ചക്കക്കുരു-മാങ്ങാക്കറി മടുത്ത് പ്രാക്കും നേർച്ചയും ആകുമ്പോ അമ്മ വല്ലപ്പോഴും ചേർക്കുന്ന ഉണക്ക അയല..

#രവീന്ദ്രൻ മൂവാറ്റുപുഴ
ചക്കക്കുരുവും മാങ്ങയും ഇട്ട ഉണക്ക അയല കറി
ചക്കക്കുരുവും മാങ്ങയും ഇട്ട ഉണക്ക അയല കറി

നാടുനീളെ പച്ചക്കറി കടകളോ, ദിവസേന പച്ചക്കറി വാങ്ങുന്ന ശീലമോ ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ അമ്മമാർ കറിക്കുള്ള ചേരുവകൾ കണ്ടെത്തിയിരുന്നത് തൊടിയിൽ നിന്നാണ്. ചേമ്പും ചേനയും കാച്ചിലും ചെറു കിഴങ്ങും കപ്പയും പോലുള്ള കിഴങ്ങുകൾ അല്ലെങ്കിൽ ചക്കയും മാങ്ങയും മത്തങ്ങയും കുമ്പളങ്ങയും പീച്ചിങ്ങയും പപ്പായയും പോലുള്ള ഫലങ്ങൾ അല്ലെങ്കിൽ ചീരയും താളും തകരയും മുരിങ്ങയിലയും മത്തയിലയും പോലുള്ള ഇലക്കറികൾ.

പഴയകാല കാർഷിക കേരളത്തിന്റെ ഭക്ഷണ ശീലത്തെ കുറിച്ച് പണ്ട് അമ്മ പാടി കേട്ടിരുന്നത് ഇങ്ങനെയാണ്. 

"ചേമ്പും ചേനേം മുമ്മാസം  
ചക്കേം മാങ്ങേം മുമ്മാസം  
താളും തകരേം മുമ്മാസം
അങ്ങനെയിങ്ങനെ മുമ്മാസം."

ഇന്നത്തേത് പോലെ വിവിധ പോഷകങ്ങൾ അടങ്ങിയ പച്ചക്കറികൾ തെരഞ്ഞെടുക്കാനുള്ള സാഹചര്യമോ സമ്പത്തോ ഉണ്ടായിരുന്നില്ലെങ്കിൽ കൂടി, രാസവളങ്ങളുടെയോ കള/കീടനാശിനികളുടേയോ സഹായമില്ലാതെ തൊടിയിൽ വളർന്ന പച്ചക്കറികൾ കൊണ്ട് അമ്മ സ്നേഹം ചാലിച്ച് ഉണ്ടാക്കി തന്നിരുന്ന ചെലവു കുറഞ്ഞ അന്നത്തെ കറികൾക്ക് തന്നെയായിരുന്നു രുചിയും ഗുണവും കൂടുതൽ എന്നു തോന്നുന്നു.

ചക്ക/മാങ്ങ സീസണായാൽ കറികൾ എല്ലാം തന്നെ ചക്ക/മാങ്ങ മയമായിരിക്കും. അക്കാലത്ത് ഏറ്റവും കൂടുതൽ ആവർത്തിക്കുന്ന ഒഴിച്ചു കറിയായ ചക്കക്കുരു-മാങ്ങാക്കറി മടുത്ത് പ്രാക്കും നേർച്ചയും ആകുമ്പോഴാണ് അമ്മ വല്ലപ്പോഴും അതിൽ ഒരു ഉണക്ക അയല കൂടി ചേർക്കുക. 

എക്കാലത്തും ഈയുള്ളവന് ഏറ്റവും പ്രിയപ്പെട്ട ഒഴിച്ചു കറികളിൽ ഒന്നായ ചക്കക്കുരുവും മാങ്ങയും ഇട്ട ഉണക്ക അയല കറിയാണ് ഇന്നത്തെ സ്പെഷ്യൽ. അമ്മിക്കല്ലിൽ തേങ്ങയും വറ്റൽ മുളകും മഞ്ഞളും വെണ്ണ പോലെ അരച്ച അരപ്പ് ചേർത്ത് അമ്മ ഉണ്ടാക്കാറുള്ളത് പോലുള്ള അതിരുചികരമായ ഒരു കറി. 

ഇന്നത്തെ ഈ കറി വച്ചത് ഇങ്ങനെയാണ്

ചേരുവകൾ (മൂന്നു പേർക്കുള്ള കറിക്ക്)

ഉണക്ക അയല - 1 (കഴുകി വൃത്തിയാക്കി മൂന്നായി മുറിച്ചത്)
മാങ്ങ - 1 ( നല്ല പുളിയുള്ളതാണെങ്കിൽ  1/2)
ചക്കക്കുരു - 8
തേങ്ങ -1 മുറി
മുളക്, മഞ്ഞൾ, ഉപ്പ് പൊടികൾ - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

നീളത്തിൽ നുറുക്കി വേവിച്ച ചക്കക്കുരുവിലേക്ക് ചാറിനാവശ്യമായ വെള്ളം ചേർത്ത് തിളപ്പിച്ചതിൽ തേങ്ങയും മുളക് പൊടിയും മഞ്ഞൾ പൊടിയും നന്നായി അരച്ചുണ്ടാക്കിയ അരപ്പും കഴുകി നുറുക്കിയ മീനും മാങ്ങയും ചേർത്ത് വേവിച്ച് പച്ച വെളിച്ചെണ്ണ തൂവി ചുറ്റിച്ചു വാങ്ങിയത്. 

Content Highlights: nostalgic Kerala recipe: Jackfruit, mango, and dried fish curry