ഓരോ നാട്ടിലും ഓരോ ചേരുവകൾ,പാചകരീതി.. നാടിന്റെ സ്വന്തം 'വീട്ടു കറി'യായ പുളിങ്കറി

#രവീന്ദ്രൻ മൂവാറ്റുപുഴ
പുളങ്കിറയ്ക്ക് ആവശ്യമായ ചേരുവകൾ, പുളിങ്കറി
പുളങ്കിറയ്ക്ക് ആവശ്യമായ ചേരുവകൾ, പുളിങ്കറി

കൊയ്ത്തു കഴിഞ്ഞ പാടത്ത് തടമെടുത്ത് മത്തനും വെള്ളരിയും പാവലും പടവലവും നടാറുണ്ട്. വളർന്നു പടർന്നു കായ്ക്കാൻ പാവലത്തിനും പടവലത്തിനും പന്തൽ വേണം. എന്നാൽ വെള്ളരിയും മത്തനും കണ്ണിലൂടെ ഇഴഞ്ഞു വളർന്ന് കായ്ച്ചോളും എന്നതിനാലായിരിക്കണം, മകര കൊയ്ത്ത് കഴിയുന്ന മുറയ്ക്ക് തെക്കേ പാടത്ത് മുഴുവൻ വെള്ളരിയാണ് കൃഷി ചെയ്ത് കണ്ടിരുന്നത്.

കുട്ടിക്കാലത്ത് വരമ്പത്ത് കൂടി നടക്കുമ്പോൾ പാടത്ത് സ്വർണ്ണ നിറത്തിൽ കായ്‌ച്ചു കിടക്കുന്ന വെള്ളരിക്കകൾ കാണാൻ എന്ത് കൗതുകമായിരുന്നു. അക്കാലത്ത് പാടത്ത് പച്ചക്കറി നട്ടിരുന്നത് വിപണി ലക്ഷ്യമാക്കി ആയിരുന്നില്ല (വിൽക്കാൻ വേണ്ടി ആയിരുന്നില്ല). വീട്ടാവശ്യത്തിന് എടുക്കും. മിച്ചമുള്ളവ അയൽവാസികൾക്കും ബന്ധുക്കൾക്കും നൽകും. വർഷം തോറും താഴെ പാടത്ത് വെള്ളരിയും പാവലും നട്ടിരുന്ന കുട്ടപ്പൻ ചേട്ടൻ തരാറുള്ള മൂത്തു വിളഞ്ഞ വെള്ളരിക്കയും ചക്കക്കുരുവും വടക്കേ തൊടിയിലെ നാട്ടു മാവിന്റെ മാങ്ങയും കൊണ്ട് അമ്മ രുചികരമായ പുളിങ്കറി ഉണ്ടാക്കി തരാറുണ്ട്.

കേരളത്തിൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും പുളിങ്കറി എന്ന കറി കണ്ടിട്ടുണ്ട്. ഓരോ നാട്ടിലും ഓരോ തരം ചേരുവകൾ, വ്യത്യസ്ത പാചകരീതികൾ, വിവിധ രുചികൾ. സംഗതി ഇങ്ങനൊക്കെ ആണെങ്കിലും, ഇത്രമേൽ ജനകീയനാണെങ്കിലും കേരളത്തിലെ സദ്യ വിഭവങ്ങളിലോ, ഹോട്ടൽ മെനുവിലോ ഇതുവരെ പുളിങ്കറി കണ്ടതായി ഓർക്കുന്നില്ല. അതുകൊണ്ടുതന്നെ പുളിങ്കറിയെ നമ്മുടെ നാടിന്റെ സ്വന്തം "വീട്ടു കറി " എന്നു കൂടി വിളിക്കാമെന്ന് തോന്നുന്നു. അതെന്തായാലും അര നൂറ്റാണ്ട് മുൻപ് അമ്മ ഉണ്ടാക്കി തന്നിരുന്ന വെള്ളരിക്ക പുളിങ്കറി പോലൊന്ന് ഇന്നുണ്ടാക്കിയത് ഇങ്ങനെയാണ്.

ചേരുവകൾ (നാലു പേർക്ക്)

തൊലിയും കുരുവും കളഞ്ഞ് ഇടത്തരം കഷണങ്ങളാക്കി നുറുക്കിയ വെള്ളരിക്ക - 1 കപ്പ്
പുറം തൊലി കളഞ്ഞു ചുരണ്ടി രണ്ടായി മുറിച്ച ചക്കക്കുരു - അര കപ്പ്
ഇടത്തരം വലുപ്പമുള്ള നാട്ടു മാങ്ങ - 1 
പച്ച മുളക് - 4 എണ്ണം

തേങ്ങ ചുരണ്ടിയത് - 1 മുറി
ജീരകം - ഒരു നുള്ള്

മഞ്ഞൾ പൊടി - അര ടീ സ്പൂൺ

ചുവന്നുള്ളി - 8

വറ്റൽ മുളക് - 2

കറിവേപ്പില - 1 തണ്ട്

കടുക് - അര ടീ സ്പൂൺ

ഉലുവ - ഒരു നുള്ള്

ഉപ്പ് - 1 ടീ സ്പൂൺ

പാചകക്രമം
ഉപ്പും രണ്ടായി കീറിയ പച്ച മുളകും മഞ്ഞൾ പൊടിയുമിട്ട് നുറുക്കിയ ചക്കക്കുരു വേവിച്ച ശേഷം വെള്ളരിക്ക കഷണങ്ങളും മാങ്ങയും ചേർത്ത് വേവിച്ചതിലേക്ക് തേങ്ങയും ജീരകവും നാല് ചുവന്നുള്ളിയും ലേശം വെള്ളം ചേർത്ത് നന്നായി അരച്ച അരപ്പ് ചേർത്ത് കഷണങ്ങൾ ഉടയാതെ ഇളക്കി യോജിപ്പിച്ച് വാങ്ങുക.

ചീന ചട്ടിയിൽ എണ്ണ തിളപ്പിച്ച് കടുകും ഉലുവയും പൊട്ടിച്ച്, ബാക്കിയുള്ള ഉള്ളി വട്ടത്തിൽ അരിഞ്ഞതും രണ്ടായി മുറിച്ച വറ്റൽ മുളകും കറിവേപ്പിലയും താളിച്ച് ചേർക്കുക കൂടി ചെയ്‌താൽ രുചികരമായ പുളിങ്കറി തയ്യാർ

Content Highlights: Learn to make authentic Kerala Pulin Kari, a delicious cucumber curry with jackfruit seeds and mango