നാം വാങ്ങുന്ന മസാലക്കൂട്ടുകള്‍ വ്യാജമാണോ? തിരിച്ചറിയാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

പ്രതീകാത്മകചിത്രം | Photo: Ajeeb Komachi
പ്രതീകാത്മകചിത്രം | Photo: Ajeeb Komachi

ഏലയ്ക്ക, കറുവ, ജീരകം, കുരുമുളക്, മഞ്ഞള്‍... ഇങ്ങനെ സുഗന്ധവ്യജ്ഞനങ്ങളും മസാലക്കൂട്ടുകളും ഇല്ലാതെ ഭക്ഷണം നമുക്ക് സങ്കല്‍പിക്കാനാവില്ല. ഇവയില്‍ പലതും രുചി മാത്രമല്ല തരുന്നത്, വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റിഓക്‌സിഡന്റുകള്‍,എസന്‍ഷ്യല്‍ ഓയിലുകള്‍ എന്നിവയുടെ കലവറകൂടിയാണ് ഇവ. പണ്ടൊക്കെ മിക്ക മസാലക്കൂട്ടുകളും നമ്മുടെ വീടുകളില്‍ തന്നെ തയ്യാറാക്കുന്നവയായിരുന്നു. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്നവയില്‍ മായം കലരാനുള്ള സാധ്യതയേറെയാണ്. 

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നല്‍കുന്ന നിര്‍ദേശമനുസരിച്ച് ഇത്തരം മസാലക്കൂട്ടുകള്‍ വാങ്ങുമ്പോള്‍ നിരവധിക്കാര്യങ്ങളില്‍ ശ്രദ്ധവേണം. പൊടിയാക്കിയ മസാലക്കൂട്ടുകള്‍ പാക്കറ്റിലല്ലാതെ വില്‍ക്കുന്നവ, സാധാരണയില്‍ക്കൂടുതല്‍ നിറവും തിളക്കവും മണവും തോന്നുന്നവ, കേടുവന്ന പായ്ക്കറ്റിലുള്ളവ... എന്നിവ വാങ്ങരുതെന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശം. ഇത്തരത്തില്‍ മായം ചേര്‍ന്നവ തിരിച്ചറിയാനുള്ള വഴികളും ഫുഡ് സേഫ്റ്റി അതോറിറ്റി നല്‍കുന്നുണ്ട്. 

കറുവപട്ട

കറുവപട്ട വാങ്ങുന്നതിന് മുമ്പ് ആദ്യം പാക്കറ്റ് പരിശോധിക്കണം. കവറിന് പുറത്ത് സിനമണ്‍ അല്ലെങ്കില്‍ കാസിയ എന്നാണ് എഴുതിയിരിക്കുന്നതെങ്കില്‍ അത് വ്യാജനാണ്. കാസിയ അഥവാ ചൈനീസ് കറുവ രൂപത്തില്‍ സാധാരണ കറുവയെപ്പോലെ തന്നെയാണ്. എന്നാല്‍ കറുവയുടെ രുചിയോ മണമോ ഉണ്ടാവില്ല.

കുരുമുളക്

കുരുമുളകിലും കുരുമുളക്‌പൊടിയിലും ധാരാളം വ്യാജവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. അവ വേഗം തിരിച്ചറിയാനും സാധിക്കില്ല. പപ്പായ വിത്തുകളാണ് സാധാരയായി കുരുമുളകില്‍ ചേര്‍ക്കുന്ന മായം. കുരുമുളക് വാങ്ങുമ്പോള്‍ ഒന്നോ രണ്ടോ എണ്ണം പൊട്ടിച്ചു നോക്കാം. ചെറുതായി എണ്ണമയം കാണുന്നുണ്ടെങ്കില്‍ അവ ശരിയായ കുരുമുളകാണെന്ന് ഉറപ്പിക്കാം. 

തക്കോലം

നല്ലതക്കോലം എട്ട് ഇതളുകളുള്ളവയാവും. മാത്രമല്ല ഇതിനുള്ളിലെ വിത്തിന് നല്ല തിളക്കവും ഉണ്ടാകും. കേടായതോ, മറ്റെന്തെങ്കിലും ചെടിയുടെ വിത്തോ ആണെങ്കില്‍ രുചിയോ മണമോ ഒന്നും ഇല്ലാത്ത ഇരുണ്ട നിറമുള്ളവയാവും തക്കോലമെന്ന പേരില്‍ വില്‍ക്കുന്നത്. 

മുളക്‌പൊടി

ഏറ്റവും അധികം മായം ചേരുന്ന ഒന്നാണ് മുളക്‌പൊടി. പാക്കറ്റിലുള്ള പൊടി വാങ്ങുമ്പോള്‍ FSSAI യുടെ മാര്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കണം. മുളക്‌പൊടി പുതിയതായി തോന്നാന്‍ ചുവന്ന നിറം വരെ ചേര്‍ക്കുന്നവരുണ്ട്. മാത്രമല്ല ഇഷ്ടികപ്പൊടി, സോപ്പ്‌സ്റ്റോണ്‍ എന്നിവയെല്ലാം മുളക്‌പൊടിയിലെ മായങ്ങളാണ്. ഒരുഗ്ലാസ് വെള്ളത്തില്‍ അല്‍പം മുളക്‌പൊടി കലക്കി നോക്കാം. അലിഞ്ഞുപോകുകയോ നിറംമാറുകയോ ചെയ്തില്ലെങ്കില്‍ നല്ല മുളക്‌പൊടിയാണെന്ന് ഉറപ്പാക്കാം. 

മഞ്ഞള്‍പ്പൊടി

നല്ല മഞ്ഞള്‍പ്പൊടിയാണെങ്കില്‍ ഇരുണ്ട മഞ്ഞനിറമാകും പൊടിക്ക്. ഇനി അല്‍പം പൊടി വെള്ളത്തില്‍ കലക്കി നോക്കാം. പൊടി താഴ്ന്നു പോകുന്നില്ല എങ്കില്‍ അതില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് ഉറപ്പാക്കാം. ലെഡും സ്റ്റാര്‍ച്ചുമാണ് മഞ്ഞളില്‍ ചേര്‍ക്കുന്ന പ്രധാന മായങ്ങള്‍. 

Content Highlights: How to find out spices are fake or real 

Content Highlights: