ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാം, നിലക്കടല അരച്ച മാറാത്തി സ്റ്റൈൽ കത്തിരിക്ക കറി

FLAVORS OF MEMORY
#രവീന്ദ്രൻ മുവാറ്റുപുഴ
ചേരുവകൾ, മറാത്തി സ്റ്റൈൽ കത്തിരിക്കാ കറി
ചേരുവകൾ, മറാത്തി സ്റ്റൈൽ കത്തിരിക്കാ കറി

ഒരിക്കൽ മഹാരാഷ്ട്ര - പുണെ നഗര വാസിയായ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും ചപ്പാത്തിയ്ക്കൊപ്പം കിട്ടിയ കറി മുൻപൊരിക്കലും കഴിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. നിലക്കടല അരച്ചു ചേർത്ത കത്തിരിക്ക (വഴുതനങ്ങ) കറി. 

ചപ്പാത്തിക്ക് മാത്രമല്ല, പൊറോട്ടയ്ക്കും അപ്പത്തിനും ഇടിയപ്പത്തിനും പുട്ടിനും ചോറിനും ഒക്കെ ഈ കറി കൊള്ളാം എന്നാണ് അനുഭവം. നിലക്കടലക്ക്‌ ഒപ്പം 4-5 വറുത്ത കശുവണ്ടി കൂടി കുതിർത്തി അരച്ചാൽ രുചി കൂടും. 250 ഗ്രാം കത്തിരിക്ക കൊണ്ട് ഇന്നൊരു മറാത്തി കത്തിരിക്ക കറി ഉണ്ടാക്കിയത് ഇങ്ങനെയാണ്.

ചേരുവകൾ (നാലു പേർക്ക് ആവശ്യമായ കറിക്ക്)

  1. ഇടത്തരം വലുപ്പമുള്ള കത്തിരിക്ക - 3 എണ്ണം ( നാലായി നീളത്തിൽ മുറിച്ചത്)
  2. നിലക്കടല - 100 gm (തൊലി കളഞ്ഞ, വറുത്ത വെള്ള കടല)
  3. സവാള - 2 എണ്ണം (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
  4. തക്കാളി - 2 എണ്ണം (കനം കുറച്ച് നീളത്തിൽ അരിഞ്ഞത്)
  5. പച്ച മുളക് - 4 എണ്ണം (രണ്ടായി നീളത്തിൽ കീറിയത്)
  6. മല്ലിപ്പൊടി - 1 ടീ സ്പൂൺ
  7. മഞ്ഞൾ പൊടി - അര ടീ സ്പൂൺ

കടുക് വറുക്കാൻ 

  1. വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ, കടുക് - അര ടീ സ്പൂൺ, കറിവേപ്പില - 1 തണ്ട്, വറ്റൽ മുളക് - 2 എണ്ണം (രണ്ടായി മുറിച്ചത്)
  2. ഉപ്പ്, വെള്ളം ആവശ്യത്തിന്

പാചക ക്രമം

1. വറുത്ത നിലക്കടല വെള്ളത്തിലിടുക. അര മണിക്കൂർ കുതിരണം.

2. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ മൂപ്പിച്ച് കടുക് പൊട്ടിച്ച്, രണ്ടായി മുറിച്ച വറ്റൽ മുളകും കറിവേപ്പിലയും താളിച്ചതിലേക്ക് സവാളയും പച്ച മുളകും ലേശം ഉപ്പും ചേർത്ത് സവാള വഴന്നു വരുമ്പോൾ മല്ലിപ്പൊടിയും മഞ്ഞൾ പൊടിയും ചേർക്കുക. പൊടി മൂക്കുമ്പോൾ തക്കാളി ചേർക്കാം. തക്കാളി കൂടി വഴന്നു പാകമാകുമ്പോൾ, ആ കൂട്ടിൽ നിന്നും പകുതി കോരി മാറ്റിയ ശേഷം നീളത്തിൽ കീറിയ കത്തിരിക്ക ചേർത്ത് മൂപ്പിക്കുക.

3. കുതിർന്ന നിലക്കടലയും വഴറ്റിയതിൽ നിന്നും കോരിയെടുത്ത സവാളയും തക്കാളിയും (തണുത്തു കഴിയുമ്പോൾ) ലേശം വെള്ളം ചേർത്ത് മിക്സിൽ നന്നായി അരച്ച് അരപ്പ് തയ്യാറാക്കി വയ്ക്കുക.

4. കത്തിരിക്ക മൂത്ത് വരുന്ന മുറയ്ക്ക് ചാറിന് ആവശ്യമായ വെള്ളവും ഉപ്പും ചേർത്ത് 2-3 മിനിറ്റ് തിളപ്പിച്ച ശേഷം അരപ്പ് ചേർത്ത് തിളപ്പിച്ച് വാങ്ങാം

Content Highlights: Discover a delicious Maharashtrian Khatri curry made with brinjal and ground peanuts.