ഹോട്ടൽ രുചിയിൽ നിന്നൊരു മാറ്റം; ഉണക്കച്ചെമ്മീൻ അരച്ചുചേർത്ത തനി നാടൻ ശീമ ചേമ്പ് കറി

FLAVORS OF MEMORY
#രവീന്ദ്രൻ മുവാറ്റുപുഴ
ചേരുവകൾ, ചെമ്മീൻ അരച്ചു ചേർത്ത തനി നാടൻ ശീമ ചേമ്പ് കറി
ചേരുവകൾ, ചെമ്മീൻ അരച്ചു ചേർത്ത തനി നാടൻ ശീമ ചേമ്പ് കറി

കുംഭ മാസത്തിലെ (ഫെബ്രുവരി - മാർച്ച്) ആദ്യ മഴയോടെ നടുന്ന കാച്ചിൽ, ചേമ്പ്, ചേന, ചെറു കിഴങ്ങ്, മധുരക്കിഴങ്ങ് മുതലായ ഭക്ഷ്യയോഗ്യമായ കിഴങ്ങ് വർഗ്ഗങ്ങളെ പൊതുവെ ഞങ്ങൾ "നടുതല" എന്നാണ് വിളിച്ചിരുന്നത്. മൂപ്പെത്തി വിളവെടുക്കാറുള്ളത് ധനു മാസത്തിൽ (ഡിസംബർ-ജനുവരി) ആണെങ്കിൽ കൂടി പണ്ടത്തെ പഞ്ഞ കാലങ്ങളിൽ ഒക്ടോബർ-നവംബർ ആകുന്നത്തോടെ ചുവടു മാന്തി ഇളം കിഴങ്ങെടുത്ത് കറി വച്ചു തുടങ്ങാറുണ്ട്.

ദോശ കഴിക്കാൻ മടിയാണോ?; കുട്ടികൾക്കിഷ്ടപ്പെടുന്ന കൂട്ടു ദോശ തയ്യാറാക്കി നോക്കിയാലോ ?

കറി വയ്ക്കാൻ കഷണങ്ങൾ ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ തൊടിയിലെ ചെറു കിഴങ്ങ് കൂനയിൽ നിന്ന് 3-4 ചെറു കിഴങ്ങോ, ശീമ ചേമ്പിൽ ചുവട്ടിൽ നിന്ന് ഒരു ചേമ്പിൻ കണക്കോ അല്ലെങ്കിൽ മധുരക്കിഴങ്ങ് വാരത്തിൽ നിന്ന് രണ്ട് മധുര കിഴങ്ങോ മാന്തി എടുത്ത് ഉണക്ക ചെമ്മീൻ വറുത്തത് അരച്ചു ചേർത്ത് അമ്മ കറി ഉണ്ടാക്കാറുണ്ട്. ആ ഓർമ്മയിൽ ഇന്നൊരു തനി നാടൻ ശീമ ചേമ്പ് കറി ഉണ്ടാക്കിയത് ഇങ്ങനെയാണ്.

ചേരുവകൾ (നാലു പേർക്ക് വേണ്ട കറിക്ക്)

  1. ശീമ ചേമ്പ് - 1 കപ്പ് (തൊലി നീക്കം ചെയ്ത് ഇടത്തരം കഷണങ്ങളായി നുറുക്കി കഴുകിയത്)
  2. ഉണക്ക ചെമ്മീൻ - 1 ടേബിൾ സ്പൂൺ (എണ്ണ ചേർക്കാതെ വറുത്ത്‌ തലയും വാലും കളഞ്ഞ് കഴുകിയെടുത്തത്)
  3. തേങ്ങ ചുരണ്ടിയത് - അര കപ്പ്
  4. കാ‍ന്താരി മുളക് - വലുപ്പവും എരിവും അനുസരിച്ച് (തൊടിയിൽ നിന്ന് ഇന്ന് കിട്ടിയത് എരിവ് കുറവുള്ള ഇനം വെള്ള കാ‍ന്താരിയാകയാൽ 5 എണ്ണം )
  5. കുടംപുളി - 2 ചെറു കഷണം
  6. മഞ്ഞൾ പൊടി - അര ടീ സ്പൂൺ
  7. ചുവന്നുള്ളി - 5 (അരപ്പിനായി 3 എണ്ണം, കടുക് വറുക്കാൻ കനം കുറച്ച് അരിഞ്ഞത് 2 എണ്ണം)
  8. വറ്റൽ മുളക് - 2 എണ്ണം
  9. വെളുത്തുള്ളി - 2 അല്ലി
  10. ജീരകം - അര ടീ സ്പൂൺ
  11. വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
  12. കടുക്, ഉപ്പ്, വെള്ളം പാകത്തിന്

പാചക ക്രമം

1. ചട്ടിയിൽ ഉണക്ക ചെമ്മീൻ എണ്ണ ചേർക്കാതെ വറുത്ത്‌ തലയും വാലും കളഞ്ഞ് കഴുകിവയ്ക്കുക.

2. ചുരണ്ടിയ തേങ്ങയും ഉണക്ക ചെമ്മീനും മൂന്നു കഷണം ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകവും നന്നായി അരച്ച് അരപ്പ് തയ്യാറാക്കുക.

3. ഇടത്തരം കഷണങ്ങളായി മുറിച്ച ശീമ ചേമ്പ് ഉപ്പും രണ്ടായി കീറിയ കാ‍ന്താരി മുളകും മഞ്ഞൾ പൊടിയും ചേർത്ത് വെള്ളമൊഴിച്ച് വേവിക്കുക.

4. ചേമ്പ് വെന്തു വരുമ്പോൾ കുടം പുളി ചേർത്ത് ഒരു മിനിറ്റ് നന്നായി തിളപ്പിച്ച്, അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് തിളപ്പിച്ച് വാങ്ങാം.

5. ചട്ടിയിൽ വെളിച്ചെണ്ണ മൂപ്പിച്ച് അരിഞ്ഞ ഉള്ളിയും രണ്ടായി മുറിച്ച വറ്റൽ മുളകും കറിവേപ്പിലയും ഇട്ട് കടുക് താളിച്ച് ഒഴിക്കുക കൂടി ചെയ്‌താൽ പണി കഴിഞ്ഞു.

ഇതേ ചേരുവകൾ (വറുത്ത ഉണക്ക ചെമ്മീൻ അരച്ച്) ചേർത്ത് ചെറു ചേമ്പ് കൊണ്ടും, മധുര കിഴങ്ങു കൊണ്ടും ചെറു കിഴങ്ങ് കൊണ്ടും രുചികരമായ ഈ കറി ഉണ്ടാക്കാറുണ്ട്.

Content Highlights: Experience the true taste of Kerala with this traditional Seema Chembu curry