ബസല ചീര സ്‌പെഷ്യല്‍ ; സ്വാദിഷ്ടമായ വാളി അമ്പട്ട് തയ്യാറാക്കാം

#പ്രിയാ ആർ ഷെണോയ്
വാളി അമ്പട്ട്
വാളി അമ്പട്ട്

ഇലക്കറികളുടെ മേന്മ നമുക്കെല്ലാവർക്കും അറിയുന്നതാണല്ലോ. അതിപ്പോ പല തരം ചീരയും മുരിങ്ങയിലയും തൊടീലും പറമ്പിലും കാണുന്ന തഴുതാമയും തകരയും ഒക്കെ നമ്മൾ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തും. പോഷക സമ്പുഷ്ടമായ സമീകൃത ആഹാരത്തിൽ ഇലക്കറികൾക്കുള്ള സ്ഥാനം അത്രമേൽ പ്രാധാന്യം അർഹിക്കുന്നു.

ഇത്തരത്തിൽ അത്യന്തം പോഷകഗുണം നിറഞ്ഞ ചീര വിഭാഗത്തിൽ പെടുന്നതാണ് വള്ളി ചീര അല്ലെങ്കിൽ മലബാർ ചീര എന്നൊക്കെ അറിയപ്പെടുന്ന ബസല ചീര. വശല എന്നും ഇതിനു പേരുണ്ട്. പേരിൽ സൂചിപ്പിക്കുന്ന പോലെ കാസറഗോഡ് ഭാഗത്ത് ഇത് ഏവരും ഇഷ്ടപ്പെടുന്ന ഇലക്കറിയാണ്. സാധാരണ ചീരയെ പോലല്ല കാണാനും മറ്റു വിശേഷതകളും.  വള്ളിയായി ആണ് ഇത് വളരുന്നത്.

അടുക്കളയുടെ പിന്നമ്പുറത്ത് ബസലക്ക് വേണ്ടി മാത്രം ഒരു കുഞ്ഞു പന്തൽ കെട്ടി അതിൽ ബസല വള്ളികൾ പടർത്തി വിടും. വട്ടത്തിൽ പരന്നു കിടക്കുന്ന അല്പം കട്ടിയായ ഇലകളാണിവയ്ക്ക്. അതുകൊണ്ട് തന്നെ പപ്പട ചീര എന്നും രസകരമായ വിളിപ്പേരുണ്ടെത്രെ. ഇളം പച്ച നിറത്തിലാണ് തണ്ടുകൾ. ചുവന്ന തണ്ടുകൾ ഉള്ള ബസല ചീരയുമുണ്ട്.

ഇതിനു സ്വതസിദ്ധമായ ഒരു വഴുവഴുപ്പ് ഉണ്ട്. അതുകൊണ്ട് തന്നെ തോരൻ ഉണ്ടാക്കുന്നത് അത്രകണ്ടു പ്രചാരത്തിലില്ല. കൊങ്കണികൾക്ക് ബസല ചീര ഒഴിച്ച് കൂടാൻ പറ്റാത്ത പച്ചക്കറിയാണ്.  "വാളി " എന്നാണ് കൊങ്കണിയിൽ ബസലയെ വിളിക്കുക. " വാളി അമ്പട്ട് " എന്ന കറിയാണ് പ്രധാനം. പരിപ്പും ബസലയും ചേർത്ത കറിയാണെങ്കിലും ഇതിലെ മറ്റു ചേരുവകൾക്കാണ് കൗതുകം കൂടുതൽ.

പച്ച പപ്പായ, നേന്ത്രപ്പഴം, മധുരക്കിഴങ്ങ്  കഷ്ണങ്ങളും കൂടെ ഇതിൽ ചേർക്കും. എരിവും ശകലം മധുരവും ഉള്ള ഈ കറി കൊങ്കണികൾക്ക് ഏറെ പ്രിയം. എന്തിനേറെ ഗർഭിണികൾക്ക് നടത്തുന്ന സീമന്തം എന്ന ചടങ്ങിനുള്ള സദ്യക്ക് "വാളി അമ്പട്ട് " നിർബന്ധമായും ഉണ്ടാക്കും. അങ്ങനെ രുചികരവും പോഷക സമ്പുഷ്ടവുമായ ഈ കറി തയ്യാറാക്കാനുള്ള രീതിയിലേക്ക് കടക്കാം.

ചേരുവകൾ

1. ബസല ചീര - ഒരു കെട്ട്
2. പപ്പായ         - ചെറുത് ഒരെണ്ണം 
3. മധുരക്കിഴങ് -  ഒരെണ്ണം ഇടത്തരം വലുപ്പത്തിൽ 
4. നേന്ത്രപ്പഴം   - 1  എണ്ണം 
5. സവാള   - 1 വലുത് 
6. ഉരുളക്കിഴങ്ങ് - 1 ചെറുത് 
7. തുവരപ്പരിപ്പ് - 1/2 കപ്പ് 
8. തേങ്ങാ തിരുമ്മിയത് - ഒന്നര കപ്പ് 
9. വറ്റൽ മുളക് -  10- 12 എണ്ണം 
10.വാളൻ പുളി - ഒരു ചെറിയ കഷ്ണം 
11. ശർക്കര - 1 ടേബിൾ സ്പൂൺ 
12. ചുവന്നുള്ളി - 5-7 എണ്ണം 
13. വെളിച്ചെണ്ണ  - 2-3 ടീസ്പൂൺ 
14. ഉപ്പ്  - ആവശ്യത്തിന് 

തുവരപ്പരിപ്പ് കുക്കറിൽ വേവിച്ചു മാറ്റിവെയ്ക്കുക .ബസല ചീരയുടെ ഇലകളും തണ്ടും അരിഞ്ഞു  പപ്പായ,മധുരക്കിഴങ് ,നേന്ത്രപ്പഴം , ഉരുളക്കിഴങ്ങ് , സവാള എന്നിവ കഷ്ണങ്ങളാക്കിയതും കൂടെ ചേർത്തു ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്തു ഒരു വാവട്ടമുള്ള പാത്രത്തിൽ  വേവിയ്ക്കുക .വറ്റൽ മുളക് അര ടീസ്പൂൺ എണ്ണ ചേർത്ത് ചെറുതീയിൽ  വറുത്തു വെയ്ക്കുക.

തേങ്ങയും ഈ വറ്റൽമുളകും പുളിയും നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക .ചീരയും മറ്റു കഷ്ണങ്ങളും വെന്തു വരുമ്പോൾ വേവിച്ചു വെച്ച തുവരപരിപ് ചേർക്കാം. ഇതിലേക്ക് അരപ്പ് ചേർത്തു നന്നായി തിളപ്പിക്കുക .
ശർക്കരയും ചേർക്കാം.

കറി തിളച്ചു പാകമായി ഒഴിച്ച് കറിക്കുള്ള പരുവമായി വരുമ്പോൾ വാങ്ങി വെയ്ക്കുക .ഇനി ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി കുഞ്ഞുള്ളി നല്ല വറുത്ത് മൂപ്പിച്ച് ഇളം ബ്രൗൺ നിറം ആവുന്ന വരെ വറുക്കുക.ഇത് കറിയുടെ മീതെ താളിച്ചു ചേർക്കാം .


ശ്രദ്ധിക്കുക 
1. ബസല ചീരയ്ക്ക് പുറമെ സാമ്പാർ ചീര എന്ന ചീരയും ഇതേ രീതിയിൽ അമ്പട്ട് വെയ്ക്കാം.

2. നല്ല വിളഞ്ഞ പഴുത്തു തുടങ്ങിയ നേന്ത്രപ്പഴം ആണ് ചേർക്കേണ്ടത്

3. മധുരക്കിഴങ്ങ് ചേർത്തില്ലെങ്കിലും കുഴപ്പമില്ല.
4.താളിച്ചു ചേർക്കുമ്പോൾ കടുക് , കറിവേപ്പില ഒന്നും തന്നെ ചേർക്കരുത്.

Content Highlights: vali ambat recipe, konkani food,spinach