പച്ചക്കറികളിലെ പോഷകങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ : പാചകത്തില്‍ ശ്രദ്ധിക്കേണ്ടത്

ആരോഗ്യം നിലനിര്‍ത്താന്‍ പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അത്രമാത്രം വൈവിധ്യമാര്‍ന്ന പോഷകങ്ങളാണ് പച്ചക്കറികളിലുള്ളത്. എന്നാല്‍ ശരിയായ രീതിയിലല്ല ഇവ പാകം ചെയ്യുന്നതും കഴിക്കുന്നതുമെങ്കില്‍ ഈ പോഷകങ്ങളില്‍ നല്ലൊരു ശതമാനവും നഷ്ടപ്പെട്ടുപോകും.
അധികവും പാകം ചെയ്യുന്ന രീതി ശരിയല്ലാത്തതുകൊണ്ട് തന്നെയാണ് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നത്. പോഷകം നഷ്ടപ്പെടാതെ പച്ചക്കറികള്‍ പാകം ചെയ്‌തെടുക്കാന്‍ സഹായകമായ പാചകരീതികള്‍ അറിഞ്ഞിരിക്കാം.
ആവി കേറ്റിയെടുക്കല്‍ തന്നെയാണ് പ്രധാന പാചകരീതി. പോഷകങ്ങള്‍ തീരെയും നഷ്ടപ്പെട്ടുപോകാതെ പച്ചക്കറികള്‍ കഴിക്കണമെങ്കില്‍ ആവി കയറ്റലാണ് അനുയോജ്യമായ രീതി. ഏത് പച്ചക്കറിയും ഇങ്ങനെ ചെയ്‌തെടുക്കാവുന്നതാണ്. പ്രത്യേകിച്ച് വൈറ്റമിന്‍ സി, ബി കോംപ്ലക്‌സ് വൈറ്റമിനുകള്‍ എന്നിവ നഷ്ടപ്പെടാതിരിക്കാന്‍ ആവി കയറ്റിയെടുക്കുന്നത് നല്ല മാര്‍ഗമാണ്.
വളരെ കുറച്ച് എണ്ണയൊഴിച്ച് ചട്ടിയില്‍ ചെറുതായി ഒന്ന് വഴറ്റിയെടുക്കുന്ന രീതിയും നല്ലതാണ്. എന്നാല്‍ ഇതില്‍ എണ്ണ കൂടരുത്. അല്‍പം എണ്ണയില്‍ ചെറിയ തീയില്‍ പതിയെ ഒന്ന് വഴറ്റി എടുക്കണം. അധികനേരം അടുപ്പത്ത് വയ്ക്കുകയും അരുത്.മൈക്രോവേവിലും പച്ചക്കറികള്‍ പാകം ചെയ്‌തെടുക്കാവുന്നതാണ്. ഇത് താരതമ്യേന കുറഞ്ഞ സമയം മാത്രം ആവശ്യമായിട്ടുള്ള പാചകരീതിയാണ്. പോഷകങ്ങളിലും അധികം നഷ്ടം വരില്ല.
ബ്ലാഞ്ചിംഗ് എന്നൊരു പാചകരീതിയുണ്ട്. നമ്മള്‍ പതിവായി ചെയ്യുന്ന രീതിയല്ലിത്. പച്ചക്കറികള്‍ നന്നായി തിളക്കുന്ന വെള്ളത്തില്‍ നല്ലവണ്ണം മുക്കിയെടുത്ത് നേരെ തണുത്ത വെള്ളത്തിലേക്ക് ഇടും. ഇനിയിത് പുറത്തെടുക്കുമ്പോള്‍ നിറത്തിലും കാണാനുള്ള ഫ്രഷ്‌നെസിലുമെല്ലാം അതേ പോലെയിരിക്കും. പോഷകങ്ങളും നിറവും ഭംഗിയുമൊന്നും നഷ്ടപ്പെടാതെ പച്ചക്കറികള്‍ കഴിക്കാന്‍ പാകത്തിലാക്കി എടുക്കാന്‍ ബ്ലാഞ്ചിംഗ് നല്ലൊരു രീതിയാണ്. സാലഡുകള്‍ ഉണ്ടാക്കുമ്പോഴെല്ലാം ഇത് വളരെ സൗകര്യപ്രദമായ രീതിയാണ്.
ഗ്രില്ലിംഗും പച്ചക്കറികളില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ചെയ്യാവുന്ന നല്ലൊരു പാചകരീതിയാണ്.. വളരെ കുറഞ്ഞ തീയിലേ പക്ഷേ ഗ്രില്‍ ചെയ്യാവൂ. തീ അധികമായാല്‍ കരിഞ്ഞുപോകും. ഭക്ഷണം ഇങ്ങനെ ഗ്രില്‍ ചെയ്ത് അധികം കരിച്ചെടുത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
Content Highlights: healthiest ways of cooking,veggies ,Steam,microwave,Griddling,Blanching,food