കയ്പ്പും പുളിയും ചേര്‍ന്നൊരു വിഭവം; പാവയ്ക്ക-അമ്പഴങ്ങ ഘശി

രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്നവരെ ഒരുമിപ്പിച്ചാല്‍ എന്താവും അവസ്ഥ? എന്തായാലും രുചി കൂട്ടുകളുടെ കാര്യത്തില്‍ ഇത്തരത്തില്‍ വിരുദ്ധ ചേരികളില്‍ ഉള്ളവരെ ഒരുമിപ്പിച്ചാല്‍ രുചിയുടെ മാമാങ്കം ആയിരിക്കും. എങ്ങനെയാണെന്നല്ലേ? ദാ ഇതുപോലെ നല്ല കയ്പ്പന്‍ പാവയ്ക്കയും, നല്ല പുളിയുള്ള അമ്പഴങ്ങയും ചേര്‍ത്തുള്ള ഈ കറി ആ ഗണത്തില്‍ പെടുന്നതാണ്.
ഇത് കൊങ്കണി പാചകത്തിലെ മറ്റൊരു മാണിക്യം. പാവയ്ക്ക അമ്പഴങ്ങ 'ഘശി '. കയ്പ്പും പുളിയും എരിവും മധുരവും അങ്ങനെ എല്ലാ രുചികളുടെയും ഒരു സ്വാദിഷ്ടമായ സംഗമം.
ഇത്തവണ അത്ര വിളയാത്ത പുളിയന്‍ അമ്പഴങ്ങ ആയിരുന്നു കിട്ടിയത്. വിളഞ്ഞ മധുര അമ്പഴങ്ങ ആയിരുന്നെങ്കില്‍ രുചി ഒരു പടി മുന്നില്‍ നില്‍ക്കും. ഇനി മാമ്പഴ കാലമാണെങ്കില്‍ അമ്പഴങ്ങയ്ക്ക് പകരം പഴുത്ത മാങ്ങയും ചേര്‍ക്കും.
ചേരുവകള്‍
1.പാവയ്ക്ക - 1 വലുത്
2.അമ്പഴങ്ങ - 5-6 എണ്ണം
3.ശര്‍ക്കര - 1/2 കപ്പ്
4.തേങ്ങാ - 3/4 കപ്പ്
5.വറ്റല്‍ മുളക്- 10-12 എണ്ണം
6.ഉഴുന്ന്- ഒന്നര ടീസ്പൂണ്‍
7.കടുക് - ഒരു ടീസ്പൂണ്‍
8.കറിവേപ്പില - 2 കതിര്‍പ്പ്
9.ഉലുവ- 3/4 ടീസ്പൂണ്‍
10.ഉപ്പ്- ആവശ്യത്തിന്
11.വെളിച്ചെണ്ണ- 2-3 ടീസ്പൂണ്‍
ഉണ്ടായ്ക്കുന്ന വിധം
പാവയ്ക്ക ചെറുതായി അരിഞ്ഞു ശകലം ഉപ്പ് പുരട്ടി ഇരുപത് മിനിറ്റുകള്‍ എങ്കിലും വെയ്ക്കുക. ശേഷം നന്നായി പിഴിഞ്ഞ് കയ്പ്പ് നീര് കളഞ്ഞു എടുക്കുക. അമ്പഴങ്ങയുടെ പുറം തൊലി അല്പം ചീകി എടുക്കുക. ഒരു ഇടികല്ല് കൊണ്ടോ മറ്റോ അല്പമൊന്ന് ചതച്ചു പൊട്ടിച്ചെടുക്കുക.
പിഴിഞ്ഞെടുത്ത പാവയ്ക്കയും അമ്പഴങ്ങയും ഒരു കപ്പ് വെള്ളമൊഴിച്ചു തിളപ്പിക്കുക. ഇതിലേക്ക് ഉപ്പും ശര്‍ക്കരയും കൂടെ ചേര്‍ക്കുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഉഴുന്നും വറ്റല്‍ മുളകും ചേര്‍ത്ത് ചെറുതീയില്‍ ചുവക്കെ വറുത്തെടുക്കുക. തേങ്ങയും വറുത്ത ഈ ചേരുവകളും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
പാവയ്ക്കയും അമ്പഴങ്ങയും വെന്തു വരുമ്പോള്‍ അരപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ചാറ് പാകത്തിന് കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
ഇനി ഒരു ചെറുപാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും കറിവേപ്പിലയും കൂടെ മൂപ്പിച്ച് താളിപ്പ് തയ്യാറാക്കുക. ഇത് കറിയിലേക്ക് താളിക്കുക.
പാവയ്ക്ക അമ്പഴങ്ങ ഘശി തയ്യാര്‍.
ശ്രദ്ധിക്കുക :
1.മധുര അമ്പഴങ്ങ ഇനത്തില്‍ പെട്ട അമ്പഴങ്ങ ആണെങ്കില്‍, നന്നായി വിളഞ്ഞു പഴുത്ത അമ്പഴങ്ങ ആണിതിന് ഉത്തമം. അങ്ങനെയെങ്കില്‍ കറിയില്‍ ചേര്‍ക്കുന്ന ശര്‍ക്കരയുടെ അളവില്‍ നിങ്ങളുടെ രുചിക്കനുസരിച്ചു മാറ്റം വരുത്താം. അതുപോലെ, തേങ്ങയുടെ കൂടെ ഒരു ചെറു കഷ്ണം വാളന്‍പുളി കൂടെ ചേര്‍ത്ത് അരയ്‌ക്കേണ്ടതാണ്.
2.ഇതേ രുചിക്കൂട്ട് വെച്ച് അമ്പഴങ്ങയ്ക്ക് പകരം നല്ല പഴുത്ത മാമ്പഴവും ചേര്‍ക്കാവുന്നതാണ്.
Content Highlights: gashi konkani food recipe