നാടൻ ചേമ്പ് തളാസിനി; എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കൊങ്കണി വിഭവം

നല്ല എരിവും പുളിയുമുള്ള കറികൾക്ക് ഊണിനൊപ്പം സ്വീകാര്യത ഒരല്പം കൂടും. കൂട്ടിനൊരല്പം മോരുകറിയോ പരിപ്പോ മറ്റോ മതിയാകും. ഇത്തരം കറികൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് ഇന്നത്തെ രുചിക്കൂട്ട്.
‘തളാസിനി’ എന്ന ഈ കൊങ്കണി വിഭാഗത്തിൽ പ്രധാനി വെളുത്തുള്ളിയാണ്. ചാറധികമില്ലാതെ എന്നാൽ ഒരൽപ്പം കുറുകി ഇരിക്കുന്ന ഇവയിൽ എരിവും മുന്നിട്ട് നിൽക്കും. പുളിയ്ക്കായി ഇലുമ്പൻ പുളിയോ, പച്ചമാങ്ങയോ അമ്പഴങ്ങയോ നക്ഷത്രപ്പുളിയോ അങ്ങനെ ഏതു വേണമെങ്കിലും ചേർക്കാം. എരിവിനായി ചിലതിൽ വറ്റൽ മുളക് താളിച്ചും ചിലതിൽ മുളകുപൊടി ചേർത്തും കൊങ്കണികൾ തളാസിനിയുണ്ടാക്കും. അതാത് പച്ചക്കറിയ്ക്ക് അനുസരിച്ചാകും അവലംബിക്കുന്ന രീതി.
കോവയ്ക്ക, പാവയ്ക്ക, താളില, ബീൻസ്, ചേമ്പ്, പച്ചക്കായ പോലുള്ളവയെ കൊണ്ടൊക്കെ തളാസിനിയുണ്ടാക്കും. ചോറിനൊപ്പം അതീവ രുചികരമാണീ കറി.
ഇന്ന് പരിചയപ്പെടുത്തുന്നത് 'മൺഡ്യാ തളാസിനി' അല്ലെങ്കിൽ ചേമ്പ് കൊണ്ടുള്ള തളാസിനിയാണ്. മൺഡേ എന്നാൽ ചേമ്പിനുള്ള കൊങ്കണിയിലെ വിളിപ്പേര്. ചേമ്പ് പെട്ടെന്ന് പാകമാകുന്നതു കൊണ്ട് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന വിഭവമാണിത്. ഇക്കുറി നല്ല പുളിയുള്ള അമ്പഴങ്ങ ചേർത്തുള്ള ചേമ്പ് തളാസിനിയാണ്.
പാചകരീതിയിലേക്ക് :
ചേരുവകൾ :
1.ചേമ്പ് - അര കിലോ
2.അമ്പഴങ്ങ - 3 എണ്ണം
3.വെളുത്തുള്ളി
-10-12 അല്ലികൾ
4.കാശ്മീരി മുളക് പൊടി- 3- 4 ടീസ്പൂൺ
5.കടുക് - 1 ടീസ്പൂൺ
6.വെളിച്ചെണ്ണ- 3 ടീസ്പൂൺ
7.ഉപ്പ് ആവശ്യത്തിന്
- ചേമ്പ് ചെറു കഷ്ണങ്ങളാക്കുക.
- അമ്പഴങ്ങ കഴുകി തൊലി ഒരല്പം ചീന്തി എടുക്കുക.
- അധികം വിളഞ്ഞ അമ്പഴങ്ങ ആണെങ്കിൽ ചതച്ചും, വിളയാത്ത ആണെങ്കിൽ നാല് കഷ്ണങ്ങളുമാക്കുക.
- ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് താളിക്കുക.
- ശേഷം തൊലി കളഞ്ഞ വെളുത്തുള്ളി അല്ലികൾ മുഴുവനോടെ ചേർത്ത് ചെറുതീയിൽ ചുവക്കെ വറുക്കുക.
- വെളുത്തുള്ളി വറുത്ത് വരുമ്പോൾ, പാൻ അടുപ്പിൽ നിന്നും മാറ്റി മുളകുപൊടി ചേർക്കുക. മുളകുപൊടി കരിഞ്ഞു പോകാതിരിക്കാൻ ആണിങ്ങനെ ചെയ്യുന്നത്.
- ഉടനെ തന്നെ ഇതിലേക്ക് ചേമ്പും അമ്പഴങ്ങയും ചേർത്ത് ചെറുതീയിൽ വഴറ്റുക.
- ഉപ്പു ചേർത്ത് ചേമ്പ് വെന്തുവരാനുള്ള പാകത്തിൽ ഒന്നര മുതൽ രണ്ട് കപ്പ് വരെ വെള്ളമൊഴിക്കുക.
- തിള വരുമ്പോൾ തീ കുറച്ച് അടച്ചുവെച്ച് പാകം ചെയ്യുക.
- ചേമ്പ് നന്നായി വെന്തു, ചാറു കുറുകി വരുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. മൺഡ്യാ തളാസിനി തയ്യാർ.
ശ്രദ്ധിക്കുക :
1.അമ്പഴങ്ങ ഇല്ലെങ്കിൽ തത്തുല്യമായ അളവിൽ പച്ചമാങ്ങയോ ഇലുമ്പൻ പുളിയോ ചേർക്കാവുന്നതാണ്.
2. ചെറു ചേമ്പോ പാൽ ചേമ്പോ ഏതു വേണമെങ്കിലും ഇഷ്ടാനുസരണം എടുക്കാവുന്നതാണ്.
Content Highlights: minimalist recipe that requires very few ingredients and can be prepared quickly for a hearty lunch.