ഉപ്പിലിട്ട നെല്ലിക്ക ഉണ്ടോ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം കൊങ്കണി 'നെല്ലിക്ക ഗൊജ്ജു'

#പ്രിയാ ആർ ഷെണോയി
ഗൊജ്ജു
ഗൊജ്ജു

ചൂട് കഞ്ഞിക്കൊപ്പം ഒരിത്തിരി ചമ്മന്തി ശീലിച്ചു പോയവരാണ് നമ്മൾ. സാദാ തേങ്ങാ ചമ്മന്തി കൂടാതെ ചുട്ടരച്ചത്, വറുത്തരച്ചത്, മാങ്ങാ ചമ്മന്തി, നെല്ലിക്ക ചമ്മന്തി, ഇലുമ്പൻ പുളി ചമ്മന്തി ഇങ്ങനെ പലതരം ചമ്മന്തികളും നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ ഇന്ന് പഴമയുടെ രുചിക്കൂട്ടുകൾ കുറിച്ച ഒരേട് തുറന്ന്, രുചിച്ചു നോക്കിയാലോ?
ഇത് കൊങ്കണികളുടെ സ്പെഷ്യൽ ആയ ഉപ്പിലിട്ട നെല്ലിക്ക കൊണ്ടുള്ള 'ഗൊജ്ജു' അല്ലെങ്കിൽ ചമ്മന്തി. ഗൊജ്ജു എന്ന വിഭാഗത്തിൽ പല തരം രുചികൾ വരാറുണ്ട്. തേങ്ങ ചേർത്തും ചേർക്കാതെയും പാകം ചെയ്ത പച്ചക്കറികൾ വെറുതെ ഉടച്ചും ഗൊജ്ജു ഉണ്ടാക്കും. ഇതിൽ എരിവും പുളിയുമുള്ളത് മാത്രമല്ല നല്ല മധുരമുള്ള ഗൊജ്ജുകളുമുണ്ട്. പച്ചക്കറികൾ പുഴുങ്ങിയും ആവിയിൽ വേവിച്ചും കനലിൽ ചുട്ടും ഇതിനായി എടുക്കും. നല്ല മധുരമുള്ള മാമ്പഴം, പൈനാപ്പിൾ, കദളിപ്പഴം കൊണ്ടൊക്കെ മധുരമുള്ള ഗൊജ്ജുവുമുണ്ടാക്കും.
ഇക്കൂട്ടത്തിലെ ഒരു പ്രധാനിയാണ് ഇന്നത്തെ ഗൊജ്ജു. ഉപ്പിലിട്ട നെല്ലിക്കയാണ് ഇതിലെ താരം. ഒന്നോ രണ്ടോ ഉപ്പിലിട്ടനെല്ലിക്ക കടിച്ചു കൊണ്ട് ചൂട് കഞ്ഞി കുടിക്കാൻ ഇഷ്ടമുള്ളവർ തീർച്ചയായും ഉണ്ടാക്കി നോക്കേണ്ട വിഭവം. ഉപ്പിലിട്ട മാങ്ങ കൊണ്ടും ഇതേ രീതിയിൽ ഗൊജ്ജു തയ്യാറാക്കാം.
ചേരുവകൾ
1.ഉപ്പിലിട്ട നെല്ലിക്ക- 6 എണ്ണം
2.തേങ്ങ- 3/4 കപ്പ്‌
3.വറ്റൽ മുളക്- 5 - 7 എണ്ണം
4.വെളുത്തുള്ളി- 5 അല്ലികൾ
5.ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വറ്റൽ മുളക് ഒരു അര ടീസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറുതീയിൽ വറുത്തെടുക്കുക.

നെല്ലിക്ക കുരു കളഞ്ഞു കാമ്പ് മാത്രമായി എടുക്കുക.
ശേഷം തേങ്ങ, വറ്റൽ മുളക്, വെളുത്തുള്ളി അല്ലികൾ, ഉപ്പിലിട്ട നെല്ലിക്ക എന്നിവ ഒരല്പം വെള്ളമൊഴിച്ചു നല്ല മഷി പോലെ അരച്ചെടുക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർക്കുക. ഉപ്പിലിട്ട നെല്ലിക്ക ഗൊജ്ജു തയ്യാർ.

Content Highlights: Discover the authentic Konkani `Gojju` made with pickled gooseberries.