തനിനാടന്‍ കുട്ടനാടന്‍ രുചി: കള്ളൊഴിച്ച താറാവ് കറിയുണ്ടാക്കാം

പതിവ് കറികളില്‍ നിന്നും തികച്ചും വിഭിന്നമായി പരമ്പരാഗത രീതിയില്‍ വറുത്തരച്ച ഗ്രേവിയുടെ രുചിയോടെ കള്ള് ചേര്‍ത്ത ഒരു താറാവ് കറിയുണ്ടാക്കാം.ചോറിനൊപ്പവും അപ്പത്തിനും ചപ്പാത്തിക്കുമൊപ്പവുമെല്ലാം ഇത് കഴിക്കാം. എന്തിന് കപ്പയ്‌ക്കൊപ്പം പോലും കഴിക്കാന്‍ പറ്റുന്ന സ്വാദേറിയ വിഭവമാണിത്. കുട്ടനാടന്‍ തനി നാടന്‍ വിഭവം വിശേഷ ദിവസങ്ങളിലും കൂട്ടായ്മകളിലും സ്വാദോടെ തയ്യാറാക്കി വിളമ്പാം. അപൂര്‍വം ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മാത്രമാണ് കള്ള് ചേര്‍ക്കുന്നത്. ഇനി പരീക്ഷിച്ചു നോക്കാം.
ചേരുവകള്‍
- താറാവ് -ഒരു കിലോ
- വെളുത്തുള്ളി- 5 അല്ലി
- ഇഞ്ചി -ഒരിഞ്ചു വലിപ്പത്തിലുള്ള രണ്ട് പീസ്
- പച്ചമുളക് -രണ്ടെണ്ണം
- സവാള -രണ്ടെണ്ണം
- തക്കാളി -രണ്ടെണ്ണം
- അര മുറി- തേങ്ങയുടെ പാല്‍
- കള്ള് -അരക്കപ്പ്
- കറിവേപ്പില - രണ്ടു തണ്ട്
- ഉണക്ക മുളക് -അഞ്ചെണ്ണം
- കടുക് -അര ടേബിള്‍ സ്പൂണ്‍
- ഗരം മസാല- കാല്‍ ടേബിള്‍ സ്പൂണ്‍
- ജീരകത്തിന്റെ പൊടി -കാല്‍ ടേബിള്‍ സ്പൂണ്‍
- കുരുമുളകുപൊടി -കാല്‍ ടേബിള്‍ സ്പൂണ്‍
- മാഗി ക്യൂബ് -ഒരെണ്ണം
വറുത്തരയ്ക്കാന്‍
- ഉണക്കമുളക്- 5
- മല്ലി- 1 സ്പൂണ്‍
- കുരുമുളുക്-10
- തേങ്ങ-കാല്‍കപ്പ്
- മുളക് പൊടി-ഒരു നുള്ള്
- മഞ്ഞപ്പൊടി-ഒരു നുള്ള്
പാചകരീതിയിലേയ്ക്ക്
തേങ്ങയില്‍ ഉണക്കമുളകും മല്ലിയും കുരുമുളകും ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. ബ്രൗണ്‍ നിറമായി വരുമ്പോള്‍ മുളക് പൊടിയും മഞ്ഞപ്പൊടിയും ചേര്‍ത്തുകൊടുത്ത് തീയണയ്ക്കാം. വറുത്ത ചേരുവകള്‍ വെള്ളം ചേര്‍ക്കാതെ വേണം അരച്ചെടുക്കണം.
വൃത്തിയായി കഴുകിയെടുത്ത ഒരു കിലോ താറാവിലേക്ക് ഉപ്പ്, മഞ്ഞള്‍പ്പൊടി ,മല്ലിപ്പൊടി ,കാശ്മീരി മുളകുപൊടി, വെളിച്ചെണ്ണ, കറിവേപ്പില, ഗരം മസാല ,ജീരകത്തിന്റെ പൊടി ഇവയെല്ലാം നല്ല രീതിയില്‍ യോജിപ്പിക്കണം.
ശേഷം കുക്കറില്‍ അല്പം വെള്ളമൊഴിച്ച് മൂന്ന് വിസില്‍ അടച്ചു വച്ചു വേവിക്കുക. ഒരു പാനിലേക്ക് കടുക് പൊട്ടിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ,ഇഞ്ചി പച്ചമുളക് ,ചെറുതായി മുറിച്ച സവാള എന്നിവയല്ലാം ഇട്ടുകൊടുക്കാം.
ഇതെല്ലാം ബ്രൗണ്‍ കളര്‍ ആയി വരുമ്പോള്‍ അതിലേക്ക് കാല്‍ ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകുപൊടി ,ഒരു ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി ,ഒരു ടേബിള്‍ സ്പൂണ്‍ മീറ്റ് മസാല എന്നിവ ചേര്‍ക്കാം. അതു ചെറുതീയില്‍ വഴറ്റുക. ഇതിലേക്ക് തക്കാളി രണ്ടെണ്ണം ചെറുതായി അരിഞ്ഞത് കൂടി ഇട്ടുകൊടുക്കാം.
അത് നല്ല രീതിയില്‍ വഴറ്റി വന്നതിനുശേഷം അതിലേക്ക് വേവിച്ചുവച്ചിട്ടുള്ള താറാവ് സ്റ്റോക്കോഡ് കൂടി ഒഴിച്ചു കൊടുക്കുക ഈ സമയത്ത് മാഗി ക്യൂബ് ഇട്ടുകൊടുക്കാം. ഈ സമയത്ത് വറുത്തരപ്പ് ഗ്രേവി രണ്ട് ടേബിള്‍ സ്പൂണ്‍ ഇട്ടുകൊടുക്കണം.
അതിലേക്ക് തേങ്ങയുടെ രണ്ടാം പാല്‍ ഒഴിച്ചുകൊടുക്കുക. വെന്തുവരുമ്പോള്‍ അതിലേക്ക് 1 കപ്പ് കള്ള് ഒഴിച്ചു കൊടുക്കുക. ശേഷം ഒന്നാം പാല്‍ ഒഴിച്ചുകൊടുത്തു ചെറുതീയില്‍ 2 മിനിറ്റ് വേവിച്ചാല്‍ കള്ളൊഴിച്ച താറാവ് കറി തയ്യാര്‍.
Content Highlights: kuttanadan duck curry recipe