെ പലരുചികളിലുള്ള കുല്‍ഫി ഇവിടെ ലഭിക്കുമെന്നും ബ്ലോഗര്‍ പറയുന്നുണ്ട്. മുപ്പത്തിരണ്ട് മില്യണിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.
Content Highlights: Indore Kulfi-Faluda Seller With Heavy Gold Jewellery
Content Highlights: