ചെമ്മീന്‍ ഹിങ്കാ ഘശിയും സോയ്യേ പോളോയും കഴിച്ചാലോ ; എളുപ്പമാണ് ഈ കൊങ്കണി രുചി

#പ്രിയാ ആർ ഷെണോയ്
ചെമ്മീന്‍ ഹിങ്കാ ഘശിയും സോയ്യേ പോളോയും
ചെമ്മീന്‍ ഹിങ്കാ ഘശിയും സോയ്യേ പോളോയും

ചെമ്മീന്‍ രുചികള്‍ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മളൊക്കെയും. വറുത്തും പൊരിച്ചും തോരനായും മുളകിട്ടതായും തേങ്ങയരച്ച കറിയായുമൊക്കെ ചെമ്മീന്‍ നമ്മള്‍ നമ്മുടെ തീന്മേശകളില്‍ എത്തിക്കാറുണ്ട്. ഇത്തവണ കൊങ്കണി രീതിയിലായാലോ?

ഇത് ചെമ്മീന്‍ കൊണ്ടുള്ള കായം ചേര്‍ത്ത 'ഹിങ്കാ ഘശി'. അതേ, ഹീങ്ക് എന്നാ കായം ആണീ കൊങ്കണി രീതിയിലെ ചെമ്മീന്‍ തേങ്ങ അരച്ച കറിയിലെ പ്രധാന താരം. ഈ ഘശിയില്‍ പച്ചമാങ്ങയോ ഇലുമ്പന്‍ പുളിയോ ഒക്കെ ചേര്‍ക്കാറുമുണ്ട് . കൊങ്കണി പാചകത്തില്‍ കായത്തിനുള്ള സ്ഥാനം ഒന്നൂടെ ഊട്ടി ഉറപ്പിക്കുന്നു പഴമയുടെ ഈ രുചി.

ചോറിനൊപ്പം ആണ് എന്നും ചെമ്മീന്‍ ഘശി പ്രിയപ്പെട്ടതെങ്കിലും അത്ര തന്നെ പ്രചാരത്തിലുള്ള മറ്റൊരു കോമ്പിനേഷന്‍ ആണ് ' സൊയ്യേ പോളോ ' അല്ലെങ്കില്‍ നീര്‍ ദോശ എന്നാ വിഭവം. 

കര്‍ണാടകയിലും ഉത്തര കേരളത്തിലുമൊക്കെ ഏറെ പ്രചാരത്തിലുള്ള ദോശയാണ് നീര്‍ ദോശ. അധികം തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ വളരെ എളുപ്പത്തിലുണ്ടാക്കാം എന്നത് തന്നെയാണ് ഈ ദോശയുടെ ഗുണവും. രണ്ട് രുചികളും ഇന്ന് പരിചയപ്പെടുത്താം.

ചെമ്മീന്‍ 'ഹിങ്കാ ഘശി '

ചേരുവകള്‍

1.ചെമ്മീന്‍ -1 കിലോ 
2.തേങ്ങ -രണ്ടര കപ്പ് 
3.വറ്റല്‍മുളക് -12 - 15 
4.വാളന്‍ പുളി -ഒരു നെല്ലിക്ക വലിപ്പം.
5.കായം -ഒന്നര ടീസ്പൂണ്‍ 
6.ഉപ്പ് -പാകത്തിന്
7.വെളിച്ചെണ്ണ-  2-3 ടീസ്പൂണ്‍ 

തയ്യാറാക്കുന്ന രീതി

വറ്റല്‍ മുളക് അല്പം എണ്ണയില്‍ ചെറുതീയില്‍ ചുവക്കെ വറുക്കുക.തേങ്ങയും വറുത്ത മുളകും പുളിയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നല്ല മിനുസമായി അരച്ചെടുക്കുക.

ചെമ്മീന്‍ ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിയ്ക്കുക.തിളച്ചു വരുമ്പോള്‍ അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

നന്നായി തിളച്ചു വന്നു കറി പാകമാകുമ്പോള്‍ കായപ്പൊടി ചേര്‍ത്ത് ഇളക്കുക. കറി അടുപ്പില്‍ നിന്ന് മാറ്റി വെളിച്ചെണ്ണ മീതെ ഒഴിക്കുക. ചെമ്മീന്‍ ഘശി തയ്യാര്‍.

(ശ്രദ്ധിക്കുക : പച്ചമാങ്ങയോ ഇലുമ്പന്‍ പുളിയോ മറ്റോ ചേര്‍ക്കുന്നുണ്ടെങ്കില്‍ വാളന്‍ പുളി ഒഴിവാക്കവുന്നതാണ്. പകരം ഇവ കഷ്ണങ്ങളാക്കി ചെമ്മീനൊപ്പം തന്നേ ചേര്‍ക്കാവുന്നതാണ്)

സോയ്യേ പോളോ / നീര്‍ ദോശ 

ചേരുവകള്‍

1.പച്ചരി - 2 കപ്പ്
2.തേങ്ങാ - 1 കപ്പ്
3.വെള്ളം- 4 -5 കപ്പ് 
4.ഉപ്പ് -ആവശ്യത്തിന് 

തയ്യാറാക്കുന്ന രീതി

പച്ചരി കഴുകി രണ്ടു മുതല്‍ മൂന്ന് മണിക്കൂര്‍ വരെ കുതിര്‍ക്കുക. എന്നിട്ടു തേങ്ങാ ചേര്‍ത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.
ഇതിലേക്ക് ഉപ്പും വെള്ളവും ചേര്‍ക്കുക. വെള്ളത്തിന്റെ അളവാണ് നീര്‍ ദോശയുടെ ഗുണം നിശ്ചയിക്കുന്നത് .

നല്ല മൃദുലമുള്ള തൂവാല പോലെ മടക്കാന്‍ പറ്റുന്നതാകണം നീര്‍ ദോശ. അങ്ങനെയാണ് നീര്‍ ദോശ വിളമ്പേണ്ടത്.
മാവ് നല്ല നേര്‍പ്പിച്ച അയവില്‍ ആയിരിക്കണം. 

ഇനി ചൂടായ ദോശക്കല്ലില്‍ മാവൊഴിച്ചു ചുറ്റും പരത്തുക. ചുറ്റും എണ്ണയൊഴിച്ചു കുറഞ്ഞ തീയില്‍ മൊരിച്ചെടുക്കുക.
നീര്‍ ദോശ മറിച്ചിട്ടു ചുടാറില്ല. ത്രികോണാകൃതിയില്‍ മടക്കി വിളമ്പാവുന്നതാണ്.

Content Highlights: Konkani-Style Prawns & Neer Dosa Recipe