നാലുമണി പലഹാരമായി രുചിയേറും സക്ക്രേ തുക്ടി ഉണ്ടാക്കാം

KONKANI VASARI
#പ്രിയാ ആർ ഷെണോയ്
photo| സക്ക്രേ തുക്ടി|
photo| സക്ക്രേ തുക്ടി|

മധുരപലഹാരങ്ങള്‍ കുട്ടികളെ എന്നും ആകര്‍ഷിക്കും. ഇടയ്ക്കിടെ കൊറിക്കാന്‍ പറ്റുന്ന മധുരംകൂടെയാണെങ്കില്‍ പിന്നെ പറയണ്ട. ഇടയ്ക്ക് വല്ലപ്പോഴും നമ്മള്‍ മുതിര്‍ന്നവര്‍ക്കും കൊതിയോടെ കഴിക്കാന്‍ വേണ്ടി ഡയറ്റും മറ്റും  മറന്ന് നമ്മള്‍ ഇത്തരം മധുര പലഹാരങ്ങള്‍ കൊതിയോടെ ആസ്വദിക്കാറുണ്ട്. അത്തരത്തില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പലഹാരം ഇന്ന് പരിചയപ്പെടുത്താം.

കൊങ്കണികള്‍ ഇതിനെ ' തുക്ടി ' എന്ന് വിളിക്കും.. നമ്മള്‍ ഡയമന്‍ എന്നും ആറാം നമ്പര്‍ എന്നുമൊക്കെ വിളിക്കുന്ന അതേ പലഹാരം. ഇത് രണ്ട് രീതിയില്‍ തയ്യാറാക്കും. ഒന്ന്, എരിവോടെ നല്ല ചുവന്ന നിറത്തില്‍ ഉള്ള തുക്ടി. പിന്നൊന്ന് മധുരമുള്ള തുക്ടി. 'സക്ക്രേ തുക്ടി ' എന്നാണ് ഇതിനെ കൊങ്കണിയില്‍ വിളിക്കുന്ന പേര്. 'സക്കര്‍' എന്നാല്‍ പഞ്ചസാര. പേര് പോലെ പഞ്ചസാര പാനിയില്‍ പൊതിഞ്ഞുനിക്കുന്ന തുക്ടി ആയതിനാല്‍ 'സക്കരേ തുക്ടി 'എന്ന് വിളിക്കും.
      
ചേരുവകള്‍ 

1.മൈദാ -  1/2 കിലോ 
2.ഡാല്‍ഡ - 1/2 കിലോയോളം 
3.പഞ്ചസാര - 1/2 കിലോ 
4. ഏലയ്ക്ക-  8- 10 എണ്ണം 

പാചകരീതി

മൈദാ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇത്തിരി കട്ടിയായി കുഴച്ചെടുക്കുക. ഇനി ചപ്പാത്തി പരത്തും പോലെ എത്രയും നേര്‍ത്ത് പരത്താന്‍ പറ്റുമോ അത്രേം നേര്‍ത്ത് പരത്തുക. ശേഷം  ഒരു കത്തി വെച്ച് ഓരോ ചപ്പാത്തികളും ഡയമണ്ട് ഷേപ്പില്‍ മുറിച്ചെടുക്കുക .ഇനി ഒരു ചീനച്ചട്ടിയില്‍ ഡാല്‍ഡ ഒഴിച്ച് ചൂടാക്കുക.

ചൂടായ ഡാല്‍ഡയില്‍ ഡയമന്‍ ആകൃതിയില്‍ മുറിച്ചു വെച്ച ചപ്പാത്തി കഷ്ണങ്ങള്‍ നല്ല ക്രിസ്പ് ആയി വറുത്തു കോരി മാറ്റി വയ്ക്കുക. ഇങ്ങനെ എല്ലാം വറുത്തു തീര്‍ന്നതിനു ശേഷം മാത്രം പഞ്ചസാര പാനി തയ്യാറാക്കുക.

പഞ്ചസാര പാനി തയാറാക്കാന്‍ പഞ്ചസാരയും വെള്ളവും  2:1  എന്ന അനുപാതത്തില്‍ ചൂടാക്കുക. പാനി രണ്ടു നൂല്‍ പരുവമാകുമ്പോള്‍ അതിലേക്ക് ഏലയ്ക്ക പൊടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

പാനി തയ്യാറായ ഉടനെ അടുപ്പില്‍ നിന്നും മാറ്റി അപ്പോള്‍ തന്നെ വറുത്തുവെച്ച ഡയമണ്ട് ചേര്‍ത്തു നന്നായി ഇളക്കുക. പഞ്ചസാര പാനി നന്നായി എല്ലാ ഡയമണ്ടിനും ഒട്ടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം ഒരു പരന്ന തളികയിലോട്ട് മാറ്റി ചൂടാറാന്‍ വയ്ക്കുക. ചൂടാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തിലിട്ട് സൂക്ഷിച്ചുവെക്കാം.

Content Highlights: sakde tukdi recipe, recipe, Konkani Style ,konkani food,food