ഉറക്കമില്ലായ്മയും മലബന്ധവും അകറ്റും; ഈ ജ്യൂസുകള്‍ കുടിക്കാം

ജ്യൂസ് കുടിക്കാന്‍ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പലപ്പോഴും ഈ ജ്യൂസിന്റെ ഗുണങ്ങള്‍ നോക്കിയല്ല നമ്മളില്‍ ഭൂരിഭാഗം ആളുകളും ജ്യൂസ് കുടിയ്ക്കുന്നത്. മധുരം കൂടിയ പഴങ്ങള്‍ കൊണ്ടുള്ള ജ്യൂസുകള്‍ക്ക് തന്നെയാണ് ഡിമാന്‍ഡ്. എന്നാല്‍ ചില ജ്യൂസുകള്‍ക്ക് നമ്മള്‍ കരുതുന്നതിനും അപ്പുറം വലിയ ആരോഗ്യഗുണങ്ങളുണ്ട്. ഉറക്കമില്ലായ്മയും മലബന്ധവും നമ്മളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന പ്രശ്‌നമാണ്. ജീവിതശൈലി തന്നെയാണ് ഇതിന് പിന്നിലെ പ്രധാനവില്ലന്‍. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കുടിക്കാവുന്ന ജ്യൂസുകള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ചെറിയില്‍ ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യവും അടങ്ങിയ ചെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ജേണല്‍ ഓഫ് മെഡിസിനല്‍ ഫുഡില്‍ ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്.
ഉണങ്ങിയ പ്ലം പഴമാണ് പ്രൂണ്‍സ്. പ്രൂണ്‍ കൊണ്ടുള്ള ജ്യൂസ് വളരെ വിളരമായിരിക്കാം നമ്മള്‍ കുടിച്ചിട്ടുണ്ടാകുക. എന്നാല്‍ ഇതിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂണ്‍ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്.
കൂടാതെ ദഹനം മെച്ചപ്പെടുത്താനും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും കുടലില്‍ നല്ല ബാക്ടീരിയകള്‍ വര്‍ധിപ്പിച്ച് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. മഗ്‌നീഷ്യം ധാരാളം അടങ്ങിയ പ്രൂണ്‍ ജ്യൂസ് കുടിക്കുന്നത് നല്ല ഉറക്കം പ്രദാനം ചെയ്യും.
ക്രാന്‍ബെറി ജ്യൂസും അത്ര സുപരിചിതമായ ജ്യൂസല്ല നമ്മള്‍ക്ക്. എന്നാല്‍ ഇത് ആന്റി ഓക്‌സിഡന്റുകളുടെ മികച്ച കലവറയാണ്. വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, ഫൈബര്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ക്രാന്‍ബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയ അണുബാധയെ പ്രതിരോധിക്കാന്‍ ഗുണം ചെയ്യും. ഇതിനെക്കുറിച്ച് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്.ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്തും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Powerful Fruit Juices Along With Their Health Benefits