നാല് വർഷ ബിരുദത്തെ കേരളം ഭയക്കേണ്ടതുണ്ടോ?

ദേശീയ വിദ്യാഭ്യായ നയം 2020-ന്റെ ഭാഗമായുള്ള നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം ഈ വര്‍ഷം തന്നെ കേരളത്തില്‍ ആരംഭിക്കണോ എന്നത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. അതിനൊടുവില്‍, അടുത്ത അധ്യയനവര്‍ഷം മുതല്‍ ആരംഭിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഉടന്‍ നടപ്പാക്കുന്നതില്‍ കേരളത്തിലെ ഭൂരിപക്ഷം യൂണിവേഴ്‌സിറ്റികളും ബുദ്ധിമുട്ടറിയിക്കുകയും ചര്‍ച്ചകള്‍ കൂടാതെ തിരക്കിട്ട് നടപ്പാക്കുന്നതില്‍ അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ താല്‍പര്യക്കുറവ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇത്തരമൊരു തീരുമാനം എടുത്തത്. നിലവില്‍ മൂന്നു വര്‍ഷം ദൈർഘ്യമുള്ള ബിരുദ കോഴ്‌സ് നാലു വര്‍ഷമാക്കുമ്പോള്‍ എന്താണ് സംഭവിക്കുക? എന്താണ് അതുകൊണ്ട് ലക്ഷ്യംവെക്കുന്നത്? ഗുണദോഷവശങ്ങള്‍ എന്തൊക്കെ? തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കിടയിലും പൊതുസമൂഹത്തിലും വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തില്‍ തിടുക്കപ്പെട്ട് നടപ്പാക്കില്ല എന്ന തീരുമാനം സ്വാഗതാര്‍ഹമാണ്.
ഉന്നതവിദ്യാഭ്യാസ മേഖലയെ അടിമുടി പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ നാലു വര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്‌സ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ഥികളെ ഗവേഷണ രംഗത്തേക്ക് ആകര്‍ഷിക്കുക, തൊഴില്‍ നൈപുണി നല്‍കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങള്‍ ഇതിനുണ്ട്. എന്നാല്‍, വ്യത്യസ്ത അക്കാദമിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒരേ വിധത്തില്‍ ഇത് നടപ്പാക്കാനാകില്ല. ഓരോ സംസ്ഥാനങ്ങളും അവരവരുടെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ക്കനുസരിച്ച് കരിക്കുലത്തെയും കോഴ്‌സ് ഘടനയെയും പുനഃക്രമീകരിച്ചാണ് ഇത് നടപ്പാക്കുന്നത്. കേരളവും അത്തരത്തില്‍ത്തന്നെയാകും നടപ്പാക്കുക. അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കി തുടങ്ങുമെന്നാണ് ഉന്നതവിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചിരിക്കുന്നത്.
Content Highlights: four-year undergraduate programme: possibilities and problems