ഊണ് കുശാലാക്കാന്‍ കടച്ചക്ക കൊണ്ടുള്ള ' അല്ലെ - പിയാവ ഘശി ' ഉണ്ടാക്കാം

#പ്രിയാ ആർ ഷെണോയ്
photo|alle piyava ghashi
photo|alle piyava ghashi

ച്ചയൂണിന് മാറ്റ് കൂട്ടാന്‍ ഒഴിച്ചു കറികള്‍ നിര്‍ബന്ധമുള്ളവരാണ് നമ്മളില്‍ പലരും. എന്നും സാമ്പാറും മോരുകറിയും രസവും മീന്‍കറിയുമൊക്കെയാവുമ്പോ മടുക്കുന്നതും സാധാരണം. അപ്പോഴാണ് നമ്മള്‍ മറന്നു പോയ പല രുചികള്‍ തേടി ഓര്‍മകളിലേക്ക് കൂപ്പു കുത്തുക. അന്നേരം നാവിന്‍ തുമ്പത്തു ചില രുചികള്‍ തത്തിക്കളിക്കും. അത്തരം ഒരോര്‍മയില്‍ നിന്നും ചീന്തിയെടുത്ത ഒരു വിഭവമാണ് ഇവിടെ പങ്കുവെക്കുന്നത്.

 'അല്ലെ - പിയാവാ ഘശി' ! ഇങ്ങനെ നീട്ടിയാണ് ഈ കറിക്ക് കൊങ്കണികള്‍ പറയാറുള്ളത്. കാരണം, ഘശി എന്ന കറി വേറെയുമുണ്ട്. എന്നാല്‍ അതിലൊന്നും ആദ്യം പറഞ്ഞ രണ്ട് സാധനങ്ങള്‍ ചേര്‍ക്കില്ല. എന്താണെന്നല്ലേ? 'അല്ലെ' എന്നാല്‍ ഇഞ്ചി, 'പിയാവു' എന്നാല്‍ സവാള. അത്രേള്ളൂ കാര്യം. സാധാരണ ഘശി എന്ന കറിയില്‍  ഇഞ്ചിയോ സവാളയോ ചേര്‍ക്കാറില്ല. അതുകൊണ്ട് തന്നേ ഈ രീതിയില്‍ ഉണ്ടാക്കുമ്പോള്‍ സ്വാഭാവികമായും ഇവ എടുത്തു പറയേണ്ടി വരുന്നു. 

ഈ രീതിയിലെ ഘശി സാധാരണ പീച്ചിങ്ങ, വെണ്ടയ്ക്ക, വെള്ളരിക്ക, അമരപ്പയര്‍ തുടങ്ങിയവ കൊണ്ടൊക്കെയുണ്ടാക്കാം. ഏത് പച്ചക്കറിയാണോ ഉപയോഗിച്ചത് അതിന്റെ തനത് രുചിക്കനുസരിച്ചു ഘശിയുടെ മണവും രുചിയും മാറും. അയല, മുള്ളന്‍, പരവ, നെയ്മീന്‍ പോലുള്ള മീനുകള്‍ കൊണ്ടും ഇതേ കറിയുണ്ടാക്കാറുണ്ട്. 

ഇന്ന് പരിചയപ്പെടുത്തുന്നത് കടച്ചക്ക കൊണ്ടുള്ള ' അല്ലെ - പിയാവ ഘശി ' ആണ്. കടച്ചക്ക കാലത്ത് തീര്‍ച്ചയായും അന്നൊക്കെ വീടുകളില്‍ ഉണ്ടാക്കുമായിരുന്ന ഒഴിച്ച് കറി. കടച്ചക്ക ആയതു കൊണ്ട് തന്നേ എളുപ്പത്തില്‍ പാകം ചെയ്യാനും പറ്റും. എളുപ്പത്തില്‍  കറി തയ്യാറായി വരും.

ചേരുവകള്‍ 

1.കടച്ചക്ക / ശീമച്ചക്ക - ഒന്ന് ചെറുത് 
2.ഇഞ്ചി   - ഒരിഞ്ച് നീളത്തില്‍
3.സവാള - ഒന്ന് വലുത് 
4.തേങ്ങാ - ഒന്നര കപ്പ് 
5.വറ്റല്‍ മുളക്- 10 - 12 എണ്ണം
6.വാളന്‍ പുളി - ഒരു നെല്ലിക്ക  വലുപ്പത്തില്‍
7.വെളിച്ചെണ്ണ- 2-3 ടീസ്പൂണ്‍ 
8.ഉപ്പ്   - ആവശ്യത്തിന് 


പാചകരീതിയിലേക്ക്  

കടച്ചക്ക കഷ്ണങ്ങള്‍ പൊടിയായി അരിഞ്ഞ ഇഞ്ചിയും സവാളയും ചേര്‍ത്ത് ആവശ്യത്തിനു വെള്ളമൊഴിച്ചു ഉപ്പ് ചേര്‍ത്ത് പാകം ചെയ്യുക.അതേസമയം വറ്റല്‍ മുളക് അര ടീസ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അതില്‍ ചെറുതീയില്‍ ചുവക്കേ വറുത്ത് എടുക്കുക 

തേങ്ങയും വറ്റല്‍ മുളകും പുളിയും ഒരുമിച്ചു നന്നായി അരച്ചെടുക്കുക.വന്ത കടച്ചക്ക കൂട്ടില്‍ അരപ്പ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ചാറുകറിക്ക് പാകമായ പരുവത്തില്‍ കുറുകി പാകമായി വരുമ്പോള്‍ ഘശി അടുപ്പില്‍ നിന്നും മാറ്റുക.

മീതെ പച്ച വെളിച്ചെണ്ണ ചേര്‍ക്കാം.കടച്ചക്ക കൊണ്ടുള്ള ' അല്ലെ -പിയാവ ഘശി ' തയ്യാര്‍ 

(ശ്രദ്ധിക്കുക :കടച്ചക്കയ്ക്ക് പകരം മേലെ പറഞ്ഞ ഏതു പച്ചക്കറി കൊണ്ടും ഈ കറിയുണ്ടാക്കാം.)


 

Content Highlights: konkani food alle piyava ghashi recipe