ഊണിനൊപ്പം ഒരു പൊരിച്ച വിഭവം കൂടിയായാലോ? എരിവും മധുരവും ചേർന്ന ദുദ്ദിയാ ഫോഡി

#പ്രിയാ ആർ ഷെണോയ്
ദുദ്ദിയാ ഫോഡി
ദുദ്ദിയാ ഫോഡി

കൊങ്കണി വിഭവങ്ങൾ നിരത്തിയ ഒരു സ്പെഷ്യൽ ഊണാണെങ്കിൽ അതിൽ ഒരറ്റത്ത് നിർബന്ധമായും ഒരു പൊരിച്ച ഐറ്റം കാണും. " ഫോഡി " എന്നാണിത്തരം പൊരിച്ച വിഭവങ്ങളെ വിളിക്കുക.

കടലമാവ് ചേർത്ത് സാധാരണ ബജ്ജി കൂട്ടിൽ മുക്കി പൊരിക്കുന്ന ബജ്ജികളും ഊണിനൊപ്പം കൊങ്കണികൾ വിളമ്പും. കടച്ചക്ക, കോളിഫ്ലവർ, ക്യാപ്‌സികം, കത്തിരിക്ക തുടങ്ങിയവ ഇത്തരത്തിൽ ഫോഡികളായി ഉണ്ടാക്കാം.  കടലമാവ് ചേർക്കാതെ, അരിപ്പൊടിയിൽ പുതഞ്ഞെടുത്തും ഇതേ പച്ചക്കറികൾ വറുത്തെടുക്കും. രണ്ടിനും ആരാധകർ ഏറെ. അരിപ്പൊടിക്ക്‌ പകരം റവയിൽ പുതഞ്ഞും വറുക്കുന്നവരുണ്ട്.

ഫോഡികൾ എന്നും നിറയെ എണ്ണയിൽ വറുത്ത് കോരിയെടുക്കുന്നത് തന്നെയാണ് രുചികരം. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഇപ്പോൾ മിക്കവരും ദോശക്കല്ലിൽ അല്പം മാത്രം എണ്ണയിൽ  ഫോഡികൾ മൊരിച്ചെടുക്കും. രുചി ഒപ്പത്തിനൊപ്പം തന്നെ.

ഇന്ന് പരിചയപ്പെടുത്തുന്നത് മത്തങ്ങ ഫോഡി ആണ്. " ദുദ്ദിയാ ഫോഡി"  എന്ന് കൊങ്കണിയിൽ വിളിക്കും. ദുദ്ദി എന്നാൽ കൊങ്കണിയിൽ മത്തങ്ങ എന്നർത്ഥം. വളരെ കുറച്ചു ചേരുവകൾ കൊണ്ടു ഇത്തരം രുചികരമായ ഫോടികൾ തയ്യാറാക്കാം. മത്തങ്ങയുടെ സ്വാഭാവിക മധുരം കൂടെയാകുമ്പോൾ രുചി പൊടിക്ക് കൂടിയില്ലെങ്കിലേയുള്ളൂ.

ചേരുവകൾ  

1. മത്തങ്ങ         1/4 kg
2. പിരിയൻ മുളക്പൊടി    4-5 ടീസ്പൂൺ
3. കായപ്പൊടി     1 ടീസ്പൂൺ
4. ഉപ്പ്      ആവശ്യത്തിന്
5. വെളിച്ചെണ്ണ       2-4 ടീസ്പൂൺ
6. അരിപ്പൊടി        1/4 കപ്പ്‌ 

 പാചകരീതിയിലേക്ക് 

മത്തൻ കഷ്ണങ്ങളിൽ മുളകുപൊടി, ഉപ്പ്, കായപ്പൊടി എന്നിവ ചേർത്ത് നന്നായി പുരട്ടി വെയ്ക്കണം. വെള്ളം ചേർക്കേണ്ടതില്ല. അല്പം കഴിഞ്ഞ് ഒരു പാനിൽ എണ്ണ ചൂടാക്കുക. മത്തൻ കഷ്ണങ്ങൾ ഓരോന്നായി അരിപ്പൊടിയിൽ പുതഞ്ഞ് എടുക്കുക.  പാനിൽ കഷ്ണങ്ങൾ നിരത്തിയ ഉടനെ ഫ്‌ളൈയിം സിമ്മർ ചെയ്ത് അടച്ചു വെയ്ക്കുക. മത്തൻ വളരെ പെട്ടെന്ന് പാകമായിവരും. അഞ്ചു മിനിറ്റുകൾക്ക് ശേഷം അടപ്പ് മാറ്റി ഓരോ കഷ്ണങ്ങളും തിരിച്ചിടാം.  വീണ്ടും അടപ്പ് കൊണ്ട് അടച്ചു വെയ്ക്കേണ്ടതില്ല. രണ്ടു വശവും നന്നായി മൊരിഞ്ഞു വരുമ്പോൾ വാങ്ങി വെയ്ക്കാം.

Content Highlights: phodi recipe, konkani recipes