അകാലനര അകറ്റാം തലമുടിയുടെ ആരോഗ്യം വീണ്ടെടുക്കാം ; കഴിക്കേണ്ടത് ഇവ

representative image|photo:canva
representative image|photo:canva

ചെറിയ പ്രായത്തില്‍തന്നെ തലമുടിയില്‍ നര കയറിത്തുടങ്ങിയിട്ടുണ്ടോ ? തലമുടി ഇങ്ങനെ നരയ്ക്കുന്നതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. വിറ്റാമിനുകളുടെ  കുറവുകൊണ്ട് തലമുടിയുടെ കരുത്ത് നഷ്ടപ്പെടാനും  അകാലനര പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ അകാലനരയെ പ്രതിരോധിക്കാനും തലമുടിയുടെ ആരോ​ഗ്യത്തിനുമായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞുവെക്കാം.

ക്യാരറ്റ് ഡയറ്റില്‍ പതിവാക്കാം. ബീറ്റാ കരോട്ടിനും വിറ്റാമിന്‍ എയും അടങ്ങിയ ഇത് അകാലനരയെ തടയാനും തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയുംചെയ്യും. ബദാം കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. ബദാമില്‍ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ബയോട്ടിനും വിറ്റാമിന്‍ ഇയുമാണ് അകാലനരയെ അകറ്റാന്‍ ഗുണം ചെയ്യുന്നത്.

നെല്ലിക്ക കഴിക്കുന്നത് തലമുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. ഇതില്‍ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നതിനാല്‍ അകാലനരയെ ചെറുക്കുകയും മുടിക്ക് കറുപ്പുനിറം നൽകുകയുംചെയ്യും. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ തലമുടിയുടെ ആരോഗ്യം മികച്ചതാക്കും.

ഇലക്കറികള്‍  കഴിക്കുന്നതും പതിവാക്കണം.ഇരുമ്പ് ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും അകാലനരയെ തടയാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ബയോട്ടിന്റെ മികച്ച സ്രോതസാണ് വാള്‍നട്‌സ്. അതിനാല്‍ ഇവ കഴിക്കുന്നതും അകാലനരയെ അകറ്റാന്‍ സഹായിക്കും. പ്രോട്ടീന്‍, വിറ്റാമിന്‍ ഡി, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയാല്‍ സമ്പന്നമായ മത്തി ,സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് അകാലനര വരാതിരിക്കാന്‍ ഗുണം ചെയ്യും. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Foods that can easily fix grey hair