കുതിരയിറച്ചിയുടെ സ്വാദറിയാം, കല്ലാക്കിയ പാലും കളിമണ്‍ കട്ടയും കഴിക്കാം; കസാക്കികളുടെ രുചികൾ

ബെഷ്ബെർമാക്
ബെഷ്ബെർമാക്

ണ്ട പട്ടീനേം പ്രാണീനേം കഴിക്കുന്നവര്‍ എന്ന് പറഞ്ഞ് ചൈനക്കാരെ കളിയാക്കിയവരാണ് നമ്മളില്‍ പലരും എന്നാല്‍ പ്രോട്ടീന്റെ ഏറ്റവും മികച്ച കലവറയാണ് പുഴുക്കളും പ്രാണികളുമെന്നാണ് പഠനം. ലോകാരോഗ്യ സംഘടന പോലും ഭക്ഷണത്തില്‍ ഇവയെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചുകഴിഞ്ഞു. ഭൂപ്രദേശം, കാലാവസ്ഥ, ഭക്ഷണ ലഭ്യത എന്നിവയുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്നതാണ് ഓരോ സമൂഹത്തിന്റെയും ഭക്ഷണരീതികള്‍. തണുപ്പു രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ ഉണക്കി സൂക്ഷിക്കുന്ന ഇറച്ചിയും ഉപ്പിലിട്ട പച്ചക്കറിയും അവരുടെ സൗകര്യാര്‍ഥം ഉപയോഗിക്കുന്നതുപോലെ തീരപ്രദേശത്തുള്ളവര്‍ ഏറ്റവും കൂടുതല്‍ അവര്‍ക്ക് ലഭ്യമായ മീനിനെ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. ചിലപ്പോഴെങ്കിലും ലോകത്തെ ഒരു വിഭാഗം കഴിക്കുന്ന ഭക്ഷണം മറുവിഭാഗത്തിന് ഭക്ഷണമെന്ന രീതിയില്‍ ചിന്തിക്കാന്‍ പോലും  കഴിയുന്നതല്ല. ഫിലിപ്പീൻസുകാര്‍ വിരിയാറായ താറാവുമുട്ട കഴിക്കുന്നതും സാര്‍ഡീനിയക്കാര്‍ ജീവനുള്ള പുഴുക്കളുള്ള ചീസ് കഴിക്കുന്നതും ഐസ്​ലൻഡുകാർ ചത്ത് ചീഞ്ഞ സ്രാവിനെ ഉണക്കി കഴിക്കുന്നതുമെല്ലാം നമുക്ക് അപരിചിതവും അത്ഭുതമുളവാക്കുന്നതുമായ ഭക്ഷണരീതികളാണ്. ഇതുപോലെ നമ്മുടെ സങ്കല്‍പങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭക്ഷണരീതികളും ആഹാരക്രമങ്ങളും പിന്തുടരുന്നവരാണ് പഴയ നാടോടി സംസ്‌കാരത്തിന്റെ രീതികള്‍ പിന്തുടരുന്ന കസാക്കിസ്താനുകാര്‍. കൃഷി സ്ഥലത്ത് ഉഴുത്തിന് ഉപയോഗിച്ച കാളയുടെ ഇറച്ചി നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടത് എങ്ങനെയാണോ അങ്ങനെയാണ് കസാക്കുകാരുടെ ഭക്ഷണത്തില്‍ കുതിരയിറച്ചി സ്ഥാനം പിടിച്ചതും.

തായ്, കൊറിയന്‍ ചൈനീസ് യൂറോപ്യന്‍ പാക് വിഭവങ്ങള്‍ പോലെ ഇന്ത്യക്കാര്‍ക്ക് ഒട്ടും പരിചിതമല്ല കസാക് രുചി. ചുവന്ന മുളകും മല്ലിപ്പൊടിയും പോലുള്ള യാതൊരുവിധ മസാലകളും ചേര്‍ക്കാത്തതാണ് കസാക്കിസ്താൻ വിഭവങ്ങള്‍. പത്ത് ദിവസത്തെ കസാക്കിസ്താൻ യാത്രക്കിടെ പച്ചമുളകിന്റെ ഒരു തരി എരിവ് പോലും കഴിച്ച ഒരു ഭക്ഷണത്തില്‍ നിന്നും ലഭിച്ചിട്ടില്ല. വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെ ലോകത്ത് നിന്ന് വരുന്ന നമുക്ക് മസാലയേതുമില്ലാത്ത ഭക്ഷണം പുതുമതന്നെയാണ്. മസാലയിലും രുചിയിലുമല്ല പകരം നല്ല ആരോഗ്യം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ആരോഗ്യദായകമായ വിഭവമാണ് ഇവരുടെ തീന്‍മേശയില്‍ കൂടുതലും. നിറയെ പച്ചക്കറികൾ അരിഞ്ഞിട്ട ഇറച്ചി വിഭവങ്ങളായ ലഗ്മാനും ഷുര്‍പയും മന്തിയുമെല്ലാം ഇവരുടെ ആരോഗ്യപ്രദമായ ഭക്ഷണ കൂട്ടുകളുടെ ഉദാഹരണങ്ങളാണ്. കസാക്ക് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും തലയിലെ ഇടതൂര്‍ന്ന മുടി കണ്ടാലറിയാം ഇവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മികവ്. ഹോട്ടലുകളില്‍ ചെന്ന് കസാക്കുകാരെയും റഷ്യക്കാരെയും ശ്രദ്ധിച്ചപ്പോഴൊക്കെ മനസ്സിലായ കാര്യം അവരുടെ പ്രാതൽ രീതിയാണ്. സാലഡുകളോടാണ് ഇവർക്ക് പ്രിയം. അതു കഴിഞ്ഞാൽ ഇറച്ചിയും. ഗോതമ്പ്, അരി, ഉഴുന്ന്, റാഗി പോലെ വിവിധ തരം ധാന്യോപയോഗം ഇവർക്കില്ല. ഗോതമ്പും മൈദയും ഉപയോഗിച്ചുള്ളതാണ് ഇവരുടെ റൊട്ടി വിഭവങ്ങൾ.

Content Highlights: horse meat eating people, Kazakh cuisines, kazakhstan food,Beshbermak, spiceless food,nileena atholi

Continue reading