വെള്ളരിക്കയുണ്ടോ? ഒന്നു മിനക്കെട്ടാല്‍ സോപ്പും ജ്യൂസും സ്‌ക്വാഷും ഫേസ്‌ക്രീമും വരെ ഉണ്ടാക്കാം

-
-

കാസര്‍കോട്: വിഷു വന്ന് പോയിട്ടും കണിവെള്ളരികള്‍ ലോഡുകണക്കിന് കെട്ടിക്കിടക്കുകയാണ് പല കര്‍ഷകരുടെയും വീടുകളില്‍. ഇന്നത്തെ സാഹചര്യത്തില്‍ അത് വിറ്റുപോകാന്‍ സാധ്യത വിരളവുമാണ്. വെള്ളരിക്ക കൊണ്ട് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന വിദ്യകള്‍ പലതുണ്ട് നമ്മുടെ നാട്ടില്‍. കാസര്‍കോട് കൃഷി വിജ്ഞാന്‍ കേന്ദ്ര വരെ ഒന്ന് പോയാല്‍ മാത്രം മതി.

വിയര്‍പ്പൊഴുക്കി വിളയിച്ചത് നഷ്ടത്തിന് കൊടുക്കേണ്ട. ഒന്ന് മാറി ചിന്തിച്ചുനോക്കൂ. വിജയത്തിന്റെ വഴി മുന്നില്‍ തുറന്ന് വരും. കോവിഡിനെ തുരത്താന്‍ സോപ്പിന് ഏറ്റവും ചെലവുള്ള സമയമാണിത്. സോപ്പിട്ട് പലതവണ കഴുകി ചര്‍മം വരണ്ടുപോകുന്ന പ്രശ്‌നം ചിലര്‍ക്കൊക്കെ തുടങ്ങിക്കഴിഞ്ഞു. നല്ല വെള്ളരിക്കകൊണ്ട് സോപ്പുണ്ടാക്കി വിപണിയില്‍ ഇറക്കി നോക്കൂ, ആവശ്യക്കാര്‍ നിങ്ങളെ തേടി വീട്ടിലെത്തുമെന്നുറപ്പ്. സാധാരണ സോപ്പുണ്ടാക്കുന്ന മിശ്രിതത്തില്‍ വെള്ളരിക്ക അരച്ചുചേര്‍ത്താണ് സോപ്പുണ്ടാക്കുന്നത്. എന്താ ഒന്ന് ശ്രമിച്ചൂടേ?

പൊള്ളുന്ന ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളരിക്ക കൊണ്ട് ജ്യൂസും സ്‌ക്വാഷും ഉണ്ടാക്കാം. മായവും രാസവസ്തുക്കളും ചേര്‍ക്കാത്ത ജ്യൂസും സ്‌ക്വാഷും ആരാണ് വാങ്ങാത്തത്. തീര്‍ന്നില്ല, വെള്ളരിക്ക ചെറുകഷണങ്ങളായി അരിഞ്ഞ് പഞ്ചസാര ലായനിയിലോ ഉപ്പുവെള്ളത്തിലോ ഇട്ട് ഉണക്കിയെടുക്കാം. പഞ്ചസാര ലായനിയിലിട്ട് ഉണക്കിയത് കിട്ടിയാല്‍ കുട്ടികള്‍ വേറെ മിഠായി അന്വേഷിച്ച് പോകില്ല. ഉപ്പുചേര്‍ത്തത് ആവശ്യത്തിനെടുത്ത് കറിയും ഉണ്ടാക്കാം.

സൗന്ദര്യവും വെള്ളരിയും ഒരേ വള്ളിയിലെ കൂട്ടുകാരാണ്. തേന്‍ മെഴുകില്‍ വെള്ളരിയരച്ചു ചേര്‍ത്ത് ഫെയ്‌സ് ക്രീം ഉണ്ടാക്കി ഉപയോഗിച്ച് നോക്കൂ. ചര്‍മ്മത്തിന്റെ തിളക്കത്തിന് മുന്നില്‍ കണിവെള്ളരി തോല്‍ക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്

ഡോ. നിലോഫര്‍ ഇല്ല്യാസ് കുട്ടി

 ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍

 കെ.വി.കെ.കാസര്‍കോട്

Content Highlights: benefits of cucumber

Content Highlights: