സദ്യയ്‌ക്കൊപ്പം രുചിയേറും' കൊച്‌ലാ നൊണ്‍ചെ ' തയ്യാറാക്കാം

സദ്യയില്‍ തൊട്ടുകൂട്ടാന്‍ 'ഒരിത്തിരി ' അച്ചാര്‍ വേണം എന്നാണ് വെപ്പെങ്കിലും, അച്ചാറില്ലാതെ എന്തൂണ് എന്നാണ് പൊതുവെ നമ്മളുടെ ഒരു രീതി. പണ്ട് കാലത്ത് ലഭ്യതയ്ക്കനുസരിച്ചു അതാത് സീസണുകളില്‍ മാങ്ങയും നാരങ്ങയും അമ്പഴങ്ങയും മറ്റും നേരത്തെ കാലത്ത് ഉപ്പിലിട്ടോ അച്ചാറുകളാക്കിയോ ഭരണികളിലാക്കി വെയ്ക്കും.
അടുക്കളയില്‍ ഇത്തരം ഭരണികളും കുപ്പികളും മറ്റും ഒരഴക് തന്നെയായിരുന്നു. ഇന്‍സ്റ്റന്റ് വിഭവങ്ങളുടെ ഇക്കാലത്തു അച്ചാറുണ്ടാക്കാന്‍ മെനക്കേടാതെ നമ്മള്‍ കടകളില്‍ നിന്നും വാങ്ങിയാണെങ്കിലും സദ്യക്ക് അച്ചാര്‍ വിളമ്പിയിരിക്കും. എന്നാല്‍ എളുപ്പത്തില്‍ തയ്യാറാക്കി, അന്ന് തന്നേ വിളമ്പാവുന്ന ഒരു കൊങ്കണി സ്‌റ്റൈല്‍ അച്ചാര്‍ പരിചയപ്പെടാം.
സദ്യക്ക് മാറ്റുകൂട്ടാന്‍ ' കൊച്‌ലാ നൊണ്‍ചെ ' തയ്യാറാക്കി നോക്കൂ. 'കൊച്ചോലൂ' എന്നാല്‍ കൊങ്കണിയില്‍ കൊത്തി അരിഞ്ഞത് എന്നര്‍ത്ഥം. നോണ്‍ചെ എന്നാല്‍ അച്ചാറെന്നും. മാങ്ങാ കൊണ്ടാണ് പൊതുവില്‍ കൊച്‌ലാ നോണ്‍ചെ തയ്യാറാക്കുക. തൊലി ചെത്താതെ പച്ചമാങ്ങാ കുനുകുനാ കൊത്തിയരിയും. രാവിലേ തയ്യാറാക്കിയാല്‍ ഈ ഇന്‍സ്റ്റന്റ് അച്ചാര്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കുള്ളില്‍ വിളമ്പാവുന്നതാണ്. വിശേഷ ദിവസങ്ങളിലെയും വിവാഹ സദ്യകള്‍ക്കും മറ്റും ഈ അച്ചാര്‍ ആണ് സാധാരണ കാണുക.
മാങ്ങയോടൊപ്പം പല പച്ചക്കറികള്‍ ചേര്‍ത്തും കൊച്‌ലാ നോണ്‍ചെ തയ്യാറാക്കും. പിഞ്ചു കോവയ്ക്ക, ക്യാരറ്റ്, കോളിഫ്‌ളവര്‍, നാരങ്ങ ഒക്കെ ഇതിനൊപ്പം ചേര്‍ക്കും. പച്ചക്കറികളുടെ വൈവിധ്യം കൊണ്ട് രുചിയും ഗുണവും പൊടിക്ക് കൂടുകയും ചെയ്യും. എന്നാല്‍ ഈ അച്ചാര്‍ അധിക കാലം സൂക്ഷിച്ചു വെയ്ക്കാന്‍ പറ്റില്ല.
പണ്ടൊക്കെ സദ്യകള്‍ക്ക് വിളമ്പി വരുമ്പോഴേക്കും തീരുന്ന അളവില്‍ മാത്രമേ ഈ അച്ചാര്‍ വീടുകളില്‍ ഉണ്ടാക്കാറുള്ളൂ. ഫ്രിഡ്ജ് ഒക്കെ ഉപയോഗത്തില്‍ വന്നതിനുശേഷം ഒന്നോ രണ്ടോ ആഴ്ചകള്‍ വരേ നമുക്കിത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു കഴിക്കാവുന്നതാണ്.
ചേരുവകള്‍
1.പച്ചമാങ്ങാ - 1 വലുത്
2.കാരറ്റ് - 1 ചെറുത്
3.കോളിഫ്ളവര്‍ - 1/4 കപ്പ്
4.കോവയ്ക്ക - 5- 6 എണ്ണം
5.ഇഞ്ചി - ഒന്നര ടീസ്പൂണ്‍
6.പച്ചമുളക് - 2- 3 എണ്ണം
7.വറ്റല്‍ മുളക് - 12- 15 എണ്ണം
8. പിരിയന്‍ മുളക് - 8- 10 എണ്ണം
9. കായം - 1 ടീസ്പൂണ്‍
10കടുക് - ഒന്നര ടീസ്പൂണ്‍
11.തിളപ്പിച്ചാറ്റിയ വെള്ളം - ആവശ്യത്തിന്
12.ഉപ്പ് - ആവശ്യത്തിന്
ഇനി കൊച്‌ലാ നോണ്‍ചെയുടെ പാചകരീതിയിലേക്ക്
വെള്ളം നന്നായി തിളപ്പിച്ച് ചൂടാറാന്‍ വെയ്ക്കുക. നല്ല പോലെ തണുത്തു വരണം.പച്ചക്കറികളെല്ലാം വളരെ വളരെ ചെറുതായി അരിഞ്ഞെടുക്കുക.
ഇഞ്ചി പൊടിയായും പച്ചമുളക് വട്ടത്തിലും അരിഞ്ഞു ചേര്‍ക്കുക.ഇതിലേക്ക് അല്പം ഉപ്പ് ചേര്‍ത്ത് അര മണിക്കൂറോളം വെയ്ക്കുക.
വറ്റല്‍ മുളകും പിരിയന്‍ മുളകും കായപ്പൊടിയും ചേര്‍ത്ത് നന്നായി മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ പൊടിക്കുക.പൊടിഞ്ഞു വന്നതിനു ശേഷം ആവശ്യത്തിന് വെള്ളവും കടുകും ചേര്‍ത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക .ഈ അരപ്പ് പച്ചക്കറികളില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
അച്ചാറിനു നിങ്ങള്‍ക്കാവശ്യമുള്ള ചാറിന് അനുസരിച്ചു വെള്ളം ചേര്‍ക്കുക.രണ്ട് - മൂന്നു മണിക്കൂറുകള്‍ക്കു ശേഷം കഴിക്കാവുന്നതാണ്.
അച്ചാറിനെടുത്ത മാങ്ങയ്ക്ക് പുളി അല്പം കുറവായതിനാല്‍ രണ്ട് ചെറുനാരങ്ങാ കൂടെ ഇത്തവണ അരിഞ്ഞു ചേര്‍ത്തായിരുന്നു.
ശ്രദ്ധിക്കുക
1.ഉപ്പ് ആദ്യമേ ചേര്‍ക്കുമ്പോള്‍ അല്പം ശ്രദ്ധിക്കുക. മാങ്ങയുടെ പുളിപ്പും ഗ്രേവിയുടെ എരിവുമൊക്കെ അല്പം കഴിഞ്ഞു മാത്രമേ നന്നായി യോജിച്ചു വരുകയുള്ളൂ.
അന്നേരം ഒന്നൂടെ സ്വാദു നോക്കി , ഉപ്പ് വേണമെങ്കില്‍ ചേര്‍ക്കാവുന്നതാണ്.
2.വറ്റല്‍ മുളകിന്‌ടെ അളവ് നിങ്ങളുടെ സ്വാദാനുസരണവും , മാങ്ങയുടെ പുളിപ്പിനും അനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
ഇതേ റെസിപ്പീയില്‍ പച്ചമാങ്ങയ്ക്ക് പകരം ഇലുമ്പന്‍ പുളിയും ചേര്‍ക്കാവുന്നതാണ്.
3.ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
Content Highlights: Kochla Nonche recipe