ഫൈബറും വിറ്റാമിനുകളുമുള്ള ഭക്ഷണം നിര്‍ബന്ധം ; മുപ്പതിന് ശേഷം സ്ത്രീകളുടെ ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്

representative image|photo:canva
representative image|photo:canva

മുപ്പത് വയസ് ആയിക്കഴിഞ്ഞാല്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തില്‍ പ്രത്യേകശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ജോലിത്തിരക്കുകളും മറ്റുമായി ആരോഗ്യം ശ്രദ്ധിക്കാതെയിരുന്നാല്‍ മറ്റു പ്രശ്നങ്ങളും വന്നുചേരും. മുപ്പതുകളില്‍ സ്ത്രീകളുടെ  ശരീരത്തിന് ഏറ്റവും അത്യാവശ്യമായതാണ് വിറ്റാമിനുകള്‍. അതിനാല്‍ ഭക്ഷണകാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ക്ഷീണം, ശരീരവേദന എന്നിവ അലട്ടുന്നുണ്ടെങ്കിലും ഡയറ്റില്‍ കൃത്യമായ മാറ്റം വരുത്തേണ്ടതുണ്ട്. മുപ്പതിലെത്തിയാല്‍ സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞുവെക്കാം.

ഡയറ്റില്‍ നിര്‍ബന്ധമായും ബീന്‍സ് ഉള്‍പ്പെടുത്തിയിരിക്കണം.ഫൈബററുകളാല്‍ സമ്പന്നമായ ഭക്ഷണം നിര്‍ബന്ധമായും സ്ത്രീകള്‍ മുപ്പതിന് ശേഷം കഴിക്കേണ്ടതുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനേയും ദഹനപ്രക്രിയയേയും ബീന്‍സ് സ്വാധീനിക്കും.വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫൈബര്‍ തുടങ്ങി ശരീരത്തിന് വേണ്ട നിരവധി പോഷകങ്ങള്‍ അടങ്ങിയ ബ്രോക്കോളിയും കഴിക്കാം. പ്രായം കൂടുന്നത് തടയാനും ചര്‍മ്മത്തിന് തിളക്കവും നല്‍കാന്‍ ഇവ സഹായിക്കും.

ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ബ്ലൂബെറി മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഉറപ്പായും കഴിച്ചിരിക്കണം. പ്രോട്ടീന്‍, കാത്സ്യം, ഫൈബര്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിലാല്‍ അവയും ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ല.ദഹനത്തിനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

വിറ്റമിന്‍ സി യുടെ മുഖ്യ കലവറയാണ് കോളിഫ്ളവര്‍. കൂടാതെ ഫോളിക് ആസിഡ്, വിറ്റമിന്‍ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍,  ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ഇതിലുണ്ട്. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയ ബീറ്റ്റൂട്ടും ധാരാളം കഴിക്കാം. നൈട്രേറ്റുകളാല്‍ സമ്പന്നമായ ബീറ്റ്റൂട്ട് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ്. ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. കൂടാതെ ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യത്തിനും വളരെ ഗുണം ചെയ്യും.

വിറ്റാമിന്‍ എയുടെ കലവറയായ ഇലക്കറികളും നിര്‍ബന്ധമായി കഴിച്ചിരിക്കാം. ഫോളേറ്റിനാലും ഇവ സമ്പന്നമാണ്. ശരീരത്തിനാവശ്യമായ മഗ്‌നീഷ്യവും ഇവ നല്‍കും. തലച്ചോറിന്റെയും എല്ലുകളുടേയും ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. വിറ്റാമിന്‍ ഡിയും ശരീരത്തിന് വളരെ ആവശ്യമായതാണ്. അതിനാല്‍ സാല്‍മണ്‍ മത്സ്യം,മത്തി തുടങ്ങിയവയും ഡയറ്റില്‍ ചേര്‍ക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: food,dier,beans,Leafy Greens,Salmon,beetroot,almond