അലുമിനിയം ലാപ്‌ടോപ് സ്റ്റാന്‍ഡ്, സിലിക്കണ്‍ കീബോര്‍ഡ് കവര്‍; സംഗതി ബര്‍ഗറിന്റെ പേരുകളാണ്

ചിലര്‍ക്ക് ബര്‍ഗര്‍ എന്നു കേള്‍ക്കുമ്പോഴേക്കും വായില്‍ വെള്ളമൂറും. വിവിധ പേരുകളില്‍ വിവിധ ഫ്‌ളേവറുകളിലുള്ള ബര്‍ഗറുകള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഓഫീസിലെ വസ്തുക്കളുടെ പേരുകളില്‍ അറിയപ്പെടുന്ന ബര്‍ഗറുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തില്‍ ചില ബര്‍ഗറുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
ടൊറൊന്റോയിലെ ഗുഡ് ഫോര്‍ച്യൂണ്‍ ബര്‍ഗര്‍ ശൃംഖലയാണ് വ്യത്യസ്ത ആശയം അവതരിപ്പിച്ചത്. അലുമിനിയം ലാപ്‌ടോപ് സ്റ്റാന്‍ഡ്, വയേഡ് ഇയര്‍ഫോണ്‍സ് വിത് മൈക്, സിലിക്കണ്‍ കീബോര്‍ഡ് കവര്‍ എന്നിങ്ങനെ പോകുന്നു ബര്‍ഗറിന്റെ പേരുകള്‍. ഒറ്റവായനയില്‍ ഒന്നും ബര്‍ഗറാണെന്ന് തോന്നില്ലെന്ന് മാത്രമല്ല എല്ലാം ഒഫീഷ്യല്‍ പേരുകളും.
2021ലാണ് ഇത്തരമൊരു മെനുവിന് നിര്‍മാതാക്കള്‍ തുടക്കം കുറിച്ചതെങ്കിലും സംഗതി വീണ്ടും വൈറലാവുകയാണ്. നിലവിലുണ്ടായിരുന്ന ബര്‍ഗറുകള്‍ തന്നെയാണ് പേരുകള്‍ മാറ്റി അവതരിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന് മുമ്പത്തെ ഫോര്‍ച്യൂണ്‍ ബര്‍ഗര്‍ പേരുമാറി ബേസിക് സ്റ്റീല്‍ സ്റ്റേപ്ലറായി. പാം ഫ്രൈസ്, സിപിയു വയര്‍ലെസ് മൗസായി. സംഗതി വ്യത്യസ്തമാണെന്നു മാത്രമല്ല ഓഫീസ് ചിലവില്‍ ചേര്‍ക്കാനുള്ള മികച്ച വഴിയാണെന്ന് രസകര കമന്റുകള്‍ നല്‍കുന്നവരും ഉണ്ട്.
ഇത്തരമൊരു പേരുമാറ്റത്തിനു പിന്നിലെ കാരണം ഗുഡ് ഫോര്‍ച്യൂണ്‍ ബര്‍ഗറിന്റെ ഡയറക്ടര്‍ ജോണ്‍ പ്യൂഡി വ്യക്തമാക്കുകയും ചെയ്തു. ഉപഭോക്താക്കളുടെ മുഖത്ത് ചിരിയൊരുക്കുകയാണ് ലക്ഷ്യം. വെറും തമാശയും സന്തോഷവും മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: burger chain renames food on its menu disguises it as office supplies