മക്കളുടെ ധൂർത്ത ജീവിതം, മാതാപിതാക്കളുടെ ക്രൂര കൊലപാതകം സിനിമയെ വെല്ലുന്ന തിരക്കഥയും അന്വേഷണവും

1989 ഓഗസ്റ്റ് 20, കാലിഫോർണിയയിലെ ബെവേളി ഹിൽസിലെ എമർജൻസി നമ്പറിലേക്ക് ഒരു കോൾ വന്നു. മറുതലയ്ക്കൽ ഒരു യുവാവിന്റെ ഭയാനകമായ കരച്ചിൽ. ലെയ്ൽ മെൻഡസ് എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു: 'രക്ഷിക്കൂ, ആരോ ഞങ്ങളുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയിരിക്കുന്നു.' ബെവേളി ഹിൽസിലെ പ്രമുഖ വ്യവസായി ഹൊസേ മെൻഡസിന്റെ വീട്ടിൽ നിന്നായിരുന്നു കോൾ. വിളിച്ചത് മക്കളിലൊരാൾ. സമയമൊട്ടും കളയാതെ പോലീസും പാരാ മെഡിക്കൽ സംഘവും എത്തിയപ്പോൾ അലറിക്കരഞ്ഞ് വീടിന് പുറത്തേക്കിറങ്ങിയ ലൈലിനെയും ഹൊസേ മെൻഡസിനെയും മറ്റൊരു മകനായ എറിക്കിനെയുമാണ് കണ്ടത്. വീടിനകത്ത് പ്രവേശിച്ചപ്പോൾ അതിഭീകരമായ കാഴ്ചയാണ് പോലീസിനെ വരവേറ്റത്. ടിവി മുറിയിൽ ശരീരം മുഴുവൻ വെടിയേറ്റ് പരിക്കേറ്റ ഹൊസേ മെൻഡസും ഭാര്യ കിറ്റി മെൻഡസും. മുറിയാകെ രക്തം, തല മരവിക്കുന്ന രൂക്ഷഗന്ധം. തലയോട്ടി തകർന്ന് നിലത്ത് തലച്ചോറ് ചിതറിക്കിടക്കുന്നു. കയ്യിലും കഴുത്തിലും കാലിലുമെല്ലാം വെടിയേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോൾ ലൈലും എറിക്കും വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് പറഞ്ഞത്. സിനിമ കാണാൻ പോയതായിരുന്നു ഇരുവരും. നഗരത്തിലെ വൻകിട വ്യവസായിയായ ഹൊസേ മെൻഡസിന് ഒട്ടേറെ ബിസിനസ് എതിരാളികളുണ്ട്. ക്രൈം സീനിന്റെ അവസ്ഥ കണ്ടാൽ ഒരു മാഫിയാ ആക്രമണം പോലെയാണ് പോലീസിന് തോന്നിയത്. ഈ ഒരു സൂചനയിലാണ് അന്വേഷണം ആരംഭിച്ചത്.
മാതാപിതാക്കളുടെ മരണശേഷം ജീവിതം തിരിച്ചുപിടിക്കുന്ന എറിക്കിനെയും ലെയ്‌ലിനെയുമാണ് പൊതുസമൂഹം പിന്നീട് കാണുന്നത്. ലയലിന് 21 വയസ്സാണ് പ്രായം. എറിക്കിന് 18 ഉം. ചെറുപ്രായത്തിൽ ഒരു വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നതിനാൽ ഇരുവരുടെയും മാനസികാവസ്ഥയിൽ എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. പിതാവിന്റെ ബിസിനസിന്റെ ചുമതല ഏറ്റെടുക്കുന്നതിൽ ഇരുവരും താൽപര്യം കാണിച്ചു. പ്രത്യേകിച്ച് ലയൽ.
Content Highlights: Double Murder, jose menendez, kitty, Investigation, Mendez Brothers, Toxic Parenting