സ്വർണവർണ ദോശ, കൊങ്കണി സ്റ്റൈൽ സുർനളിയും കുടങ്ങലില ചമ്മന്തിയും

KONKANI VASARI
#പ്രിയാ ആർ ഷെണോയ്
സുർന്നളി, കുടങ്ങലില ചമ്മന്തി
സുർന്നളി, കുടങ്ങലില ചമ്മന്തി

പ്രാതലിന് ഒരല്പം മധുരം ഇഷ്ടമുള്ളവരാണോ? എങ്കിൽ ഇന്നിതാ നിങ്ങൾക്കായി ഒരു സ്പെഷ്യൽ ദോശ. ഇത് കൊങ്കണികളുടെ വിശേഷ വിഭവമായ 'സുർന്നളി'. പേര് പോലെ സ്വർണ വർണമുള്ള ഒരു ദോശ. 

ഇനി സുർന്നളിക്ക് സ്വർണവർണം എങ്ങനാന്നല്ലേ? അത് ശർക്കരയുടെ മായാജാലം. ശർക്കര ചേർത്ത തൈരിന്റെ ശകലം പുളിപ്പ് നിറഞ്ഞ പതുപതുത്ത ദോശകൾ. വെണ്ണയാണ് കൂട്ടിന് ഉത്തമം. അതല്ലെങ്കിൽ ചമ്മന്തിയുമാവാം.

സുർന്നളി കൊങ്കണികളുടെ ഇഷ്ട രുചി ആണെങ്കിലും കാർത്തിക മാസത്തിലെ ദ്വാദശിയോടനുബന്ധിച്ചു നടത്തുന്ന തുളസി പൂജയുടെ അന്നേ ദിവസം മിക്ക വീടുകളിലും പ്രാതലിനു സുർന്നളി നിർബന്ധമായും ഉണ്ടാക്കും. വെണ്ണയ്ക്കൊപ്പം തന്നെ കുടങ്ങൽ ഇലകൾ അരച്ച തേങ്ങാ ചമ്മന്തിയും ഉണ്ടാക്കും.

പാടവരമ്പത്തും മറ്റും കാണപ്പെടുന്ന കുടങ്ങൽ അല്ലെങ്കിൽ മുത്താൾ എന്ന് വിളിക്കുന്ന ഈ ഇലകൾക്ക് ഔഷധ ഗുണവും ഏറെയാണ്. സുർന്നളിക്കൊപ്പം ഇവയ്ക്ക് രുചി കൂടുതൽ ആണെങ്കിലും ചോറിനോപ്പവും ഇത് കഴിക്കാവുന്നതാണ്.

പാചകരീതിയിലേക്ക് 

ചേരുവകൾ

1.പച്ചരി- ഒന്നര കപ്പ്‌

2.തേങ്ങ- മുക്കാൽ കപ്പ്‌

3.അവിൽ- ഒരു കപ്പ്

4.ശർക്കര- ഒരു കപ്പ്‌

5.തൈര്- ഒരു കപ്പ്‌

6.ഉലുവ- ഒരു ടീസ്പൂൺ

7.ഉപ്പ്- ആവശ്യത്തിന്

8.മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പച്ചരിയും ഉലുവയും കഴുകി മൂന്നാല് മണിക്കൂർ കുതിർക്കുക. മാവ് അരയ്ക്കുന്നതിന് അരമണിക്കൂർ മുൻപ് അവിൽ തൈരിൽ കുതിർക്കുക. 

ശേഷം പച്ചരി, തേങ്ങ, അവിൽ തൈര് ഒക്കെ വെള്ളം അധികം ചേർക്കാതെ നന്നായി അരച്ചെടുക്കുക. പിന്നീട് ശർക്കര ചേർത്ത് നന്നായി അരയ്ക്കുക.

മാവിന്റെ അയവ് സാധാരണ ദോശ മാവിൽ നിന്നും അല്പം കട്ടി കൂടിയതാവണം. ഇനി ഉപ്പും മഞ്ഞൾപ്പൊടിയും കൂടി വിതറി മാവ് ആറേഴു മണിക്കൂർ കുതിർക്കാനായി വെയ്ക്കാം.

പുളിപ്പിച്ച മാവ് നന്നായി ഇളക്കി ദോശ ചുട്ടു തുടങ്ങാം. സുർന്നളി മറിച്ചിട്ട് ചുടാറില്ല.അധികം പരത്താറുമില്ല. അതിനാൽ ചൂടായ കല്ലിൽ മാവ് ഒഴിച്ച് പരത്തിയ ഉടനെ തീ കുറച്ച് ഒരടപ്പ് വെച്ച് മൂടിവെച്ച് വേണം ദോശ ചുടാൻ.

അടിഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ സുർന്നളി തയ്യാർ.

കുടങ്ങലില ചമ്മന്തി

  1. കുടങ്ങലിലകൾ- ഒരുപിടി
  2. തേങ്ങാ- ഒരു കപ്പ്
  3. പച്ചമുളക്- 3-4 എണ്ണം
  4. വാളൻ പുളി-ഒരു ചെറു കഷ്ണം
  5. ഉപ്പ്- ആവശ്യത്തിന്.

മേൽപ്പറഞ്ഞ എല്ലാ ചേരുവകളും അല്പം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ചമ്മന്തി തയ്യാർ. 

Content Highlights: sweet dosa, jaggery dosa, konkani recipe, sunnalli recipe, indian breakfast, coconut dosa, yogurt dosa, special dosa, traditional recipe, kudangal leaf chutney