ചെമ്മീൻ കിട്ടിയാൽ ഇനിയൊരു കൊങ്കണി വിഭവം പരീക്ഷിച്ചാലോ; ‘സുങ്ങ്ട്ടാ ഉപ്കരി' തയ്യാറാക്കാം

KONKANI VASARI
#പ്രിയ ആർ ഷെണോയി
സുങ്ങ്ട്ടാ ഉപ്കരി
സുങ്ങ്ട്ടാ ഉപ്കരി

ചെമ്മീൻ വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. പൊടി ചെമ്മീൻ മുതൽ വലിയ കൊഞ്ചിന് വരെ ആസ്വാദകരുണ്ട്. ഓരോന്നിനും അതിന്റേതായ രുചികൂട്ടുകൾ കൂടി ചേരുമ്പോൾ ചെമ്മീൻ വിഭവങ്ങൾക്ക് മാറ്റു കൂടും.

കൊങ്കണി രുചിക്കൂട്ടുകളിലും ചെമ്മീൻ വിഭവങ്ങൾക്ക് ആരാധകർ ഏറെയാണ്. പലതും തലമുറകൾ കൈമാറി വന്ന രുചി വൈവിധ്യങ്ങൾ. തേങ്ങാ ചേർത്തും ചേർക്കാതേയും ഒഴിച്ച് കറിയായും തൊടു കറിയായുമൊക്കെ ചെമ്മീൻ രുചികളെ കൊങ്കണികൾ ഇഷ്ടപ്പെടുന്നു.

'സുങ്കട്ട് ' എന്നാണ് ചെമ്മീനിനെ കൊങ്കണിയിൽ വിളിക്കുന്നത്. നാളികേരവും വറുത്ത വറ്റൽമുളകും പുളിയും ചേർത്തരച്ച കൂട്ടിൽ ചെമ്മീൻ ഇട്ട് തിളപ്പിച്ച്‌ ഒടുക്കം കായവും വെളിച്ചെണ്ണയും ഒഴിച്ചെടുക്കുന്നതാണ് ‘സുങ്ടാ ഹിങ്കാ ഉദ്ദാ' എന്ന കറി. സവാള വറുത്തു മുളകിട്ടെടുക്കുന്ന മുളക് കറി മറ്റൊരു പ്രധാനി. 'സുങ്ടാ സുക്കെ ' എന്ന കറിയും രുചികരമാണ്.
ഇന്ന് പരിചയപ്പെടുത്തുന്ന 'സുങ്ങ്ട്ടാ ഉപ്കരി' എന്ന കറിയ്ക്ക് ചേരുവകൾ വളരെ കുറച്ച് മതി. എന്നാൽ രുചിയുടെ കാര്യം പറയുകയേ വേണ്ട. രണ്ടോ മൂന്നോ ദിവസം വരേ കഴിക്കാവുന്നതാണ്. വറ്റൽ മുളക് അരച്ച് ചേർക്കുന്നതാണ് ഇതിലേ ചാറ്. എങ്കിലും സുങ്ട്ട ഉപ്കരിയെ അതിന്റെ ഔന്നത്യത്തിൽ എത്തിക്കുന്നത് ഇതിലെ കായത്തിൻ്റെ രുചിയാണ്. ചെമ്മീനും കായവും അത്രയേറെ ചേർന്ന് പോകുന്ന കൂട്ടാണ് കൊങ്കണികൾക്ക്.

പാചകരീതിയിലേക്ക്:

ചേരുവകൾ

1.ചെമ്മീൻ ഒരു കിലോ
2.വറ്റൽ മുളക് 15 - 20
3.വാളൻപുളി– ചെറുനാരങ്ങാ വലുപ്പം
4.കായം / കായപ്പൊടി - ഒന്നര ടീസ്പൂൺ
5.വെളിച്ചെണ്ണ -3-4 ടീസ്പൂൺ
6.ഉപ്പ് ആവശ്യത്തന്

കഴുകി വൃത്തിയാക്കിയ ചെമ്മീൻ ഉപ്പ് ചേർത്ത് ഒന്നര കപ്പ്‌ വെള്ളമൊഴിച്ചു വേവിയ്ക്കുക. വറ്റൽമുളക് അല്പം എണ്ണയിൽ ചെറുതീയിൽ ചുവക്കെ വറുക്കുക.
വറുത്ത മുളകും പുളിയും അല്പം വെള്ളം ചേർത്ത് നന്നായി, തരി തീരെ ഇല്ലാതെ അരച്ചെടുക്കുക. പാതി വെന്ത ചെമ്മീനിലെക്ക് ഈ അരപ്പ് ചേർത്ത് നന്നായി തിളപ്പിക്കുക. കുറികിയ ചാറിലേക്ക് കായപ്പൊടി ചേർത്ത് തിള വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റുക.

മീതെ വെളിച്ചെണ്ണ ഒഴിയ്ക്കാം. സുങ്ട്ട ഉപ്കരി തയ്യാർ. അടുത്ത ദിവസത്തേക്ക് രുചി പിന്നെയും കൂടുന്നതാണ്.

Content Highlights: Discover Sunnta Upkari, a delicious Konkani prawn curry.