കടുത്ത തലവേദനയാണോ ; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

കടുത്ത തലവേദന പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. പല കാരണങ്ങള്‍ കൊണ്ടും തലവേദന വരാം. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേന്‍ പോലെയുള്ള തലവേദന കൂട്ടാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങളില്‍ തലവേദന കൂട്ടുന്ന ചില ഭക്ഷണങ്ങളെ ഒഴിവാക്കുന്നത് നല്ലതാണ്.
കടുത്ത തലവേദനയും മൈഗ്രേനുമുള്ളവര്‍ കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. കോഫി അധികമായി കുടിക്കുന്നത് നിര്‍ത്തണം. ചോക്‌ളേറ്റ് ഒഴിവാക്കുന്നതും ഗുണം ചെയ്യും. ചോക്ലേറ്റില്‍ കഫൈന്‍, ബീറ്റാ-ഫെനൈലെഥൈലാമൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ തലവേദന ഉണ്ടാക്കാം. ഐസ്‌ക്രീം, അധികം തണുപ്പിച്ചുപയോഗിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവയും ചിലര്‍ക്ക് തലവേദനയുണ്ടാക്കാം. അതിനാല്‍ തലവേദനയുള്ളപ്പോള്‍ ഇവ ഒഴിവാക്കണം.
ചീസ് കഴിക്കുന്നതും ചിലരില്‍ തലവേദന കൂട്ടാറുണ്ട്. അതിനാല്‍ അങ്ങനെയുള്ളവരും ചീസിന്റെ ഉപയോഗം മിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക. കൃത്രിമ മധുരത്തിന്റെ ഉപയോഗവും ചിലരില്‍ തലവേദന ഉണ്ടാക്കും. അതിനാല്‍ തലവദനയുള്ളവര്‍ മധുരപലഹാരങ്ങള്‍ മിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണം.
തലവേദനയുള്ളപ്പോള്‍ എരിവും ഉപ്പും അധികമുപയോഗിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അച്ചാര്‍ പോലുള്ളവയുടെ ഉപയോഗവും മിതപ്പെടുത്തണം. പുളി അധികമുള്ള ഭക്ഷണങ്ങള്‍, തൈര് എന്നിവ കഴിക്കുന്നതും ചിലരില്‍ തലവേദനയുണ്ടാകാം. അതിനാല്‍ തലവേദന സ്ഥിരമായി വരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: migraine, headache,food,curd,Frozen foods,spicy foods