വെള്ളത്തിലോ പാലിലോ; ശരീരഭാരം കുറയ്ക്കാന്‍ ചിയ വിത്തുകള്‍ എങ്ങനെ കുതിർക്കണം

#Lifestyle desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ചിയ വിത്തുകള്‍ നമ്മുടെ ദൈനംദിന ഭക്ഷണശീലങ്ങളില്‍ പതിയെ ഇടംപിടിച്ചിരിക്കുകയാണ്. ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാലഡിലുമെല്ലാം ചിയ വിത്തുകള്‍ ചേര്‍ക്കുന്നവരുണ്ട്. 

ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനുമെല്ലാമാണ് മിക്കവരും ചിയ വിത്തുകള്‍ കഴിക്കുന്നത്. കൂടുതല്‍ നേരം വിശപ്പടക്കി നിര്‍ത്താന്‍ സഹായിക്കുന്ന പോഷകസമ്പുഷ്ടമായ പദാര്‍ഥമാണെന്നതും ചിയ വിത്തുകളുടെ സവിശേഷതയാണ്.

ശരീരഭാരം കുറയ്ക്കാന്‍ വെള്ളത്തില്‍ ചേര്‍ത്ത ചിയ വിത്തുകളാണോ അതോ പാലില്‍ ചേര്‍ത്തതാണോ കൂടുതല്‍ സഹായകം എന്ന സംശയം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണക്രമത്തില്‍ ചിയ വിത്തുകള്‍ എന്ത് പങ്ക് വഹിക്കുന്നു എന്ന് പരിശോധിക്കാം. 

ചിയ വിത്തുകളുടെ പതിവായ ഉപയോഗം മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ദൈനംദിന ഭക്ഷണരീതികള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് പോഷകാഹാര വിദഗ്ധയായ ദീപ്ശിഖ  ജെയിൻ അഭിപ്രായപ്പെടുന്നത്. 

ദഹനം മെച്ചപ്പെടുത്തുന്നു 
ചിയ വിത്തുകളില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍, അവ ഒരു ജെല്‍ പോലെയായി മാറുന്നു. ചിയ വിത്ത് ദഹനം മെച്ചപ്പെടുന്നതിനാല്‍ വയറുവീര്‍ക്കല്‍ കുറയ്ക്കാനും മലബന്ധം ഒഴിവാക്കാനും ഭക്ഷണക്രമം സുഖകരമാക്കാനും സഹായിക്കുന്നു. ഇതെല്ലാം ആരോഗ്യകരമായ ഭാരനിയന്ത്രണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ഹൃദയാരോഗ്യം
ചിയ വിത്തുകളില്‍ സസ്യാധിഷ്ഠിത ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമുണ്ട്. ഇത് ആരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം, സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

ചര്‍മത്തിന് തിളക്കം നല്‍കുന്നു
ചിയ വിത്തുകളിലെ ആന്റിഓക്സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിന് ശരീരഭാരം കുറയ്ക്കുന്നതുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ആരോഗ്യമുള്ള ചര്‍മവും കുറഞ്ഞ ഇന്‍ഫ്‌ളമേഷനും പലപ്പോഴും ആളുകളെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.

മുടിയെ ബലപ്പെടുത്തുന്നു
ചിയ വിത്തുകളില്‍ പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. 

വെള്ളവും പാലും എങ്ങനെയാണ് ചിയ വിത്തുകളുടെ കലോറി നിയന്ത്രണത്തില്‍ മാറ്റം വരുത്തുന്നത് എന്ന് നോക്കാം. 

ചിയ വിത്തുകളിട്ട വെള്ളം 
ലഘുവായ പാനീയങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ ചിയ വിത്ത് ചേര്‍ത്ത വെള്ളത്തിന്റെ ഉപയോഗം കൂടിവരികയാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യുന്ന പാനീയമാണിത്.

2015-ലെ ഒരു പഠനം സൂചിപ്പിക്കുന്നത് ചിയ വിത്തുകള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ്. ജലാംശം കൂടുന്നത് അനാവശ്യമായ വിശപ്പ് കുറയ്ക്കുന്നു.

വിത്തുകളും വെള്ളവും മാത്രം അടങ്ങിയിട്ടുള്ളതിനാല്‍, ഈ പാനീയത്തില്‍ കലോറി വളരെ കുറവാണ്.

ചൂടുകാലാവസ്ഥയ്ക്ക് അനുയോജ്യം 
ചിയ വിത്ത് ചേര്‍ത്ത വെള്ളം കുടിക്കുമ്പോള്‍ തണുപ്പും ആശ്വാസവും അനുഭവപ്പെടുന്നു. ഇത് ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ ദിനചര്യയെ ദോഷകരമായി ബാധിക്കാതെ സഹായിക്കും.

ഭക്ഷണത്തിന് മുമ്പ് വിശപ്പ് നിയന്ത്രിക്കാന്‍ നല്ലത് 
ഭക്ഷണത്തിന് മുമ്പ് ചിയ വിത്ത് ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് കൂടുതല്‍ സന്തുലിതാവസ്ഥ നല്‍കാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കാനും സഹായിക്കും.

പാലില്‍ ചേര്‍ത്ത ചിയ വിത്തുകള്‍ 
പാലില്‍ ചേര്‍ത്ത ചിയ വിത്തുകള്‍ക്ക് കൂടുതല്‍ കട്ടിയുള്ളതും വയറുനിറയ്ക്കുന്നതുമായ ഘടനയാണുള്ളത്. ഇത് പലപ്പോഴും പ്രഭാതഭക്ഷണമായോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ കഴിക്കാറുണ്ട്.

പാല്‍ കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ബി12, അയഡിന്‍ എന്നിവ നല്‍കുന്നതിനാല്‍, ചിയ വിത്ത് പാലില്‍ ചേര്‍ത്ത് കഴിക്കുമ്പോള്‍ ഇത് പോഷകഗുണം വര്‍ധിപ്പിക്കുകയും ദിവസം മുഴുവന്‍ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

പുഡ്ഡിങ് പോലെയുള്ള കുതിർത്ത ചിയാ സീഡ് കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നാന്‍ സഹായിക്കുന്നു. 

പ്രഭാതഭക്ഷണത്തിന് നല്ലത് 
പാലില്‍ ചേര്‍ത്ത ചിയ വിത്തുകള്‍ രാവിലെ കഴിക്കാന്‍ വളരെ നല്ലതാണ്. കാരണം ഇത് പഴങ്ങള്‍, നട്സുകള്‍, ചെറിയ മധുരം എന്നിവയുമായി സ്വാഭാവികമായി യോജിക്കുന്നു. നേരത്തെയുള്ള ലഘുഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു സമീകൃതാഹാരമാണ്. 

ഊര്‍ജത്തിനും വിശപ്പിനും ഉത്തമം 
പാലിലെ പ്രോട്ടീനും പോഷകങ്ങളും കാരണം ഈ മിശ്രിതം കൂടുതല്‍ നേരം ഊര്‍ജം നല്‍കുന്നു. ഇത് മറ്റ് ഭക്ഷണങ്ങളെ ആശ്രയിക്കാതെ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

വൈകുന്നേരത്തെ ലഘുഭക്ഷണം
ആവശ്യത്തിന് സമയം കുതിര്‍ത്താല്‍, ഇത് ഒരു മധുരപലഹാരം പോലെയുള്ള ബൗളായി മാറുന്നു, കലോറി കൂടിയ ലഘുഭക്ഷണങ്ങള്‍ക്ക് പകരമായി ഉപയോഗിക്കാം. ഇത് വൈകുന്നേരങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. 

കൊഴുപ്പ് നിറഞ്ഞ പാല്‍ കലോറിയുടെ അളവ് വര്‍ധിപ്പിക്കും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഈ രീതി ഉപയോഗിക്കുമ്പോള്‍ അളവില്‍ ശ്രദ്ധിക്കണമെന്നാണ് ന്യൂട്രീഷനിസ്റ്റ് രൂപാലി ദത്ത പറയുന്നത്.

വെള്ളത്തിലെ ചിയയും പാലിലെ ചിയയും
കലോറി നിയന്ത്രിക്കുന്നതിനും ജലാംശം കിട്ടാനും വെള്ളത്തില്‍ ചേര്‍ത്ത ചിയ വിത്തുകൾ അനുയോജ്യമാണ്. 

നിങ്ങള്‍ക്ക് കൂടുതല്‍ നേരം വിശപ്പടക്കി നിര്‍ത്താനും ഊര്‍ജം നേടാനും ചിട്ടയായ ഒരു ഭക്ഷണം ആവശ്യമായി വരുമ്പോള്‍ പാലില്‍ ചേര്‍ത്ത ചിയ വിത്തുകൾ തിരഞ്ഞെടുക്കാം. 

ജലാംശമടങ്ങിയ പാനീയമാണോ, വയറുനിറഞ്ഞതായി തോന്നുകയും വിശപ്പ് നിയന്ത്രിക്കുകയും ആണോ വേണ്ടത് എന്ന് ന്യൂട്രീഷനിസ്റ്റിന്റെ സഹായത്തോടെ തിരഞ്ഞെടുക്കാവുന്നതാണ്. 

ഈ രണ്ട് രീതികളും തമ്മിലുള്ള വ്യത്യാസവും അവ എങ്ങനെ വയറുനിറയാനും ദഹനത്തിനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നുവെന്നും മനസ്സിലാക്കിക്കഴിഞ്ഞാല്‍, നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ദിനചര്യയ്ക്ക് അനുയോജ്യമായത് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുക്കാന്‍ സാധിക്കും.

ശരീരഭാരം കുറയ്ക്കാന്‍ ഒരു ദിവസം എത്ര ചിയ വിത്തുകള്‍ കഴിക്കണം?
മിക്ക പോഷകാഹാര വിദഗ്ധരും ഒരു ദിവസം 1-2 ടേബിള്‍സ്പൂണ്‍ വരെ ചിയ വിത്തുകള്‍ കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഈ അളവ് നാരുകളുടെ ഉപഭോഗം ഫലപ്രദമായി നിലനിര്‍ത്തുകയും ദഹനത്തെ അമിതമായി ബാധിക്കാതിരിക്കുകയും ചെയ്യുന്നു. 

ചിയ വിത്തുകളോ നാരുകളുള്ള ഭക്ഷണങ്ങളോ ആദ്യമായി കഴിക്കുകയാണെങ്കില്‍ ചെറിയ അളവില്‍ തുടങ്ങുന്നതാണ് നല്ലത്. നിങ്ങള്‍ വെള്ളത്തിലോ പാലിലോ ചിയ വിത്തുകള്‍ കഴിക്കുകയാണെങ്കിലും അളവ് പ്രധാനമാണ്. 

ചിയ വിത്തുകള്‍ എങ്ങനെ കഴിക്കരുത്
ചിയ വിത്ത് ചേര്‍ത്ത വെള്ളവും പാലും സുരക്ഷിതവും ഫലപ്രദവുമാണെങ്കിലും ഒഴിവാക്കേണ്ട ചില രീതികളുണ്ട്. പച്ചയോ ഉണങ്ങിയ രൂപത്തിലോ ഉള്ള ചിയ വിത്തുകൾ കഴിക്കുന്നത്  ഒഴിവാക്കണമെന്നാണ് ഗ്യാസ്ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി അഭിപ്രായപ്പെടുന്നത്. 

''ചിയ വിത്തുകള്‍ക്ക് അവയുടെ ഭാരത്തിന്റെ പലമടങ്ങ് വെള്ളം ആഗിരണം ചെയ്യാന്‍ കഴിയും. ഉണങ്ങിയ രൂപത്തില്‍ കഴിക്കുകയാണെങ്കില്‍, പ്രത്യേകിച്ച് വെള്ളം കുടിക്കുന്നതിന് മുമ്പ്, അവ അന്നനാളത്തില്‍ വീര്‍ക്കുകയും ശ്വാസംമുട്ടലിന് കാരണമാവുകയും ചെയ്യും'', അദ്ദേഹം പറയുന്നു. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Discover how to use chia seeds for weight loss by soaking them in water or milk. Learn their benefits for digestion, satiety, and overall health.