കശുവണ്ടിയിട്ട മീൻ കറി! തേങ്ങയുടെ വില കേട്ടപ്പോൾ ഓർമവന്ന അമ്മ രുചി

#രവീന്ദ്രൻ മൂവാറ്റുപുഴ
കശുവണ്ടി ചേർത്ത മീൻ കറി, ചേരുവകൾ
കശുവണ്ടി ചേർത്ത മീൻ കറി, ചേരുവകൾ

പണ്ട് കിഴക്കേ തൊടിയിൽ വടക്കോട്ട് ചാഞ്ഞു നിന്നിരുന്ന വലിയ ഒരു കശുമാവുണ്ടായിരുന്നു. മഞ്ഞ നിറമുള്ള, മധുരമുള്ള പഴങ്ങളും ഭംഗിയുള്ള ചെറു കശുവണ്ടികളും ഉണ്ടാകുന്ന ഒരു വയസൻ കശുമാവ്. മധ്യ വേനൽ അവധിയായാൽ കൂട്ടുകാർക്കൊപ്പം ഞങ്ങൾ മുളങ്കമ്പുകൾ കൊണ്ടും കവുങ്ങിന്റെ ഓല കൊണ്ടും മാടം കെട്ടി കളിച്ചിരുന്നത് ആ കശുമാവിൻ ചുവട്ടിലായിരുന്നു. പറമ്പിലെ കശുമാവുകളിൽ നിന്നും ശേഖരിക്കുന്ന കശുവണ്ടി പെറുക്കി കൂട്ടി ആഴ്ചയിൽ ഒരിക്കൽ ചന്തയിൽ കൊണ്ടുപോയി വിറ്റുകിട്ടുന്ന നാണയങ്ങളായിരുന്നു അക്കാലത്തെ വേനൽ ദിനങ്ങളിലെ കുടുംബ വരുമാനം.

കറിക്ക് അരയ്ക്കാൻ തേങ്ങയില്ലാത്ത ദിവസങ്ങളിൽ അമ്മ കശുമാവിൻ ചോട്ടിൽ നിന്നും പെറുക്കിയെടുക്കുന്ന കശുവണ്ടി ചുട്ട് തല്ലി പരിപ്പെടുത്ത് മുളകും മഞ്ഞളും ചേർത്ത് അമ്മിക്കല്ലിൽ അരച്ച് രുചികരമായ മീൻ കറി ഉണ്ടാക്കിത്താരാറുണ്ട്. തേങ്ങയുടെ വില കേട്ടു പേടിച്ചത് കൂടിയാണ് ഇന്ന് ആ അമ്മരുചി ഒന്നാവർത്തിക്കാനുള്ള മോഹം ജനിപ്പിച്ചത്. 

കശുവണ്ടി തൊടിയിൽ നിന്നും കിട്ടിയതല്ല, കടയിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങിയതാണ് എന്നതുകൊണ്ട് തന്നെ കശുവണ്ടിയുടെ അളവ് കുറച്ച് അതോടൊപ്പം കുറച്ച് നിലക്കടലയും പൊട്ടു കടലയും കൂടി ചേർത്തു. ഇടത്തരം വലുപ്പമുള്ള അര കിലോ ഏരി മീൻ കൂടി ആയപ്പോൾ സംഗതി കുശാൽ, സൂപ്പർ മീൻ കറി റെഡി.

ചേരുവകൾ: ( 4 പേർക്ക് )

ഇടത്തരം വലുപ്പമുള്ള ഏരി മീൻ - 4 എണ്ണം
മാങ്ങ - നീളത്തിൽ അരിഞ്ഞത് - രണ്ടു പൂള് (മാങ്ങയുടെ വലുപ്പവും പുളിയും അനുസരിച്ച്)
ഉപ്പ് ആവശ്യത്തിന്
കശുവണ്ടി - 8 എണ്ണം
നിലക്കടല - 1 ടേബിൾ സ്പൂൺ
പൊട്ടു കടല - 1 ടേബിൾ സ്പൂൺ
കടുക് - രണ്ടു നുള്ള്
ഉലുവ - ഒരു നുള്ള്
കറിവേപ്പില - 2 തണ്ട്
ചുവന്നുള്ളി - 6-7 എണ്ണം
ഇഞ്ചി - ഒരു ചെറു കഷണം
പച്ച മുളക് - 2 എണ്ണം
മുളക് പൊടി - 1 ടീ സ്പൂൺ
മഞ്ഞൾ പൊടി - അര ടീ സ്പൂൺ
വെളിച്ചെണ്ണ/ പാചക എണ്ണ - ആവശ്യത്തിന്

പാചക ക്രമം

1. മീൻ വെട്ടി കഴുകി വൃത്തിയാക്കിയെടുക്കുക. മാങ്ങ തൊലി ചെത്തി പൂളി നീളത്തിൽ അരിയുക - അവിയൽ കഷണം പോലെ. 
2. കശുവണ്ടിയും, നിലക്കടലയും, പൊട്ടു കടലയും (വെള്ളത്തിലിട്ട് രണ്ടു മണിക്കൂർ കുതിർത്തി) മിക്സിയിൽ ലേശം വെള്ളം കൂടി ചേർത്ത് നന്നായി അരയ്ക്കുക. 
3. ചട്ടിയിൽ എണ്ണ ഒഴിച്ച് മൂപ്പിച്ചതിൽ ഉലുവയും കടുകും കറിവേപ്പിലയും താളിച്ചതിലേക്ക് ആദ്യം പൊടിയായി അരിഞ്ഞ ചുവന്നുള്ളിയും പച്ച മുളകും, പിന്നീട് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് വഴറ്റിയതിലേക്ക് മുളക്, മഞ്ഞൾ പൊടികൾ കൂടി ചേർത്ത് മൂപ്പിച്ച ശേഷം ഒരു കപ്പ് വെള്ളം ഒഴിച്ച് തിള വരുമ്പോൾ മീനും മാങ്ങയും ഉപ്പും ചേർക്കാം. മീൻ വെന്തു കഴിഞ്ഞാൽ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് വാങ്ങാം

Content Highlights: how to make Kerala style fish curry with cashews