'കല്ലുമ്മക്കായ് ഫാൻസ് ഇവിടെ കമോൺ', ഈ കൊങ്കണി വിഭവം നിങ്ങൾക്കായാണ്

#പ്രിയാ ആർ ഷെണോയ്
കല്ലുമ്മക്കായ് സ​ഗ്ലെ | ഫോട്ടോ: പ്രിയാ.ആർ.ഷെണോയ്
കല്ലുമ്മക്കായ് സ​ഗ്ലെ | ഫോട്ടോ: പ്രിയാ.ആർ.ഷെണോയ്

വീണ്ടുമൊരു കല്ലുമ്മക്കായ സീസൺ വരവായല്ലോ. കല്ലുമ്മക്കായ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർ വില അല്പം കൂടിയാൽ പോലും ഒരു തവണ എങ്കിലും വാങ്ങിക്കഴിച്ചിരിക്കും. കൊങ്കണി പാചകത്തിലുമുണ്ട് കല്ലുമ്മക്കായ കൊണ്ടുള്ള ഒരുപിടി വിഭവങ്ങൾ. 

കല്ലുമ്മക്കായ വറുത്തത് തന്നെ മുൻപന്തിയിൽ. വറുക്കാനാണെങ്കിൽ കല്ലുമ്മക്കായ പച്ചയ്ക്ക് തോട് പൊളിച്ചു അകത്തെ മാംസം പുറത്തെടുക്കണം. അതിനാണ് രുചി എന്നാണ് മുതിർന്നവർ പറയുക. വറുത്ത വറ്റൽ മുളകും പുളിയും ചേർത്തരച്ച് കായമൊഴിച്ചു ചാറ് ഒരല്പം കുറുക്കി എടുക്കുന്ന ഉപ്കരി എന്ന മുളകിട്ടതിനും കല്ലുമ്മക്കായ ഇതേപോലെ പച്ചയ്ക്ക് തോട് പൊളിച്ചത് തന്നെ വേണം.  

ഇനി പുഴുങ്ങി തോട് പൊളിച്ചെടുത്ത കല്ലുമ്മക്കായ ആണെങ്കിൽ മുളകുപൊടിയും കായവും ഉപ്പും ചേർത്ത് വെളിച്ചെണ്ണയിൽ പാകം ചെയ്തെടുക്കുന്ന ഖൾഖളി എന്ന കറിക്കുമുണ്ട് ആരാധകർ. 

ഇന്ന്  പരിചയപ്പെടുത്തുന്നത് കല്ലുമ്മക്കായ കൊണ്ടുള്ള സഗ്ലെ എന്ന വിഭവമാണ്. പച്ചക്കറികൾ കൊണ്ടുമുണ്ടാക്കും സഗ്ലെ. ചോറിനൊപ്പം അരികിൽ വിളമ്പാവുന്ന ഒരു കറിയാണ് സഗ്ലെ. കല്ലുമ്മക്കായ പച്ചയ്ക്ക് തോട് പൊളിച്ചെടുത്തു വേണം ഇതുണ്ടാക്കാൻ.  എങ്കിലും എനിക്ക് കിട്ടിയത് പുഴുങ്ങി തോട് പൊളിച്ചെടുത്തത് ആയതിനാൽ ഇത്തവണ സഗ്ലെയിൽ ചെറിയൊരു ഒത്തുതീർപ്പിന് ഞാനും തയ്യാറായി. 

കല്ലുമ്മക്കായ കൊണ്ടുള്ള സഗ്ലെയുടെ പാചകരീതിയിലേക്ക് :

ചേരുവകൾ 

  • കല്ലുമ്മക്കായ -1/2 കിലോ
  • സവാള - 2 ഇടത്തരം
  • ഇഞ്ചി - ഒന്നരയിഞ്ച് വലുപ്പത്തിൽ 
  • തേങ്ങ - ഒന്നര കപ്പ്‌ 
  • മല്ലി - ഒരു ടേബിൾ സ്പൂൺ
  • വറ്റൽ മുളക് - 12 - 15 എണ്ണം 
  • വാളൻ പുളി -ഒരു ചെറുനെല്ലിക്ക വലുപ്പത്തിൽ 
  • വെളിച്ചെണ്ണ - 3-4 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 

കല്ലുമ്മക്കായ കഴുകി വൃത്തിയാക്കി വയ്ക്കുക. മല്ലിയും വറ്റൽ മുളകും അര ടീസ്പൂൺ വെളിച്ചെണ്ണയിൽ വറുത്തു വെയ്ക്കുക. ശേഷം, ഈ വറുത്ത കൂട്ടും തേങ്ങയും പുളിയും ചേർത്ത് അരക്കപ്പ് വെള്ളം ചേർത്ത് ഒരല്പം തരുതരുപ്പായി അരച്ചെടുക്കുക.

മൺചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്ക് ഇഞ്ചിയും സവാളയും ചേർത്ത് വഴറ്റുക. ഉപ്പും ചേർക്കാം. സവാള വാടി വരുമ്പോൾ അതിലേക്ക് കല്ലുമ്മേക്കായ ചേർക്കാം. ഇതിലേക്ക് ഉടൻതന്നെ അരപ്പും ചേർത്ത് നന്നായി യോജിപ്പിച്ച്, ഒരു കപ്പ്‌ വെള്ളവും ഒഴിച്ച് ഇളക്കി അടച്ചു വെച്ച് ചെറുതീയിൽ പാകം ചെയ്യുക.

അരപ്പ് കുറുകി ചാറ് ഏകദേശം വറ്റി വരുമ്പോൾ കറി അടുപ്പിൽ നിന്നും മാറ്റാം.  മീതെ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഇളക്കി യോജിപ്പിക്കാം. കല്ലുമ്മക്കായ സഗ്ലെ തയ്യാർ

Content Highlights: Learn to make delicious Kallummakaya Sagle, a Konkani specialty