‘അടിവസ്ത്രം മാത്രം ധരിച്ച് സെല്ലിനകത്ത് കഴിയുമ്പോഴും ആ കൈത്തോക്ക് അയാൾ രഹസ്യമായി ഒളിപ്പിച്ചിരുന്നു!’

പറഞ്ഞുപറഞ്ഞ് കാട് കയറിപ്പോയോ എന്നൊരു സംശയം. സത്യത്തിൽ ഇവിടെ പറയാനുദ്ദേശിച്ചത് മറയൂരിലെ പറമ്പുകളിൽ നിൽക്കുന്ന താരതമ്യേന ഇടത്തരം പൊക്കത്തിൽ വളരുന്ന ചന്ദനമരങ്ങളുടെ തുഞ്ചത്ത് കെട്ടിയ കയറുകൾ വശങ്ങളിൽ നിൽക്കുന്ന മറ്റ് വൃക്ഷങ്ങളിൽ കെട്ടുകയും അരയിൽ ചുറ്റിനും ഉറപ്പിച്ചിരിക്കുന്ന ബെൽറ്റ് വാളുകൾ കൊണ്ട് മിനിട്ടുകൾക്കുള്ളിൽ ചന്ദനമരം മുറിക്കുകയുമാണ് സ്ഥിരം മോഷ്ടാക്കളുടെ പതിവ് എന്നതാണ്! അതുകൊണ്ട് തന്നെ മോഷണത്തിനിടയിൽ വലിയ ശബ്ദം ഉണ്ടാവുകയോ ആൾക്കാരുടെ ശ്രദ്ധയിൽപ്പെടുകയോ ചെയ്യില്ല. തായ്ത്തടി മുറിഞ്ഞ് വേർപെട്ടാലും മരം താഴെ വീഴാതെ മറ്റ് വൃക്ഷങ്ങളിൽ ബന്ധിക്കപ്പെട്ട് തൂങ്ങി നിൽക്കുകയും ചെയ്യും. അതിനെ കട്ടകളാക്കി മുറിച്ച് ചുമന്ന് സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റിയ ശേഷമാണ് മിക്കവാറും കാതൽ മാത്രമാക്കി ചെത്തി മിനുക്കുക. പിന്നീടത് അനായാസം ചുമന്ന് കൊണ്ടുപോകാനോ കടത്തിക്കൊണ്ട് പോകാനോ സാധിക്കും എന്നൊരു മെച്ചമുണ്ട്. പിറ്റേന്ന് കാലത്ത് വീട്ടുടമസ്ഥർ കാണുന്നതു ചന്ദനമരത്തിന്റെ തലപ്പുകൾ മാത്രം സമീപത്തെ വൃക്ഷങ്ങളിൽ തൂങ്ങിയാടുന്നതാവും!
വീട്ടുകാർ അകലെയുള്ള ഏതെങ്കിലും സ്ഥലങ്ങളിൽ യാത്ര പോയിരിക്കുന്ന രാത്രികളിലാണ് സാധാരണയായി ഇത്തരത്തിൽ മോഷണം പതിവായി നടക്കുന്നത്. നിവൃത്തിയില്ലാതെ വരുമ്പോൾ ചന്ദനമുള്ള പല പറമ്പുകളുടേയും ഉടമസ്ഥർ കള്ളക്കടത്തുകാരിൽനിന്ന് മുൻകൂർ കാശ് കൈപ്പറ്റിയതിന് ശേഷം തങ്ങൾ ബന്ധുവീടുകളിലോ മറ്റോ പോകുന്ന രാത്രികളിൽ മരങ്ങൾ മുറിച്ച് കടത്താനുള്ള അനുവാദം നൽകുകയും ചെയ്തിരുന്നുവെന്നത് അന്നൊക്കെ പുറത്തറിയാത്ത ഒരു യാഥാർത്ഥ്യമായിരുന്നു. കാരണം തുച്ഛമായ കാശെങ്കിലും കിട്ടുന്ന പക്ഷം അത്രയെങ്കിലും ആയല്ലോ. വളർന്ന് മുറ്റിയ ചന്ദനത്തിന്റെ ശേഖരണം സർക്കാരുകളും വനംവകുപ്പും സമയബന്ധിതമായി നടത്താത്തതും ഇനിയത് മുറിച്ചെടുത്താൽക്കൂടി അത് ചെത്തി മിനുക്കി വരുന്ന ലേലത്തിൽ വിറ്റഴിച്ച് അർഹമായ തുക ഉടമസ്ഥർക്ക് നൽകുന്നതിൽ വന്നിരുന്ന കാലവിളംബവുമാണ് ഉടമകളെ ഇത്തരത്തിൽ അറ്റകൈ പ്രയോഗത്തിന് പ്രേരിപ്പിച്ചിരുന്നത്. അല്ലെങ്കിൽ അവരറിയാതെ പറമ്പിൽ നിൽക്കുന്ന ചന്ദനം മോഷണം പോകാനുള്ള സാധ്യത ഏറെയും!
Content Highlights: An experienced forest official recounts the primitive yet tactical 'decoying' methods used by the department to trap notorious sandalwood smugglers in the dense, misty terrains of Marayoor and Chinnar.