കുട്ടികള്‍ക്ക് നാലുമണിക്ക് കൊടുക്കാന്‍ രുചിയൂറും ഗോളിബജ്ജെ

#പ്രിയാ ആർ ഷെണോയ്
photo|goli baje
photo|goli baje

സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്കു വൈകിട്ട് കഴിക്കാനും അപ്രതീക്ഷിതമായി എത്തുന്ന അതിഥികളെ സത്ക്കരിക്കാനും മറ്റുമായി സ്‌പെഷ്യല്‍  പലഹാരങ്ങള്‍  നമ്മള്‍ ഉണ്ടാക്കാറുണ്ട്. കാലേക്കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ അധികം വേണ്ടാത്ത ബജികളും പൊരികളും ഒക്കെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. നാലു മണി പലഹാരങ്ങള്‍ എന്ന് അവയെ നമ്മള്‍ സ്‌നേഹത്തോടെ വിളിക്കും. ഈ കൂട്ടത്തില്‍ പെടുത്താവുന്ന അതീവ രുചികരമായ വിഭവമാണ് 'ഗോളിബജ്ജെ '.

കൊങ്കണികളും ദക്ഷിണ കര്‍ണാടകയിലെ ആളുകളും ഏറെ ഇഷ്ടപ്പെടുന്ന ബജ്ജി പോലുള്ള ഈ പലഹാരം, കേരളത്തില്‍ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടുമൊക്കെയുള്ള ഹോട്ടലുകളിലുമൊക്കെ ലഭ്യമാണ്. ഈ ബജികളുടെ ചെറിയ ഉരുണ്ട ആകൃതി കാരണമായിരിക്കണം ഇവയ്ക്ക് 'ഗോള്‍ ബജ്ജെ' എന്നാ പേര് വീണതും. മൈദയാണ് പ്രധാന ചേരുവ.

ഗോളിബജ്ജെയുടെ കൂട്ട് ചേര്‍ത്ത മാവ് തയ്യാറാക്കി മുക്കാല്‍ മണിക്കൂറിനുള്ളില്‍ നമുക്കിവ ഉണ്ടാക്കാം. കൊങ്കണികള്‍ ഇവയെ ഏറെ ഇഷ്ടപ്പെടുന്നു. വിശേഷ ദിവസങ്ങളിലെ മറ്റും ചായ സത്ക്കാരങ്ങളില്‍ ഗോളിബജ്ജെയും  ഉപ്പുമാവുമൊക്കെ വിളമ്പുന്ന പതിവുമുണ്ട്. ശകലം എരിവും ഇത്തിരി മധുരവും നേരിയ പുളിയും ഒക്കെ ചേര്‍ന്ന ഗോളിബജ്ജെ ഒരു മനോഹര അനുഭവം ആയിരിക്കും എന്ന് നിസ്സംശയം പറയാം. 

ചേരുവകള്‍ 

1. മൈദ - 2 കപ്പ് 
2. കടലമാവ് - 1/2 കപ്പ് 
3. തൈര് - 1/2 കപ്പ് 
4. സോഡാപ്പൊടി -  1/2 ടീസ്പൂണ്‍ 
5. മുളകുപൊടി - 2 ടീസ്പൂണ്‍ 
6. ജീരകം - 1 ടീസ്പൂണ്‍ 
7. കറിവേപ്പില - 2 തണ്ട്
8. പച്ചമുളക് ചെറുതായി അരിഞ്ഞത് - 2-3 എണ്ണം 
9. ഉപ്പ് - ആവശ്യത്തിന് 
10. കായം -1/2  ടീസ്പൂണ്‍ 
11. പഞ്ചസാര - 4-5  ടീസ്പൂണ്‍ 
12.വെള്ളം - ആവശ്യത്തിന് 
13. എണ്ണ  - വറുക്കാന്‍ 

പാചകരീതിയിലേക്ക്;

ഒന്നു മുതല്‍ 11 വരെയുള്ള എല്ലാ ചേരുവകളും ഒരുമിച്ചു യോജിപ്പിക്കണം.ഇതിലേക്ക് വെള്ളം അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് മാവ് തയ്യാറാക്കുക.മാവിന്റെ അയവു കൂടുതല്‍ കട്ടിയാവാനും ഏറെ നേര്‍ത്തു പോവാനും പാടില്ല.ഉഴുന്ന് വടയുടെ മാവിന്റെ അയവ് പോലെ മതിയാകും. 

മിക്‌സ് ചെയ്ത മാവ് മുക്കാല്‍ മണിക്കൂറെങ്കിലും അടച്ചുവെയ്ക്കുക .ഇതിനുശേഷം അല്‍പാല്പം മാവ് കൈയിലെടുത്ത് കുഞ്ഞു കുഞ്ഞു ഉരുളകള്‍ പോലെ  ചൂടായ എണ്ണയിലേക്ക് പതുക്കെ തള്ളിയിട്ടു വറുത്തു കോരാം . എണ്ണയിലിട്ട ഉടനെ തീ ഒരല്പം കുറച്ചു പാകത്തിന് വറുത്തെടുക്കുക. തങ്ങാ ചമ്മന്തി കൂട്ടി ഇവ കഴിക്കാവുന്നതാണ്.

Content Highlights: Goli Baje recipe ,bajji, manglore bajji,food,komkani food,evening snacks