ബേക്കറി പലഹാരങ്ങള്‍ പതിവായി കഴിക്കുന്നവരാണോ ; ശീലമാക്കാം ഈ ഹെല്‍ത്തി സ്‌നാക്‌സുകള്‍

ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കൊറിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. ബിസ്‌ക്കറ്റും ബേക്കറി പലഹാരങ്ങളുമെല്ലാം ഇതിലുള്‍പ്പെടും. വിശപ്പില്ലെങ്കിലും അങ്ങനെ വെറുതേ ഓരോ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള തോന്നലാണ് ഇതിന് കാരണം. മധുരവും കൊഴുപ്പുമുള്ള ഭക്ഷണങ്ങളോടാണ് കൂടുതല്‍ പേര്‍ക്കും താത്പര്യം.
ഇങ്ങനെ കഴിക്കുന്നതിനായി തെരഞ്ഞെടുക്കുന്ന ലഘുഭക്ഷണം അഥവാ സ്‌നാക്‌സ് അധികവും അനാരോഗ്യകരവും ആയിരിക്കും. പതിവായി ഇവയാണ് കഴിക്കുന്നതെങ്കില്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അല്ലെങ്കില്‍ പകരം ഹെല്‍ത്തിയായ സ്‌നാക്‌സുകള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യത്തിന് ഹാനികരമല്ലാത്ത ലഘുഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.
എണ്ണയില്‍ വറുത്തതും മധുരമുള്ളതുമായ പലഹാരങ്ങള്‍ ഒഴിവാക്കണം.പകരം വാള്‍നട്ട്‌സ് കഴിക്കുന്നത് ശീലമാക്കാം. കോപ്പര്‍, മഗ്‌നീഷ്യം, മാംഗനീസ് എന്നിയുടെ മികച്ച സ്രോതസാണിത്. ഇടയ്ക്ക് വിശക്കുന്നുവെന്ന് തോന്നുമ്പോള്‍ കുറച്ച് വാള്‍നട്ട്‌സ് സ്‌നാക്‌സ് ആയി കഴിക്കാം. അത് കൊളസ്‌ട്രോള്‍ സാധ്യതയും കുറച്ചുകൊണ്ടുവരും. ഹൃദയത്തിന്റെ ആരോഗ്യവും സംരംക്ഷിക്കും.
പീനട്ട് ബട്ടറും ആപ്പിളുമാണ് മറ്റൊരു ഹെല്‍ത്തി സ്‌നാക്‌സ്. പീനട്ട്‌സിലുള്ള ഫാറ്റി ആസിഡുകള്‍ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പീനട്ട്‌സ് ഗുണം ചെയ്യും. ആപ്പിളും ഇതിനൊപ്പം കഴിക്കാം. പീനട്ട്‌സും പീനട്ട് ബട്ടര്‍ പറ്റുമെങ്കില്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാം.
റോസ്റ്റ് ചെയ്ത വെള്ളക്കടല കഴിക്കുന്നതും വലിയ ഗുണം ചെയ്യും. ഫൈബര്‍, പൊട്ടാസ്യം, അയേണ്‍, മഗ്‌നീഷ്യം, സെലീനിയം, ബി വൈറ്റമിനുകള്‍ എന്നിങ്ങനെ ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമാകുന്ന നിരവധി ഘടകങ്ങളുടെ സ്രോതസാണ് വെള്ളക്കടല. വിശപ്പും കുറയ്ക്കും.പോപ്‌കോണ്‍ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അധികമാകാതെ ശ്രദ്ധിക്കണം.
ഡാര്‍ക്ക് ചോക്ലേറ്റും നല്ലൊരു ഹെല്‍ത്തി സ്‌നാക്ക്‌സാണ്. ഇടയ്ക്ക് വിശക്കുമ്പോള്‍ കഴിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണ്. ഇതിലുള്ള ഫ്‌ളേവനോയിഡ്‌സ് ഹൃദയാരോഗ്യം സംരംക്ഷിക്കും. അതുപോലെ തന്നെ പ്രമേഹം, സ്‌ട്രോക്ക് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ഡാര്‍ക് ചോക്ലേറ്റ് ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Healthy Snacks For Better Heart Health