ചോറിനൊപ്പം കൂട്ടാം എരിവും പുളിയുമുള്ള ഈ ദോശ; കൊങ്കണി വിഭവം 'സന്നാ പോളോ' തയ്യാറാക്കാം

കാഴ്ചയിൽ ദോശ പോലെ ആണെങ്കിലും ചോറിനൊപ്പം കറി പോലെ കഴിക്കുന്ന ഒരു വിഭവമാണ്. ഇത് കൊങ്കണികളുടെ വിശേഷ രുചിയായ 'സന്നാ പോളോ'.
'സന്നാ പോളോ ' നല്ല എരിവും അല്പം പുളിയുമൊക്കെയുള്ള ഒരു ദോശയാണ്. പ്രത്യേക കൂട്ടിലുള്ള മാവാണ്. പച്ചരിയും തുവരപരിപ്പും തേങ്ങയും മുളകും പ്രധാന ചേരുവകൾ. മാവിൽ സവാള ചെറുതായി അരിഞ്ഞു ചേർക്കുന്നതാണ് സന്നാപോളോയുടെ രീതി. എന്നാൽ അല്പം കൂടി രുചികരമാക്കാനായി കൊങ്കണികൾ ഇതിൽ വിവിധ തരം ഇലകൾ കൂടെ ചേർക്കും. മുരിങ്ങയില, ഉലുവയില, പല തരം ചീരകൾ, ക്യാബേജ് ഒക്കെ ചേർക്കും. രുചിയും ഗുണവും ഒരുപടി കൂടെ കൂടുകയും ചെയ്യും.
ഇവ കൂടാതെ പടവലങ്ങ കുരു, ഉപ്പിലിട്ട ചക്കചുളകൾ, പൊടിയായി അരിഞ്ഞ മുളങ്കൂമ്പ് ഒക്കെയും ചേർത്തുണ്ടാക്കുന്ന സന്നപോളൊയുടെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല. എന്തിനേറെ, പുതു തലമുറ ക്യാപ്‌സിക്കം, കോളിഫ്ലവർ മഷ്‌റൂം എന്നിവ പോലും സന്നാ പോളോയുടെ മാവിൽ അരിഞ്ഞു ചേർത്തുണ്ടാക്കി രുചി വിപ്ലവം പോലും തീർത്തു.
ഇന്ന് പരിചയപ്പെടുത്തുന്നത് ഉലുവ ചീര ചേർത്തുണ്ടാക്കുന്ന സന്നാ പോളോ യാണ്. രുചിയും ഗുണവും മാത്രമല്ല ഉലുവയിലകളുടെ മണം കൂടെയാകുമ്പോൾ ഇവയ്ക്ക് ആരാധകർ ഏറെയാകും.
പാചകരീതിയിലേക്ക്
ചേരുവകൾ
- പച്ചരി- 1 കപ്പ്
- തുവരപ്പരിപ്പ്- 1/2 cup
- തേങ്ങാ- 1 കപ്പ്
- വറ്റൽമുളക്- 10- 15 വരെ
- വാളൻ പുളി
- ഒരുചെറിയ കഷ്ണം
- സവാള- 1 ഇടത്തരം
- ഉലുവ ചീര അരിഞ്ഞത്- 2 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- പച്ചരിയും പരിപ്പും കഴുകി ഒരുമിച്ചു ഒന്നര മുതൽ രണ്ടു മണിക്കൂർ വരെ കുതിർക്കുക.
- ശേഷം ആദ്യം തേങ്ങയും പുളിയും വറ്റൽമുളകും നന്നായി അരയ്ക്കുക. വെള്ളം അധികം ചേർക്കരുത്.
- ഇതിലേക്ക് അരിയും പരിപ്പും ചേർത്ത് ചെറുതായി തരുതരുപ്പോടെ അരച്ചെടുക്കുക.
- ഇതിലേക്ക് ഉപ്പും സവാളയും അരിഞ്ഞ ഉലുവ ചീരയും നന്നായി യോജിപ്പിക്കുക. മാവ് ഇത്തിരി കട്ടിയായി തന്നെ വേണം.
- അര മണിക്കൂറിനു ശേഷം ദോശ ചുട്ടെടുക്കാം. മാവ് ഇതിൽക്കൂടുതൽ നേരം പുളിപ്പിക്കാനും വെയ്ക്കരുത്.
- ദോശ അല്പം കട്ടിയായി പരത്തി ഇടത്തരം ചൂടിൽ രണ്ട് വശവും മൊരിച്ചെടുക്കുക.
ചൂടോടെ കഴിക്കാൻ തന്നെയാണ് സ്വാദ്. ഈ അളവ് വെച്ച് 7- 8 ദോശ വരെയുണ്ടാക്കാം. ബാക്കി വന്ന മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കാം
Content Highlights: Learn how to make Sanna Polo, a delicious konkani dosa.