ഔഷധവും ആഹാരവുമാണ് ശംഖുപുഷ്പം; നീലച്ചായയും നീല ഉപ്പുമാവും ഉണ്ടാക്കാം

#ഡോ. കെ.എസ്. രജിതൻ
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഔഷധവും ആഹാരവും സൗന്ദര്യവർധകവസ്തുവുമാണ് ശംഖുപുഷ്പം. നാട്ടിൻപുറങ്ങളിലും വീടിന്റെ പരിസരങ്ങളിലും ഉദ്യാനങ്ങളിലുമെല്ലാം ശംഖുപുഷ്പം ഇപ്പോൾ  സുലഭമായിക്കൊണ്ടിരിക്കുകയാണ്. 

'ക്ലിറ്റോറിയ ടെർനേറ്റ' എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ശംഖുപുഷ്പം 'ഫേബേസിയെ' സസ്യകുടുംബത്തിലാണ് ഉൾപ്പെടുന്നത്. നീല, വെള്ള തുടങ്ങി നാല് നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ശംഖുപുഷ്പങ്ങളാണ് നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടുവരുന്നത്. വെള്ളയും നീലയും പൂക്കളുണ്ടാകുന്ന ശംഖുപുഷ്പങ്ങളാണ് സാധാരണ ഔഷധാവശ്യത്തിനും ആഹാരാവശ്യത്തിനും ഉപയോഗിച്ചുവരുന്നത്.

ശംഖുപുഷ്പത്തിന്റെ വേര്, ഇലകൾ, ഇളംകമ്പുകൾ, ഇളംകായ്കൾ, പൂക്കൾ എന്നിവയെല്ലാം ഔഷധത്തിനും ആഹാരാവശ്യത്തിനും ഉപയോഗിച്ചുവരുന്നു. ഔഷധമെന്ന നിലയിൽ മാത്രമല്ല, ശംഖുപുഷ്പം ചേർത്ത് നീലനിറമുള്ള ചായയും ഉപ്പുമാവുമൊക്കെ തയ്യാറാക്കാം.

ബ്ലൂ ടീ
നാലോ അഞ്ചോ നീല ശംഖുപുഷപപ്പൂക്കൾ നല്ലതുപോലെ കഴുകിയശേഷം ഒരു ചില്ല് ഗ്ലാസിലിടുക. അതിലേക്ക് ആവശ്യത്തിന് തിളച്ച വെള്ളമൊഴിച്ച് അടച്ചുവയ്ക്കുക. വെള്ളം നീലനിറമായതിനുശേഷം അരിച്ചെടുക്കുക. ഇതാണ് ശംഖുപുഷ്പച്ചായ.

രുചിക്കനുസരിച്ച് മധുരം ചേർക്കാം. ആവശ്യമെങ്കിൽ, ചെറിയ അളവിൽ ചുക്കുപൊടി, തുളസിപ്പൊടി എന്നിവയും ചേർക്കാം. ശംഖുപുഷ്പച്ചായയിൽ കുറച്ച് ചെറുനാരങ്ങാനീരുകൂടി ചേർത്താൽ പിങ്ക് നിറമായി മാറും.

നീല ഉപ്പുമാവ്
ആവശ്യമായ സാധനങ്ങൾ

  • തവിട് കളഞ്ഞ കോഡോ മില്ലറ്റ് (വരക്)- മൂന്ന് ടേബിൾ സ്പൂൺ
  • നാളികേരം ചിരകിയത്- ഒരു ടേബിൾ സ്പൂൺ
  • വെള്ളം- മൂന്ന് ഗ്ലാസ്
  • നീല ശംഖുപുഷ്പങ്ങൾ- ഒൻപതെണ്ണം
  • പച്ചമുളക്- മൂന്നെണ്ണം അരിഞ്ഞത്
  • കറിവേപ്പില - രണ്ട് തണ്ടിലെ ഇലകൾ
  • സവാള- ഒരു കഷണം അരിഞ്ഞത് 
  • ഉഴുന്നുപരിപ്പ്- ഒരു ടേബിൾ സ്പൂൺ
  • ഉള്ളി- ഒന്ന് അരിഞ്ഞത് 
  • വെള്ളിച്ചെണ്ണ, ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ശംഖുപുഷ്പപ്പൂക്കൾ കഴുകിയെടുത്ത് പച്ചനിറമുള്ള ഭാഗം കളഞ്ഞശേഷം ഒരു ഗ്ലാസ് ജാറിലിടുക. അതിലേക്ക് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളമൊഴിച്ച് അടച്ചുവയ്ക്കുക. ചൂടാറിയശേഷം ശംഖുപുഷ്പപപ്പൂക്കൾ നീക്കി വെള്ളം അരിച്ചെടുക്കുക. കഴുകിയ കോഡോ മില്ലറ്റ് മറ്റൊരു പാത്രത്തിലിട്ട് അതിലേക്ക് ഒരു ഗ്ലാസ് ശംഖുപുഷ്പവെള്ളം ഒഴിക്കുക. ഇത് രണ്ടുമണിക്കൂറെങ്കിലും അടച്ചുവയ്ക്കണം.

മറ്റൊരു പാനിൽ വെളിച്ചെണ്ണ, കടുക്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ്, ഉള്ളി, സവാള എന്നിവ ഇട്ട് കോഡോ മില്ലറ്റും അതിലുള്ള വെള്ളവുമൊഴിച്ച് ചൂടാക്കുക. ചൂടായശേഷം ബാക്കിയുള്ള വെള്ളവും നാളികേരവും ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂടാക്കി നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഉപ്പുമാവ് പാകമാകുമ്പോൾ ഇറക്കിവയ്ക്കുക.

ഔഷധഗുണങ്ങൾ

  • നീല ശംഖുപുഷ്പത്തിന്റെ പൂക്കൾ ഉണക്കിവയ്ക്കുക. അത് ചേർത്ത് വെള്ളം തിളപ്പിച്ച് നാലിലൊന്നാക്കി വറ്റിച്ചശേഷം ആ വെള്ളംകൊണ്ട് തല കഴുകുക. മുടികൊഴിച്ചിൽ, താരൻ, തലചൊറിച്ചിൽ എന്നിവ ശമിക്കും.
  • വെളുത്ത ശംഖുപുഷ്പത്തിന്റെ വേരരച്ചത് അരടീസ്പൂണെടുത്ത് ഒരു ടിസ്പൂൺ വെണ്ണ ചേർത്ത് ദിവസവും കഴിക്കുന്നത് ബുദ്ധിവികാസത്തിനുള്ള ഔഷധമായി ഉപയോഗിക്കാറുണ്ട്.
  • നീലശംഖുപുഷ്പത്തിന്റെ വേര് കഷായം വെച്ച് കുടിക്കുന്നത് ചർമരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനപ്പെടുത്തുന്നു.
  • ശംഖുപുഷ്പത്തിന്റെ വേര് മുലപ്പാലിലരച്ച് കൊടുക്കുന്നത് കുഞ്ഞുങ്ങളിൽ ശോധനയ്ക്ക് സഹായിക്കും.
  • ഇലയും പൂവും വെള്ളം തിളപ്പിച്ച് കുടിക്കുന്നതും അതുപയോഗിച്ച് ശരീരം കഴുകുന്നതും ചർമകാന്തിക്ക് നല്ലതാണ്.
  • തലവേദന മാറുന്നതിനായി ശംഖുപുഷ്പത്തിന്റെ രണ്ടിലകൾ വീതം ദിവസവും ചവച്ചരച്ച് കഴിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)

(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്) 

Content Highlights: Discover the magic of Butterfly Pea! Learn how to make stunning blue tea and vibrant blue upma, and explore its medicinal and beauty benefits.