ഇഡ്‌ലിയ്ക്കും ദോശയ്ക്കും കൂട്ടാന്‍ രുചിയേറും കപ്പ ബാജി

ഇഡ്ഡലിയ്ക്കും ദോശയ്ക്കുമൊപ്പം ചമ്മന്തിയും സാമ്പാറുമൊക്കെയാണല്ലോ സാധാരണ നമ്മള്‍ ഇഷ്ടപ്പെടുക. എന്നാല്‍ അത്രതന്നെ രുചിയോടെ ആസ്വദിച്ചു കഴിക്കുന്ന മറ്റൊരു കോമ്പിനേഷനുണ്ട്, ' കൊള്ളി ബാജി ' അ
ല്ലെങ്കിൽ കപ്പ ബാജി.
കപ്പ നമ്മുടെ ദൈനംദിന ആഹാരക്രമത്തിന്റെ ഭാഗമാണ്. അതിപ്പോ വെറുതെ കപ്പ വേവിച്ചുടച്ചതോ, പുഴുക്കോ, കപ്പക്കറിയോ എന്തുമാകട്ടെ കപ്പ രുചിഭേദങ്ങളുടെ സാധ്യത അനന്തമാണ്.
കൊങ്കണി പാചകത്തിലുമുണ്ട് കപ്പയ്ക്ക് ചെറുതല്ലാത്ത സ്ഥാനം.വേവിച്ച കപ്പ കഷ്ണങ്ങളില്‍ കടുകും വറ്റല്‍ മുളകും താളിച്ചു, നിറയെ തേങ്ങ ചേര്‍ത്തെടുക്കുന്ന ' കൊള്ളി ഫോടോ ' ആണ് ഒരു പ്രധാന ഐറ്റം. തലശ്ശേരിക്കാരുടെ കോഴിക്കാലും, ബജ്ജിയുമൊക്കെ ഏറെ ഇഷ്ടം.
ഇനി ഇതൊന്നും കൂടാതെ മറ്റൊരു താരമുണ്ട്. ' കൊള്ളി ഹപ്പോളൂ '. പേരു വിചിത്രമാണെന്നറിയാം, എന്നാല്‍ കപ്പ പപ്പടം ആണ് സംഭവം. വേനല്‍ക്കാലത്തെ ചുട്ടുപൊള്ളുന്ന വെയിലത്തു പായയില്‍ ഉണക്കി എടുക്കുന്ന ഈ അപ്പളത്തിന് ആരാധകര്‍ ഏറെയാണ്. ആദ്യം പറഞ്ഞ പോലെ ഇവിടെ പരിചയപ്പെടുത്തുന്ന വിഭവമാണ്, കൊള്ളി ബാജി, അല്ലെങ്കില്‍ കപ്പ ബാജി. ഇഡ്ഡലിക്കും ദോശയ്ക്കുമൊപ്പം വിളമ്പാം.
ചേരുവകള്‍
1. കപ്പ- 1/2 കിലോ
2. സവാള- 3 ഇടത്തരം
3. പച്ചമുളക്- 4 എണ്ണം
4. ഇഞ്ചി- ഒരിഞ്ച് നീളത്തില്‍
5. തേങ്ങ- 1/2 കപ്പ്
6. ജീരകം- 1 ടീസ്പൂണ്‍
7. വറ്റല്‍മുളക്- 3 - 4 എണ്ണം
8. കടുക്, ഉഴുന്ന്, കറിവേപ്പില- താളിക്കാന്‍.
9. ഉപ്പ്- ആവശ്യത്തിന്
10.മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
പാചകരീതിയിലേക്ക്
കപ്പ ചെറു ചതുരക്കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും ഒരല്പം മഞ്ഞള്‍പ്പൊടിയുമിട്ട് വേവിച്ചു ഉടയാതെ എടുക്കുക. വേവിച്ച വെള്ളം വാര്‍ത്തു കളയാം. വറ്റല്‍ മുളക് ഒരല്പം വെളിച്ചെണ്ണ ചൂടാക്കി ചെറുതീയില്‍ വറുത്തു മാറ്റി വെയ്ക്കുക. വറുത്ത മുളകും തേങ്ങയും ജീരകവും കൂടെ ഒരല്പം തരുത്തരുപ്പായി അരച്ചെടുക്കുക.
ഇനി ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉഴുന്നും കറിവേപ്പിലയും താളിക്കുക. ഇതിലേക്ക് ഇഞ്ചി അരിഞ്ഞതും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക. ഇനി സവാള ചേര്‍ത്ത് ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ടു വഴറ്റാം. നന്നായി വഴണ്ട് വരുമ്പോള്‍ വെന്ത കപ്പയും ഒരു കപ്പ് വെള്ളവും ചേര്‍ക്കാം.
തിള വന്നു തുടങ്ങുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കി തിളപ്പിക്കാം. ചാറ് കുറുകി ബാജി തയ്യാറാവുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റാം. കൊള്ളി ബാജി തയ്യാര്‍.
Content Highlights: tapioca bajji recipe,konkani recipe,recipe, Konkani Style ,konkani food,food